Friday, 27 December 2019

ഫാന്റം ലിംസ്



ഫാന്റം ലിംബ്സ് എന്ന് നമ്മളിൽ പലരും കേട്ടിരിക്കും. ഇല്ലാത്ത അവയവങ്ങൾ (ഉദ്ദാഹരണം മുറിച്ചു മാറ്റപ്പെട്ട കാല്, കയ്യ് തുടങ്ങിയവ) ഉണ്ടെന്നു തോന്നുകയും അവക്ക് വേദന പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നതാണ് ഇത്.  ഫാന്റം പെയിൻ, മിറർ തെറാപ്പി എന്നുകൂടി കേട്ടിട്ടുള്ളവർ തീർച്ചയായും പ്രൊഫസർ വി എസ രാമചന്ദ്രൻ എന്ന വിളയന്നൂർ സുബ്രമണ്യം രാമചന്ദ്രനെ കേൾക്കാതിരിക്കാൻ ഇടയില്ല. ഇദ്ദേഹം കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ബ്രെയിൻ ആൻഡ് കോഗ്നിഷൻ -ന്റെ ഡിറക്ടറും ഡിപ്പാർട്മെന്റ് ഓഫ് നൂറോ സയൻസിലെ ഡിസ്റ്റിംഗ്ഷഡ് പ്രൊഫെസ്സറൂമാണ്.  

എന്താണ് ഫാന്റം ലിംസ്‌ എന്ന് അറിയണമെങ്കിൽ നമ്മുടെ മോട്ടോർ സിസ്റ്റത്തെപ്പറ്റി  അൽപ്പം അറിയണം.

നാം എല്ലാവരും കണ്ണടച്ച് വെറുതെ ഇരിക്കുമ്പോഴും നമുക്ക് നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും എവിടെയാണെന്നും അതെങ്ങനെ ചലിക്കുന്നതെന്നും വ്യക്ത്തമായി അറിയാമല്ലോ. അതിനെയാണ് 'ബോഡി ഇമേജ്' എന്ന് വിളിക്കുന്നത്. ഈ ഇമേജ് നിരന്തരമായി സൃഷ്ടിക്കുകയും സ്ഥലകാലത്തിൽ നിലനിർത്തുകയും ചെയ്യുന്നത്, തലച്ചോറിലെ 'Parietal lobs' എന്ന കേന്ദ്രമാണ്. നിരന്തരമായി, നമ്മുടെ മസിൽസ്, സന്ധികൾ, കണ്ണ്, കമാൻഡ് കേന്ദ്രങ്ങൾ എന്നിവയിൽ നിന്നും സൂചനകൾ സ്വീകരിച്ചുകൊണ്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത്.
   
ഞാൻ എന്റെ കാൽ അനക്കാൻ തീരുമാനിച്ചു എന്നിരിക്കട്ടെ. സംഭവങ്ങളുടെ സീക്വെൻസീസ് ആരംഭിക്കുന്നത് മോട്ടോർ കോർട്ടെക്‌സ്   എന്ന് കേന്ദ്രത്തിൽ നിന്നാണ്. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ട്, പ്രൈമറി മോട്ടോർ കോർട്ടെക്‌സ്, സപ്പ്ളിമെന്ററി മോട്ടോർ കോർട്ടെക്‌സ്. സപ്പ്ളിമെന്ററി മോട്ടോർ കോർടെക്സ് ആണ് സങ്കീർണമായ എല്ലാ ചലനങ്ങളുടെയും നിയന്ത്രണം. ഇവിടെനിന്നും ഒരു നിർദ്ദേശം കൊടുക്കുമ്പോൾ അതിന്റെ ഒരു കോപ്പി തലച്ചോറിലെ cerebellum, parietal lob എന്നീ കേന്ദ്രങ്ങളിലേക്കും കൂടി അയക്കുന്നു. ഇവിടെയാണ് നിർദ്ദേശം കൃത്യമായി നടപ്പാക്കിയോ ഇല്ലയോ എന്നുള്ള കണക്കുകൂട്ടലുകളും മറ്റും നടക്കുന്നത്. ഈ കണക്കുകൂട്ടലുകൾക്കു വേണ്ടി, നിർദേശം    നടപ്പാക്കിക്കഴിഞ്ഞാൽ ഉടനെ മസിലുകളും, സന്ധികളും എല്ലാം സൂചനങ്കൽ ഈ കേന്ദ്രങ്ങളിലേക്ക് അയക്കുന്നു.

എന്നാൽ ഈ ലൂപ്പ് ക്ളോസ് ചെയ്യുമ്പോൾ മോട്ടോർ കോർടെക്സ് ഇതിൽ ഭാഗമാവുന്നില്ലെന്നു ശ്റദ്ധിക്കുക. ഇവിടെയാണ് ഒരു കാൽ മുറിച്ചു മാറ്റിയ അവസ്ഥ പരിശോധിക്കേണ്ടത്. കാൽ ഇല്ലെന്നുള്ള വിവരം മോട്ടോർ കോർടെക്സ് അറിയുന്നില്ല. അതുകൊണ്ടു ആ കാൽ അനക്കണമെന്നു ഞാൻ തീരുമാനിച്ചാൽ മോട്ടോർ കോർടെക്സ് നിർദ്ദേശം കൊടുക്കും. Parietal lob-ഉം മറ്റും അത് കൃത്യമായും പരിശോധിക്കും, ശക്ത്തമായ ബോഡി ഇമേജ് നിലനിൽക്കുന്നതുകൊണ്ടു സന്ധികളിൽനിന്നും മറ്റും സൂചനകൾ ലഭിക്കുന്നു എന്ന് തെറ്റിദ്ധരിക്കും, ഫാന്റം സൂചനകളാണ് എന്ന് അറിയാതെ സിനാപ്റ്റിക് കേന്ദ്രങ്ങൾ അവയെ സ്വീകരിക്കും അങ്ങനെ ഇല്ലാത്ത കാൽ വേദനിക്കും, അനക്കുന്നതായി തോന്നും, അങ്ങനെ പലതും.

