“God is omnipotent and good” എന്നാണു പൊതുവെ എല്ലാരും
പറയുന്ന അഭിപ്രായം. അങ്ങനെ ഒറ്റ ഉത്തരത്തിൽ
തീരുന്നതാണോ അത് എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം അല്പം വിശദമായി തന്നെ പരിശോധിക്കേണ്ടതാണ്
എന്ന് എനിക്ക് തോന്നുന്നു. ലോകത്തെ എല്ലാ മതങ്ങളെയും ആത്മീയവും ഭൗതികവുമായ അന്വേഷണങ്ങളെയും ഒന്ന് വിശദമായി പരിശോധിച്ചാൽ അത്
പ്രധാനമായി രണ്ടു വഴികളായി തിരിയുന്നത് കാണാം.
ഒന്ന് ഈ ലോകെത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ഒരു
ദൈവത്തിലുള്ള വിശ്വാസം. ആ ദൈവത്തിനു ഒരു വ്യക്തിത്ത്വം ഉണ്ട്. ആ വ്യക്ത്തിയാവട്ടെ,
നേരത്തെ പറഞ്ഞതുപോലെ ‘സർവജ്ഞനും സർവ വ്യാപിയുമാണ്’.
മരണ ശേഷം എല്ലാ മനുഷ്യരും എത്തിച്ചേരുന്നത് അദ്ദേഹത്തിൻറെ ലോകത്തിലാണ്. ആ ലോകമാവട്ടെ സർവ സുഖങ്ങളുടെയും ഉറവിടമാണുതാനും. (അതിന്റെ നേരെ എതിരായ നരകവും
ഉണ്ട്). അബ്രഹാമിക് മതങ്ങൾ (യഹൂദ, കൃസ്ത്യൻ, മുസ്‌ലിം) പൊതുവെ വച്ച് പുലർത്തുന്ന ഒരു
ആശയമാണിത്. അത് ദൈവം ഉണ്ട് എന്ന ഒരു വിശ്വാസത്തിൽ ഊന്നിയുള്ളതാണ്. ആചാരാനുഷ്ട്ടാന്തങ്ങളിൽ ഊന്നിയുള്ള മറ്റു മതങ്ങളും,
അതായത് ചില ഹിന്ദു വിഭാഗങ്ങൾ, സൊരാഷ്ട്രീയൻ, പാഴ്സി, സിക്ക്, ചൈനീസ് വിഭാഗങ്ങൾ എല്ലാം
സാരാംശത്തിൽ ഇത്തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ നിലനിൽക്കുന്നവയാണ്.
രണ്ടാമത്തെ വഴിയാവട്ടെ, ഞാൻ ആര്, ഈ
പ്രപഞ്ചം എന്ത്, എന്റെ ആത്യന്തിക ലക്‌ഷ്യം എന്ത് എന്നിങ്ങളെയുള്ള അന്വേഷണങ്ങളിൽ
തുടങ്ങി, നാം കാണുന്ന ഈ പ്രപഞ്ചത്തിനു അതീതമായ ഒരു യാഥാർഥ്യം നിലനിൽക്കുന്നു
(Transcendental reality) എന്ന് വാദിക്കുന്ന വിഭാഗമാണ്, ഭാരതത്തിലെ സാംഖ്യം,
വേദാന്തം തുടങ്ങിയ ഷഡ് ദർശനങ്ങളും, ബുദ്ധ, ജൈന സിദ്ധാന്തങ്ങളും ഈ വഴിക്കുള്ളതാണ്.
സാംഖ്യത്തിൽ പ്രകൃതി-പുരുഷ ദ്വന്ദങ്ങളാണെങ്കിൽ ബുദ്ധ-ജൈന സിദ്ധാന്തങ്ങളിൽ അത്
നിര്വാണമോ, ശൂന്യമോ ഒക്കെയാണ്.
വേദാന്തത്തിലാവട്ടെ 'യാഥാർഥ്യം'
എന്നത് ബ്രഹ്മം എന്ന അമൂർത്ത (abstract) സങ്കൽപ്പമാണ്. ആ ബ്രഹ്മം ഈ സർവ പ്രപഞ്ചത്തെയും
ഉൾക്കൊള്ളുന്നു. 'ഈശാവാസ്യമിദം സർവം യത് കിഞ്ച ജഗത്യാം ജഗത്ത്', ഈ കാണുന്ന സർവ
ജഗത്തും ഈശ്വരനാണ്. ശങ്കരന്റെ, നമ്മിൽ പലരു തെറ്റായി ധരിച്ചിരിക്കുന്ന, 'ബ്രഹ്മ സത്യം
ജഗത് മിഥ്യ' എന്ന പ്രയോഗം; ജഗത്ത് മിഥ്യ എന്നുള്ളതിനെ 'ഇല്ലാത്തത്' എന്നാണു
നാമൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. വേദാന്തത്തിൽ മിഥ്യ എന്ന് പറഞ്ഞാൽ കടം കൊണ്ട
നിലനിൽപ്പ് (Borrowed existence) എന്നാണു അർദ്ധം. അതായത് വേദാന്തത്തിന്റെ
അഭിപ്രായത്തിൽ ബ്രഹ്മത്തിനു മാത്രമേ സഹജമായ നിലനിൽപ്പുള്ളൂ (Intrinsic)
ബാക്കിയുള്ളതെല്ലാം കടംകൊണ്ട നിലനിൽപ്പുകളാണ്. കടലിലെ തിരമാലകൾ പോലെ, യഥാർത്ഥത്തിൽ
അത് ജലം മാത്രമാണ്, പക്ഷെ അതിനു തിരമാലയായി ഒരു തുടക്കവും ഒടുക്കവും ഉണ്ട്.