ചിലപ്പോൾ തലച്ചോർ ഒരു റീമാപ്പിംഗ് പോലും നടത്തിക്കളയും. ഇടത്തെ കാൽ ആണ് മുറിച്ചു മാറ്റിയതെങ്കിൽ അതിന്റെ തോന്നലുകൾ എല്ലാം വലത്തേ കാലുമായി ചേർത്തു വയ്ക്കും. അങ്ങനെ വലത്തെ കാലിൽ അടിച്ചാൽ ഇടത്തെ ഫാന്റം കാൽ വേദനിക്കും.

Wednesday, 10 July 2019

ദൈവം, മനുഷ്യൻ, ജ്ഞാനോദയം



“God is omnipotent and good” എന്നാണു പൊതുവെ എല്ലാരും പറയുന്ന അഭിപ്രായം. അങ്ങനെ ഒറ്റ ഉത്തരത്തിൽ തീരുന്നതാണോ അത് എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം അല്പം വിശദമായി തന്നെ പരിശോധിക്കേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു. ലോകത്തെ എല്ലാ മതങ്ങളെയും ആത്മീയവും ഭൗതികവുമായ  അന്വേഷണങ്ങളെയും ഒന്ന് വിശദമായി പരിശോധിച്ചാൽ അത് പ്രധാനമായി രണ്ടു വഴികളായി തിരിയുന്നത് കാണാം.

ഒന്ന് ഈ ലോകെത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസം. ആ ദൈവത്തിനു ഒരു വ്യക്തിത്ത്വം ഉണ്ട്. ആ വ്യക്ത്തിയാവട്ടെ, നേരത്തെ  പറഞ്ഞതുപോലെ ‘സർവജ്ഞനും സർവ വ്യാപിയുമാണ്’. മരണ ശേഷം എല്ലാ മനുഷ്യരും എത്തിച്ചേരുന്നത് അദ്ദേഹത്തിൻറെ ലോകത്തിലാണ്. ആ ലോകമാവട്ടെ സർവ സുഖങ്ങളുടെയും ഉറവിടമാണുതാനും. (അതിന്റെ നേരെ എതിരായ നരകവും ഉണ്ട്). അബ്രഹാമിക് മതങ്ങൾ (യഹൂദ, കൃസ്ത്യൻ, മുസ്‌ലിം) പൊതുവെ വച്ച് പുലർത്തുന്ന ഒരു ആശയമാണിത്. അത് ദൈവം ഉണ്ട് എന്ന ഒരു വിശ്വാസത്തിൽ ഊന്നിയുള്ളതാണ്. ആചാരാനുഷ്ട്ടാന്തങ്ങളിൽ ഊന്നിയുള്ള മറ്റു മതങ്ങളും, അതായത് ചില ഹിന്ദു വിഭാഗങ്ങൾ, സൊരാഷ്ട്രീയൻ, പാഴ്സി, സിക്ക്, ചൈനീസ് വിഭാഗങ്ങൾ എല്ലാം സാരാംശത്തിൽ ഇത്തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ നിലനിൽക്കുന്നവയാണ്.

രണ്ടാമത്തെ വഴിയാവട്ടെ, ഞാൻ ആര്, ഈ പ്രപഞ്ചം എന്ത്, എന്റെ ആത്യന്തിക ലക്‌ഷ്യം എന്ത് എന്നിങ്ങളെയുള്ള അന്വേഷണങ്ങളിൽ തുടങ്ങി, നാം കാണുന്ന ഈ പ്രപഞ്ചത്തിനു അതീതമായ ഒരു യാഥാർഥ്യം നിലനിൽക്കുന്നു (Transcendental reality) എന്ന് വാദിക്കുന്ന വിഭാഗമാണ്, ഭാരതത്തിലെ സാംഖ്യം, വേദാന്തം തുടങ്ങിയ ഷഡ് ദർശനങ്ങളും, ബുദ്ധ, ജൈന സിദ്ധാന്തങ്ങളും ഈ വഴിക്കുള്ളതാണ്. സാംഖ്യത്തിൽ പ്രകൃതി-പുരുഷ ദ്വന്ദങ്ങളാണെങ്കിൽ ബുദ്ധ-ജൈന സിദ്ധാന്തങ്ങളിൽ അത് നിര്വാണമോ, ശൂന്യമോ ഒക്കെയാണ്.  

വേദാന്തത്തിലാവട്ടെ 'യാഥാർഥ്യം' എന്നത് ബ്രഹ്മം എന്ന അമൂർത്ത (abstract) സങ്കൽപ്പമാണ്. ആ ബ്രഹ്മം ഈ സർവ പ്രപഞ്ചത്തെയും ഉൾക്കൊള്ളുന്നു. 'ഈശാവാസ്യമിദം സർവം യത് കിഞ്ച ജഗത്യാം ജഗത്ത്', ഈ കാണുന്ന സർവ ജഗത്തും ഈശ്വരനാണ്. ശങ്കരന്റെ, നമ്മിൽ പലരു തെറ്റായി ധരിച്ചിരിക്കുന്ന, 'ബ്രഹ്മ സത്യം ജഗത് മിഥ്യ' എന്ന പ്രയോഗം; ജഗത്ത് മിഥ്യ എന്നുള്ളതിനെ 'ഇല്ലാത്തത്' എന്നാണു നാമൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. വേദാന്തത്തിൽ മിഥ്യ എന്ന് പറഞ്ഞാൽ കടം കൊണ്ട നിലനിൽപ്പ് (Borrowed existence) എന്നാണു അർദ്ധം. അതായത് വേദാന്തത്തിന്റെ അഭിപ്രായത്തിൽ ബ്രഹ്മത്തിനു മാത്രമേ സഹജമായ നിലനിൽപ്പുള്ളൂ (Intrinsic) ബാക്കിയുള്ളതെല്ലാം കടംകൊണ്ട നിലനിൽപ്പുകളാണ്. കടലിലെ തിരമാലകൾ പോലെ, യഥാർത്ഥത്തിൽ അത് ജലം മാത്രമാണ്, പക്ഷെ അതിനു തിരമാലയായി ഒരു തുടക്കവും ഒടുക്കവും ഉണ്ട്. തുടക്കത്തിന് മുൻപ് അത് ജലം ആയിരുന്നു, അത് തിരമാലയായിരിക്കുമ്പോഴും ജലം മാത്രമാണ്, അതിന്റെ ഒടുക്കത്തിന് ശേഷവും അത് ജലം മാത്രമായിരിക്കും. 

എന്താണ് ബ്രഹ്മം? തൈത്തരീയ ഉപനിഷത്തിൽ ബ്രഹ്മാനന്ദവല്ലി, ഇത് വളരെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പക്ഷെ ഇവിടെ ഇപ്പോൾ അത് പ്രസക്ത്തമല്ല. 

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ  ഏതാണ്ട്  മദ്ധ്യംവരെയും യൂറോപ്പിലും പിന്നീട് വടക്കേ അമേരിക്കയിലും മനുഷ്യചിന്തയിൽ വലിയൊരു വിപ്ലവം സൃഷ്ട്ടിച്ചു ഒരു കൊടുങ്കാറ്റു പോലെ കടന്നു പോയ ഒന്നാണ് ജ്ഞാനോദയം (Enlightenment) എന്ന് അറിയപ്പെടുന്ന ചിന്താപദ്ധതി. രാഷ്ട്രീയം, തത്വശാസ്ത്രം, സയൻസ്, സാമൂഹികശാസ്ത്രം തുടങ്ങിയ  മേഖലകളിലെല്ലാം ഒരു പൊളിച്ചെഴുത്ത് തന്നെ നടന്നു ഇക്കാലത്തു.

എണ്ണമില്ലാത്ത ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, പുതിയ നിയമങ്ങൾ, യുദ്ധം, വിപ്ലവം എല്ലാം ഇതിന്റെ ഉല്പന്നമായി ഉണ്ടായി. ഫ്രഞ്ച് വിപ്ലവവും, അമേരിക്കൻ വിപ്ലവവും ഇതിന്റെ നേരിട്ടുള്ള ഉൽപ്പന്നങ്ങളാണ്. ഈ രണ്ടും  ജ്ഞാനോദയത്തിന്റെ ഉച്ചകോടിയും , അതിന്റെ ഒടുക്കത്തിന്റെ തുടക്കവുമായി കണക്കാക്കാം.

ജ്ഞാനോദയത്തെ നിര്വചിക്കുവാനുള്ള ഗൌരവകരമായ ഒരു നീക്കം ആദ്യം ഉണ്ടായത് ഇമ്മാനവൽ കന്റിൽ നിന്നാണെന്ന് തോന്നുന്നു. 1784-ഇൽ എഴുതിയ “എന്താണ് ജ്ഞാനോദയം” (What is Enlightenment?) എന്ന ലേഖനത്തിൽ, സ്വയം നിര്മിത അപക്വതയില്നിന്നുള്ള മനുഷ്യന്റെ മോചനമാണ് ജ്ഞാനോദയം (Enlightenment is man's release from his self-incurred immaturity)  എന്ന് അദ്ദേഹം പറയുകയുണ്ടായി. അപക്വത സ്വയം നിര്മിതമാകുന്നത് അറിവിന്റെ പരിമിതി കൊണ്ടായിരിക്കണമെന്നില്ല, മറിച്ചു മറ്റൊന്നിന്റെ സഹായമില്ലാതെ അതു ഉപയോഗികാനുള്ള അധൈര്യം മൂലമാണ്. അതുകൊണ്ട്  Sapere Aude!” (Have courage to use your own understanding")  എന്നതാണ് ജ്ഞാനോദയത്തിന്റെ ആപ്തവാക്യം എന്നും അദ്ദേഹം പറഞ്ഞുവെക്കുകയുണ്ടായി. ഒരാളുടെ പൊതുജീവിതതിലാണ് ഈ സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് അല്ലാതെ വ്യക്തി ജീവിതത്തിലല്ല എന്നും അദ്ദേഹം അര്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.  

ലെബെനിറ്റ്ശ്, മോണ്ടെസ്കു, കൊണ്ടില്ലക് തുടങ്ങിയവർ, ചില അടിസ്ഥാന പ്രശ്നങ്ങളുടെ തലനാരിഴ കീറുകയാണ് ചെയ്തത്. നമുക്ക് എന്ത് അറിയാം? പ്രക്രുത്യാതിതത്തെ അല്ല, പ്രകൃതിയെ, എങ്ങനെയാണ് നാം അറിയുന്നത്; യുക്തികൊണ്ട്, അല്ലാതെ വെളിപാടുകൊണ്ടല്ല, എന്നിങ്ങനെ.

പക്ഷെ എന്താണ് യുക്തി? യുക്തിയെന്നത് ഏതോ കാലാതീതമായ ന്യായവാദമൊ, കാലാതീത മീമാംസയോ ഒന്നുമല്ല മറിച്ചു ഇന്ദ്രിയ സംവേദനങ്ങളുടെ ആകെ തുകയാണെന്നു ഈ ചിന്തകർ വാദിച്ചു. അങ്ങനെ, യുക്തിവാദം (Rationalism) എന്നത് പരിജ്ഞാനവാദം (Emperisism) അല്ലാതെ മറ്റൊന്നല്ല എന്ന് വന്നു. അങ്ങനെ പരിജ്ഞാനത്തിന്റെ താക്കോൽ മനസ്സും തലച്ചോറിന്റെ പ്രവര്ത്തനവും മാത്രമാണെന്ന് വന്നു. 