തുടക്കത്തിന് മുൻപ് അത് ജലം ആയിരുന്നു, അത് തിരമാലയായിരിക്കുമ്പോഴും ജലം
മാത്രമാണ്, അതിന്റെ ഒടുക്കത്തിന് ശേഷവും അത് ജലം മാത്രമായിരിക്കും.
എന്താണ് ബ്രഹ്മം? തൈത്തരീയ ഉപനിഷത്തിൽ
ബ്രഹ്മാനന്ദവല്ലി, ഇത് വളരെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പക്ഷെ ഇവിടെ ഇപ്പോൾ
അത് പ്രസക്ത്തമല്ല.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും
പതിനെട്ടാം നൂറ്റാണ്ടിന്റെ ഏതാണ്ട് മദ്ധ്യംവരെയും യൂറോപ്പിലും പിന്നീട് വടക്കേ
അമേരിക്കയിലും മനുഷ്യചിന്തയിൽ വലിയൊരു വിപ്ലവം സൃഷ്ട്ടിച്ചു ഒരു കൊടുങ്കാറ്റു പോലെ
കടന്നു പോയ ഒന്നാണ് ജ്ഞാനോദയം (Enlightenment) എന്ന് അറിയപ്പെടുന്ന ചിന്താപദ്ധതി.
രാഷ്ട്രീയം, തത്വശാസ്ത്രം, സയൻസ്, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഒരു പൊളിച്ചെഴുത്ത് തന്നെ
നടന്നു ഇക്കാലത്തു.
എണ്ണമില്ലാത്ത ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ,
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, പുതിയ നിയമങ്ങൾ, യുദ്ധം, വിപ്ലവം എല്ലാം ഇതിന്റെ
ഉല്പന്നമായി ഉണ്ടായി. ഫ്രഞ്ച് വിപ്ലവവും, അമേരിക്കൻ വിപ്ലവവും ഇതിന്റെ നേരിട്ടുള്ള
ഉൽപ്പന്നങ്ങളാണ്. ഈ രണ്ടും
ജ്ഞാനോദയത്തിന്റെ ഉച്ചകോടിയും , അതിന്റെ ഒടുക്കത്തിന്റെ തുടക്കവുമായി
കണക്കാക്കാം.
ജ്ഞാനോദയത്തെ
നിര്വചിക്കുവാനുള്ള ഗൌരവകരമായ ഒരു നീക്കം ആദ്യം ഉണ്ടായത് ഇമ്മാനവൽ കന്റിൽ നിന്നാണെന്ന്
തോന്നുന്നു. 1784-ഇൽ എഴുതിയ “എന്താണ് ജ്ഞാനോദയം” (What is Enlightenment?) എന്ന ലേഖനത്തിൽ,
സ്വയം നിര്മിത അപക്വതയില്നിന്നുള്ള മനുഷ്യന്റെ മോചനമാണ് ജ്ഞാനോദയം (Enlightenment
is man's release from his self-incurred immaturity) എന്ന് അദ്ദേഹം പറയുകയുണ്ടായി. അപക്വത സ്വയം നിര്മിതമാകുന്നത്
അറിവിന്റെ പരിമിതി കൊണ്ടായിരിക്കണമെന്നില്ല, മറിച്ചു മറ്റൊന്നിന്റെ സഹായമില്ലാതെ അതു
ഉപയോഗികാനുള്ള അധൈര്യം മൂലമാണ്. അതുകൊണ്ട്
“Sapere Aude!” (Have courage to use your own understanding") എന്നതാണ് ജ്ഞാനോദയത്തിന്റെ ആപ്തവാക്യം എന്നും അദ്ദേഹം പറഞ്ഞുവെക്കുകയുണ്ടായി.
ഒരാളുടെ പൊതുജീവിതതിലാണ് ഈ സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് അല്ലാതെ വ്യക്തി ജീവിതത്തിലല്ല
എന്നും അദ്ദേഹം അര്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.