മാര്ക്സിനെ സംബന്ധിച്ചേടത്തോളം, കാന്റ് പറയുന്ന സ്വാത്രന്ത്ര്യം ചില ഉത്പാദന രീതികളുടെ (Mode of Production) പരിണതഫലമാണ്. മുതലാളിത്വ ഉത്പാദനക്രമത്തിൽ ഓരോ തൊഴിലാളിയും തന്റെ തന്നെ മനുഷ്യാസ്തിത്വത്തിന്റെ  സാരാംശയതയിൽനിന്നും അന്യവൽക്കരിക്കപ്പെടുന്നു. അതുകൊണ്ട് തൊഴിലാളികള്ക്ക്  ജ്ഞാനോദയത്തിലൂടെയുള്ള വെറും രാഷ്ട്രീയ സ്വാതന്ത്യം അല്ല, മറിച്ചു ഒരു വിപ്ലവത്തിലൂടെയുള്ള യഥാര്ഥ സ്വാതന്ത്ര്യം ആണ്, വെറും ആശയ സ്വാതന്ത്ര്യത്തെക്കാൾ ഭൌതിക സ്വാതന്ത്ര്യമാണ് വേണ്ടത്.

Foucault, Habermas, Carl Becker തുടങ്ങിയ പല ആധുനിക ചിന്തകരും ഇതെപ്പറ്റി ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. ഇതിൽ ബെക്കർ ജ്ഞാനോദയചിന്തയുടെ ചരിത്രവും ലക്ഷ്യവുമാണ് കൂടുതൽ ചര്ച്ച ചെയ്യ്തത്. പതിനെട്ടാം നൂറ്റാണ്ടിൽ ഉയര്ന്നുവന്ന ചിന്താവിപ്ലവത്തിന്റെ ലക്‌ഷ്യം അന്ധവിശ്വാസത്തിന്റെയും അഴിമതിയുടെയും വിളനിലമായിരുന്ന   കത്തോലിക്കാസഭയും അതിന്റെ ഭരണകൂടങ്ങളെയും ഇടിച്ചു നിരത്തി,   സമൂഹത്തെയും വ്യക്തിയെയും പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങൾക്കനുസരിച്ച് രൂപപ്പെടുതുകയായിരുന്നെന്നു അദ്ദേഹം വാദിച്ചു. അതായത് "St. Augustin-ന്റെ നാശോന്മോഖമായ ‘City of God’- ന്റെ സ്ഥാനത്തു, സ്വർഗീയമായ, തങ്ങളുടെതന്നെ ഒരു നഗരം സൃഷ്ട്ടിക്കലാണ് നടന്നതെന്ന്" അദ്ദേഹം വാദിച്ചു. ഈ പുതിയ  നഗരത്തിൽ, 'കിരീടധാരിയായ യേശുവിനും വിശ്ധര്ക്കും പകരം മഹത്വവൽക്കരിക്കപ്പെട്ട യുക്തിയും ജ്ഞാനോദയപാരമ്പര്യത്തിന്റെ പരിശുദ്ധമായ വിധിവാക്യങ്ങളുടെ പ്രതിഷ്ട്ടയുമാണ്' നടന്നത്.

ജ്ഞാനോദയം ആത്യന്തികമായി, പത്തൊൻപതാം നൂറ്റാണ്ടിന്റെ കാല്പനികതക്ക് (Romantism) വഴിമാറി. 

അതേപ്പറ്റി പിന്നീട്.

Tuesday, 25 June 2019

വിശപ്പ്



തിരുവനതപുരത്ത്, പേരൂർക്കട ചന്തയിൽ ഒരു സ്ത്രീ മിക്കവാറും എല്ലാവരുടെയും മുന്നിൽ കൈ നീട്ടും. വലിയ പ്രായം ഒന്നുമില്ല. കൂടിപ്പോയാൽ അറുപതോ അറുപത്തി അഞ്ചോ. ഒരു ദിവസം രാവിലെ ഞാൻ നടക്കാൻ പോകുമ്പോൾ ഈ സ്ത്രീ എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു സാറേ എനിക്ക് വിശക്കുന്നു എന്തെങ്കിലും വാങ്ങിച്ചു തരുമോ എന്ന്.

അതിനു ശേഷം ആക്സ്മിതമായി, മഹാരാജ രാജൻ (മഹാരാജ സ്റുഡിയോയുടെയും, ജൂവലറിയുടേറും ഉടമസ്ഥൻ. രാജനെ എനിക്ക് നേരത്തെ അറിയാം. ഒരു നാല്പതുകൊല്ലങ്ങൾക്കുമുന്പ്, ഒരു ക്യാമറയും തോളിലിട്ട് നടന്നിരുന്ന രാജനെ) അദ്ദേഹം തന്റെ ക്യാമറയിൽ ഒരു ഫോട്ടോ കാണിച്ചിട്ട് എന്നോട് ചോദിച്ചു ഈ സ്ത്രീയെ സാറിനു അറിയാമോ എന്ന്. ഞാൻ പറഞ്ഞു കണ്ടിട്ടുണ്ട് ചന്തയിൽ വച്ച്., അദ്ദേഹം പറഞ്ഞു എന്നാൽ സാർ അറിഞ്ഞോ പേരൂർക്കടയിലെ കണ്ണായ സ്ഥലത്ത് പണ്ട് എട്ടുപത്തു സെന്റ്‌ സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നത് സാറിനു അറിയുമോ? പേരൂർക്കടയിൽ ലോഡ്ജിൽ താമസിച്ചിരുന്ന എനിക്ക് ആ സ്ഥലം നന്നായി അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു ആ സ്ഥലത്തിന്റെ ഉടമസ്ഥ ആണ് ഈ സ്ത്രീ. പക്ഷെ ആ സ്ഥലവു, വീടും ആരോ കൈക്കലാക്കി. അങ്ങനെയാണ് അവർക്കു ഈ അവസ്ഥ ഉണ്ടായതെന്ന്.

വിശപ്പ്, അത് ഒരു പ്രശ്നമാണ്. അത് അനുഭവിക്കാത്തവർക്കു അത് എന്തെന്ന് പോലും അറിയില്ല.

കേന്ദ്ര സർക്കാരിൽ IT യുടെ അഡീഷണൽ സെക്രട്ടറി ആയിരുന്ന ഒരാൾ ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു  അനുഭവം പറഞ്ഞു. ഇദ്ദേഹം തമിഴ്‌നാട് കേഡർ ഐ എ എസ ഉദ്യോഗസ്ഥനാണ്, മലയാളിയുമാണ്, (പേര് പറയുന്നില്ല). അദ്ദേഹം തമിഴ്‌നാട്ടിൽ ജൂനിയർ ഐ എ എസ ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോൾ എം ജി ആർ ആയിരുന്നു മുഖ്യമന്ത്രി. അന്നത്തെ ഒരു സംഭവം ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. സാധാരണ പോളിസി ചർച്ചകൾ ഒക്കെ നടക്കുമ്പോൾ മുഖ്യമന്ത്രിയാണ് അധ്യക്ഷം വഹിക്കുന്നതെങ്കിലും അദ്ദേഹം വലിയ അഭിപ്രായം ഒന്നും പറയാറില്ല. ഒരിക്കൽ തമിഴ്‌നാട്ടിൽ സ്‌കൂളിൽ ഉച്ചക്കഞ്ഞി ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ഒരു യോഗം നടന്നു. മിക്ക വകുപ്പുകളുടെയും തലവന്മാരായ സീനിയർ ഐ എ എസ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും, അതിനു വേണ്ടി വരുന്ന ഭീമമായ ചെലവ് ആണെന്നും അത് നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്നും വാദിച്ചു. അവസാനം മുഖ്യമന്ത്രി എല്ലാവരോടും ഒരു ചോദ്യം ചോദിച്ചു. നിങ്ങളിൽ പട്ടിണി കിടന്നിട്ടുള്ളവർ, അതായത് വിശപ്പ് എന്തെന്ന് അറിഞിട്ടുള്ളവർ കയ്യ് പൊക്കാൻ. ആരും ഇല്ലായിരുന്നു. അവസാനം മുഖ്യമന്ത്രി പറഞ്ഞു "ഞാൻ അറിഞ്ഞിട്ടുണ്ട്, അതുകൊണ്ടു ഇനി ഒരു ചർച്ചയും ഇല്ല പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു"

ബീഹാറിലെ മുസാഫർപുരിലെ നൂറുകണക്കിന് കുട്ടികളുടെ മരണവും ,ഒരു നേരത്തെ ആഹാരം ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്നാണല്ലോ വിദഗ്ദ്ധരുടെ അഭിപ്രായം.

കാറൽ മാർക്സ് മനുഷ്യന്റെ ആവശ്യങ്ങളെ രണ്ടായി തിരിച്ചു, ഒന്ന് മാനസികമായ ആവശ്യം, രണ്ടു ശാരീരികമായ ആവശ്യം. ശാരീരികമായ ആവശ്യങ്ങളെ അദ്ദേഹം ഒരു സംജ്‌ജക്കു കീഴിൽ കൊണ്ട് വന്നു "വിശപ്പ്". പൗരാണിക ഭാരതീയ ആചാര്യന്മാരും ഇത് കാണാതിരുന്നില്ല. 

ഭഗവത് ഗീതപറയുന്നു 

'അഹം "വൈശ്വാനരോ ഭൂത്വാ', അതായത് ഞാൻ വിശപ്പാണ് എന്ന്.

സകല ജീവജാലങ്ങളിലും ഒരു അഗ്നിപോലെ ഇരുന്ന് ആഹാരത്തെ എരിച്ചുകൊണ്ടിരിക്കുന്ന വിശപ്പിനെ അവർ ഒരു ദേവനായി സങ്കൽപ്പിച്ചു; 'ജഠരാന്ഗ്നി'; ആർത്തനായി വായും പിളർന്നു വരുന്ന ദേവൻ. അവർ മറ്റൊന്ന് കൂടെ കണ്ടു. വിശപ്പടക്കാൻ പൂവിൽ ചെന്നിരിക്കുന്ന ഈച്ച, ഈച്ചയെ നാക്കെത്തിപ്പിടിക്കാൻ തക്കം പാർത്തിരിക്കുന്ന തവള, വായ് പിളർന്നു തവളയെ പിടിക്കാൻ കാത്തിരിക്കുന്ന പാമ്പ്, പാമ്പിനെ കൊത്തിയെടുക്കാൻ അവസരം നോക്കുന്ന കഴുകൻ, കഴുകന്റെ നേരെ അമ്പെയ്യാൻ കാത്തുനിൽക്കുന്ന വേടൻ. ഇങ്ങനെ ഒരു ചരടിൽ കോർത്ത മുത്തുകൾപോലെ ഒന്നിന് പിറകെ മറ്റൊന്നായി നിൽക്കുന്ന ആ ദേവൻ, വ്യഷ്ടിയിൽ അത് വിശപ്പാണ്, സമഷ്ടിയിൽ അതാണ് വൈശ്വാനരൻ.

ഛന്ദോക്യോപനിഷത്തിൽ അഞ്ചാം അദ്ധ്യായം പതിനൊന്നാം ഖണ്ഡം രണ്ടാം  മന്ത്രം മുതൽ പന്ത്രണ്ടാം ഖണ്ഡം ഒന്നാം മന്ത്രം വരെ ഇതാണ് പ്രതിപാദിക്കുന്നത്. ബൃഹദാണ്യോപനിഷത്തു ഒന്നാം അദ്ധ്യായം ഒന്നാം ബ്രാഹ്മണം തുടങ്ങുന്നത് തന്നെ തുറന്ന വായോടുകൂടിയ വൈശ്വാനരനെ ജീവന്റെ മുന്നോടിയായി കണ്ടുകൊണ്ടാണ്.