ലെബെനിറ്റ്ശ്,
മോണ്ടെസ്കു, കൊണ്ടില്ലക് തുടങ്ങിയവർ, ചില അടിസ്ഥാന പ്രശ്നങ്ങളുടെ തലനാരിഴ കീറുകയാണ്
ചെയ്തത്. നമുക്ക് എന്ത് അറിയാം? പ്രക്രുത്യാതിതത്തെ അല്ല, പ്രകൃതിയെ, എങ്ങനെയാണ് നാം
അറിയുന്നത്; യുക്തികൊണ്ട്, അല്ലാതെ വെളിപാടുകൊണ്ടല്ല, എന്നിങ്ങനെ.
പക്ഷെ
എന്താണ് യുക്തി? യുക്തിയെന്നത് ഏതോ കാലാതീതമായ ന്യായവാദമൊ, കാലാതീത മീമാംസയോ ഒന്നുമല്ല
മറിച്ചു ഇന്ദ്രിയ സംവേദനങ്ങളുടെ ആകെ തുകയാണെന്നു ഈ ചിന്തകർ വാദിച്ചു. അങ്ങനെ, യുക്തിവാദം
(Rationalism) എന്നത് പരിജ്ഞാനവാദം (Emperisism) അല്ലാതെ മറ്റൊന്നല്ല എന്ന് വന്നു.
അങ്ങനെ പരിജ്ഞാനത്തിന്റെ താക്കോൽ മനസ്സും തലച്ചോറിന്റെ പ്രവര്ത്തനവും മാത്രമാണെന്ന്
വന്നു.
മാര്ക്സിനെ
സംബന്ധിച്ചേടത്തോളം, കാന്റ് പറയുന്ന സ്വാത്രന്ത്ര്യം ചില ഉത്പാദന രീതികളുടെ (Mode
of Production) പരിണതഫലമാണ്. മുതലാളിത്വ ഉത്പാദനക്രമത്തിൽ ഓരോ തൊഴിലാളിയും തന്റെ തന്നെ
മനുഷ്യാസ്തിത്വത്തിന്റെ സാരാംശയതയിൽനിന്നും
അന്യവൽക്കരിക്കപ്പെടുന്നു. അതുകൊണ്ട് തൊഴിലാളികള്ക്ക് ജ്ഞാനോദയത്തിലൂടെയുള്ള വെറും രാഷ്ട്രീയ സ്വാതന്ത്യം
അല്ല, മറിച്ചു ഒരു വിപ്ലവത്തിലൂടെയുള്ള യഥാര്ഥ സ്വാതന്ത്ര്യം ആണ്, വെറും ആശയ സ്വാതന്ത്ര്യത്തെക്കാൾ
ഭൌതിക സ്വാതന്ത്ര്യമാണ് വേണ്ടത്.
Foucault, Habermas, Carl Becker
തുടങ്ങിയ പല ആധുനിക ചിന്തകരും ഇതെപ്പറ്റി ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. ഇതിൽ ബെക്കർ
ജ്ഞാനോദയചിന്തയുടെ ചരിത്രവും ലക്ഷ്യവുമാണ്
കൂടുതൽ ചര്ച്ച ചെയ്യ്തത്. പതിനെട്ടാം നൂറ്റാണ്ടിൽ ഉയര്ന്നുവന്ന ചിന്താവിപ്ലവത്തിന്റെ
ലക്‌ഷ്യം അന്ധവിശ്വാസത്തിന്റെയും അഴിമതിയുടെയും വിളനിലമായിരുന്ന കത്തോലിക്കാസഭയും അതിന്റെ ഭരണകൂടങ്ങളെയും ഇടിച്ചു
നിരത്തി, സമൂഹത്തെയും വ്യക്തിയെയും പ്രകൃതിയുടെ
സ്വാഭാവിക നിയമങ്ങൾക്കനുസരിച്ച് രൂപപ്പെടുതുകയായിരുന്നെന്നു അദ്ദേഹം വാദിച്ചു. അതായത്
"St. Augustin-ന്റെ നാശോന്മോഖമായ ‘City of God’- ന്റെ സ്ഥാനത്തു, സ്വർഗീയമായ,
തങ്ങളുടെതന്നെ ഒരു നഗരം സൃഷ്ട്ടിക്കലാണ് നടന്നതെന്ന്" അദ്ദേഹം വാദിച്ചു. ഈ പുതിയ നഗരത്തിൽ, 'കിരീടധാരിയായ യേശുവിനും വിശ്ധര്ക്കും
പകരം മഹത്വവൽക്കരിക്കപ്പെട്ട യുക്തിയും ജ്ഞാനോദയപാരമ്പര്യത്തിന്റെ പരിശുദ്ധമായ വിധിവാക്യങ്ങളുടെ
പ്രതിഷ്ട്ടയുമാണ്' നടന്നത്.
ജ്ഞാനോദയം
ആത്യന്തികമായി, പത്തൊൻപതാം നൂറ്റാണ്ടിന്റെ കാല്പനികതക്ക് (Romantism) വഴിമാറി.
അതേപ്പറ്റി
പിന്നീട്.