"നൈവേഹകിംചനാഗ്ര അസീന്മുർത്യു നൈവേദമാവൃതമാസീത്" എന്ന് തുടങ്ങുന്നു ആ മന്ത്രം. 

"ഇവിടെ സൃഷ്ട്ടിക്കുമുന്പ് നാമരൂപങ്ങളിൽ വേർതിരിഞ്ഞു ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാം സത്വബുദ്ധിയെന്ന, വിശപ്പിന്റെ രൂപത്തിലുള്ള, മൃത്യുവിനാൽ മൂടപ്പെട്ടിരുന്നു. ആ മൃത്യു, 'ഞാൻ' മനസ്സോടുകൂടിയവനാവട്ടെ എന്ന് സങ്കൽപിച്ചു, പ്രസിദ്ധമായ ആ മനസ്സിനെ സൃഷ്ട്ടിച്ചു" എന്ന്. 

Tuesday, 12 February 2019

യാത്രകളിൽ ചിലപ്പോൾ



ഔദ്യോഗിക ജീവിതത്തിൽ ഒരു മേശക്കു പിന്നിൽ ഫയലുകളുടെ  കൂമ്പാരത്തിനു പിന്നിൽ ഇരുന്നു ജീവിതം തള്ളിനീക്കുന്ന ധാരാളം പേര് ഉണ്ട്. അവരെല്ലാം അത് ആസ്വദിക്കുന്നുണ്ടോ എന്തോ. എന്നെ സംബന്ധിച്ചേടത്തോളം, നീണ്ട ഈ കാലയളവിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട യാത്രയും എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു എന്നത് ഒരു അപൂർവ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളും, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും, ഇന്ത്യക്കു വെളിയിലേക്കും നീളുന്ന അത്തരം യാത്രകളെപ്പറ്റി അൽപ്പം പറയാതെ എന്റെ ചിന്തകൾക്ക് എന്ത് അർഥം? അങ്ങനെ ചില ചിന്തകൾ, പക്ഷെ അവ ഒരു പോസ്റ്റിൽ ഒതുങ്ങുന്നതല്ല, നിരവധി പോസ്റ്റിലേക്ക് നീണ്ടു പോകുന്നവയാണ്.

2010-നവംബറിൽ ചെന്നൈയിൽ വച്ചുനടന്ന ഒരു അന്തർദേശീയ സമ്മേളനത്തിൽ (3rd International  conference  on  Early  Intervention )  നിന്നും തുടങ്ങാം. പ്രസ്തുത സമ്മേളനത്തിൽ ഒരു പേപ്പർ അവതരിപ്പിക്കാൻ എനിക്കും ഒരു ക്ഷണം ഉണ്ടായിരുന്നു. വളരെ പ്രമുഖന്മാരായ പലരും ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അതിൽ എടുത്തു പറയത്തക്ക ആളുകളിൽ പ്രമുഖൻ, അമേരിക്കക്കാരനായ  ഡോ. ജോർജ് ബാരോഫ് ആണ് ഒരാൾ. ആള് ചില്ലറക്കാരനല്ല. ബുദ്ധി മാന്ദ്യം ഉള്ള കുട്ടികളുടെ കാര്യത്തിൽ ലോകത്തിൽ ഇന്നും ഒരു റെഫെറെൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്ന "Mental Retardation, Nature, Cause and Management" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ഏതാണ്ട് എൺപതു വയസ്സിനു മേൽ പ്രായമുള്ള അമേരിക്കൻ യഹൂദൻ. എടുത്തുപറയത്തക്ക മറ്റൊരാൾ പ്രൊഫ്. ജയചന്ദ്രൻ ആണ്. തനി മധുരക്കാരൻ തമിഴൻ, മിനസോൾട്ട യൂണിവേഴ്സിറ്റിയിൽനിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ക്റ്ററേറ്റ്‌. ഇന്ത്യയിലെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പയനീർ എന്ന് വേണമെങ്കിൽ പറയാം. എപ്പോഴും 'പാണ്ടി' എന്ന് സ്വയംവിശേഷിപ്പിക്കുന്ന തനി തേവർ. ബുദ്ധിമാന്ന്യം ഉള്ള കുട്ടികളുടെ വിദ്യാഭാസത്തിന് 'Madras  developmental Programing  System ' (MDPS) എന്ന സ്കൈൽ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ആൾ.

മൂന്നു ദിവസത്തെ സമ്മേളനത്തിനൊടുവിൽ ഡോ. ബാരോഫ് എന്നോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും യൂറോപ്പിൽ യഹൂദർക്ക് പ്രവേശനാനുമതി പോലും ഇല്ലാതിരുന്ന സമയത്തു അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഒരു സ്ഥലമുണ്ട് , അത് കേരളമാണ്. അവിടെം  ഒന്ന് കണ്ടാൽ കൊള്ളാമെന്ന്.           'ഇനി എനിക്ക് ഇന്ത്യയിലേക്ക് ഒരു യാത്ര പറ്റുമെന്ന് തോന്നുന്നില്ല. ഇപ്പോൾ കണ്ടാൽ കണ്ടു' അദ്ദേഹത്തിൻറെ ഈ ആഗ്രഹം ഞാൻ എന്റെ എക്സിക്കൂട്ടീവ് ഡയറക്ക്രരോട്  പറഞ്ഞു, അദ്ദേഹത്തിന് നമ്മുടെ ചിലവിൽ ഒരു യാത്ര തരപ്പെടുത്തിക്കൊള്ളാനുള്ള ഒരു അനുമതി അദ്ദേഹം നൽകുകയും ചെയിതു. അങ്ങനെ, ഞങ്ങൾ കൊച്ചിയിൽ വിമാനം ഇറങ്ങി. അപ്പോഴേക്കും സിഡാക്-ഇൽ നിന്നും ഒരു യുവ സുഹൃത് അവിടെ വണ്ടിയുമായി എത്തുകയും ചെയ്തു. യഹൂദനായ അദ്ദേഹത്തിന് വേണ്ടി രണ്ട് യഹൂദ സിനഗോഗ് സന്നർശനവും കൊച്ചി കായലിൽ ഒരു ബോട്ടിംഗുമായിരുന്നു പ്ലാൻ ചെയ്ത പരിപാടി.   

പാലിയത്തച്ചൻ ദാനമായി കൊടുത്ത ഭൂമിയിൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ചേന്നമംഗലം സിനഗോഗ് ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യഹൂദ സ്ഥലമാണ് ഇത് എന്നാണു കരുതപ്പെടുന്നത്. സിനഗോഗിന്റെ പ്രവേശന കവാടത്തിൽ കാണുന്ന ഒരു ശവക്കല്ലറയുടെ ശിലാഫലകത്തിൽ 1264 -ഇൽ മരിച്ച ഒരു സ്ത്രീയുടേതാണ് ഇതെന്ന് എഴുതിയിട്ടുണ്ട്.  1420 -ഇൽ കൊടുങ്ങല്ലൂരിൽ നിന്നോ പാലയൂരിൽ നിന്നോ വന്ന യഹൂദർ പണികഴിപ്പിച്ചതാണ് ഈ സിനഗോഗ് എന്നാണു കരുതപ്പെടുന്നത്. 

ചേന്നമംഗലം സിനഗോഗ് ഇന്ന് ഒരു മ്യൂസിയമാണ്. രണ്ട് നിലയാണ് ഇത്. തേക്കിൽ  പണികഴിപ്പിച്ച വളഞ്ഞ ഗോവണികയറിയാൽ മുകളിൽ എത്താം. താഴത്തെ നിലയിൽ മനോഹരമായി പണികഴിച്ചിരിക്കുന്ന അൾത്താരയിലാണ് യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ 'തോറ' വച്ചിരിക്കുന്നത്.

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം മട്ടാഞ്ചേരിയിലെ സിനഗോഗ് ആണ്. മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും അൽപ്പം നടന്നാൽ നിങ്ങൾ യഹൂദ തെരുവിൽ എത്തും. തെരുവിന്റെ ഏറ്റവും അറ്റത്താണ് സിനഗോഗ്. 1568 -ഇൽ കൊച്ചി രാജാവായ രാമവർമ തമ്പുരാൻ ദാനം ചെയ്ത ഭൂമിയിലാണ് ഈ സിനഗോഗ് പണികഴിപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി രാജകൊട്ടാരവും ഈ സിനഗോഗും ഒരു മതിലിന്റെ അപ്പുറവും ഇപ്പറവുമാണ്‌. വളരെ ചുരുക്കം യഹൂദന്മാരെ  ഇന്ന് മട്ടാഞ്ചേരിയിൽ ഉള്ളു. ബാക്കിയുള്ളവർ എല്ലാം ഇസ്രായേലിലേക്ക് പോയിക്കഴിഞ്ഞു. 

ഞങ്ങൾ അവിടെ എത്തിയത് എങ്ങനെയോ അറിഞ്ഞ ഒരു യഹൂദ റബ്ബി ഉടൻ സ്ഥലത്തു എത്തി. ആള് മലയാളി അല്ല , ഇസ്രായേൽക്കാരൻ ആണ്. സുന്ദരനായ ഒരു ചെറുപ്പക്കാരൻ. അദ്ദേഹം എന്തൊക്കെയോ ബാരോഫിനോട്  സംസാരിച്ചു, ഹിബ്രുവിലായിരുന്നു സംസാരം. ഉടനെ അവിടെ ഒരു ചടങ്ങു നടന്നു. ബാറാഫിന്റെ തലയിൽ ഒരു തൊപ്പി വച്ചു, കയ്യിൽ നീണ്ട ഒരു ചരട് ചുറ്റിക്കെട്ടി , ഏതാണ്ട്   പതിനഞ്ചു മിനിട്ടു നീണ്ടു നിക്കുന്ന ഒരു ചടങ്ങു്. ബാരോഫ് എന്തൊക്കെയോ ഏറ്റു  ചൊല്ലുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് അത് ഒരു വിശ്വാസ നവീകരണ ചടങ്ങു് ആയിരുന്നു എന്നാണു.  
  
അതിനു ശേഷം കൊച്ചി കായലിൽ ഒരു ബോട്ടു യാത്ര. അത് കഴിഞ്ഞപ്പോൾ ഡോ. ബാറോഫിനു വേറൊരു ആഗ്രഹം, ഒരു ഹിന്ദു ക്ഷേത്രം കാണണം. ഏതു ക്ഷേത്രം കാണിക്കണം? പ്രൊ. ജയചന്ദ്രന് ആഗ്രഹം ചോറ്റാനിക്കര ക്ഷേത്രം കാണണം. ചോറ്റാനിക്കരയെപ്പറ്റി അദ്ദേഹം ധാരാളം കേട്ടിരിക്കുന്നു. ആദി പരാശക്തിയെ മൂന്നു രൂപത്തിൽ ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര. രാവിലെ ശുഭ്രവസ്ത്രധാരിയായ സരസ്വതിയും, ഉച്ചക്ക് ചുവപ്പു ധരിച്ച മഹാലക്ഷ്മിയും , രാത്രിയിൽ നീല വസ്ത്രധാരിയായ മഹാകാളിയും. ശിവനും, ഗണപതിയും അയ്യപ്പനും ഉപദേവന്മാരായി ഉണ്ട്. ഭൂത ബാധിതരായവരെ സുഖപ്പെടുത്തുന്ന കീഴ്ക്കാവിൽ ദേവിയായ ഭദ്രകാളിയാണ് അവിടെ പ്രധാനം. കീഴ്ക്കാവിൽ ദേവി ഭദ്രകാളിയുടെ ഉഗ്രരൂപമാണ്. രാത്രിയിലെ ഗുരുതിപൂജയാണ് അവിടെ പ്രധാനം.

ഞങ്ങൾ അവിടെ എത്തുമ്പോൾ സമയം ഏതാണ്ട് ആറര-ഏഴു മണി ആയിക്കാണും. കാറിന്റെ ഡ്രൈവറും, തിരുവനന്തപുരത്തുനിന്നും വന്ന, സത്യ വിശ്വാസിയുമായ ചെറുപ്പക്കാരനും ക്ഷേത്രത്തിനു വെളിയിൽ നിൽക്കാൻ തന്നെ തീരുമാനിച്ചു. ഞാനും, പ്രൊ. ജയചന്ദ്രനും, ഡോ. ബാറോഫും അകത്തു കയറി. ക്ഷേത്രത്തിൽ നിന്നും കീഴ്ക്കാവിലേക്കു അൽപ്പം ദൂരം നടക്കണം. ഒരു മൂന്നടി പാത എന്ന് വേണമെങ്കിൽ പറയാം. ചുറ്റും അലൗകികമായ ഒരു അന്തരീക്ഷം ഉണ്ടായിരുന്നോ? അതോ അങ്ങനെ തോന്നിയതാണോ? അറിയില്ല. പക്ഷെ ഒന്നുണ്ട്, എണ്ണവിളക്കിന്റെ മണവും, കർപ്പൂരം കത്തുന്ന ഗന്ധവും, കുംകുമം ചുറ്റും വിതറിയ അന്തരീക്ഷവും. മാത്രമോ, 'ഞാൻ വരില്ല' എന്ന് അലറി വിളിക്കുന്ന ചെറുപ്പകാരികളായ പെൺകുട്ടികളെ ബലമായി കീഴ്ക്കാവിലേക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾ. 'വരമാട്ടേൻ' എന്ന് അലറുന്ന തമിഴ് പെൺകുട്ടികളും കൂടെ  ഉണ്ട്. 

എന്തായാലും സ്വയമേ ഒരു അന്ധവിശ്വാസിയായ പ്രൊ. ജയചന്ദ്രൻ നല്ലപോലെ കിടുങ്ങി. പക്ഷെ ബാരോഫ് വെറും അക്ഷോഭ്യനായി നടന്നു. കീഴ്ക്കാവിൽ എത്തുമ്പോൾ നാം കാണുന്ന  ആദ്യത്തെ കാഴ്ച ഒരു ആൽമരമാണ്. ചുവന്ന പട്ടും ചുറ്റി, മുഴുവൻ ആണിയുമായി നിൽക്കുന്ന  ഒരു ആൽമരം. എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അതുകണ്ടാൽ ആരും ഒന്ന് ഭയക്കും. ഈ ആണിമുഴുവൻ പ്രേതങ്ങളെ തറച്ചതാണ്.

വളരെ നാളത്തെ പരിചയമുണ്ട്  ഞാനും ജയചന്ദ്രനും തമ്മിൽ. കിട്ടുന്ന സമയങ്ങളിൽ എല്ലാം ഞങ്ങൾ തമ്മിൽ വലിയ തർക്കങ്ങളും ഉണ്ടാവാറുണ്ട്. അദ്ദേഹം ഈ സമയം ഒരു അവസരമായി എടുത്തു. ഒരു വെല്ലുവിളി, ആ ആൽത്തറയിൽ കയറി അതിലുള്ള ഒരു ആണിയെ തൊടാമോ? അതായിരുന്നു ചോദ്യം. ബാറോഫ് ഇതുകേട്ട് വെറുതെ ചിരിച്ചതേയുള്ളു. അത് എനിക്ക് ഒരു വെല്ലുവിളി ആയിരുന്നു. പേടിയുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലായിരുന്നു എന്ന് സത്യസന്ധമായി പറയാൻ കഴിയില്ല. എങ്കിലും ഞാൻ ചാടി ആൽത്തറയിൽ കയറി ഒരു ആണി ഇളക്കിയെടുത്തു ജയചന്ദ്രന്റെ  നേരെ നീട്ടി. അദ്ദേഹം പേടിച്ചു പിന്നോട്ട് മാറി. ഇതെല്ലാം കണ്ട ആളുകൾ എന്ത് കരുതി എന്നറിയില്ല. ഒരു പക്ഷെ ഞാൻ ഒരു മന്ത്രവാദിയാണ് എന്ന് കരുതിയിട്ടുണ്ടാവും. 

തിരിച്ചു വരുമ്പോൾ കാറിൽ വച്ചു ഡോ. ബാറോഫ് എന്നോട് ചോദിച്ചു ,ജോണി, പ്ലാസിബോ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ എന്ന്. ഭാഗ്യവശാൽ എനിക്ക് അത് നല്ല വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടു ഞാൻ അത് എന്താണെന്ന് പറഞ്ഞുകൊടുത്തു. പക്ഷെ സത്യത്തിൽ ആ ആണി ഊരുന്ന നേരം ഒരു പ്ലാസിബോയും ആയിരുന്നില്ല മനസ്സിൽ, വിശ്വാസത്തെ മറ്റൊരു വിശ്വാസം കൊണ്ടായിരുന്നു ഞാൻ മനസ്സിൽ നേരിട്ടത്, അതായത് എത്ര ഉഗ്ര രൂപിണിയാണെങ്കിലും മഹാകാളിയെ നമ്മൾ 'അമ്മെ' എന്നല്ലേ വിളിക്കുന്നത് , പിന്നെന്തിനു പേടിക്കണം ?