Tuesday, 15 November 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (21- തുടര്ച്ച)


എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന ദൃഷ്ട്ടാവ്, അഥവാ പ്രഥമ പുരുഷൻ, ‘ഞാൻ’ ആരാണ് അല്ലെങ്കിൽ എന്താണ്?

സിരാവിജ്ഞാനീയത്തിന്റെയും (Neuroscience), മനോരോഗ ചികിത്സ ശാസ്ത്രത്തിന്റെയും (Psychiatry) കാഴ്ചപ്പാടിൽ ഇത് മനസ്സിന്റെ ഒരു സൃഷ്ട്ടി മാത്രമാണ്. എന്ന് മാത്രമല്ല, സത്ത (self), മറ്റ് സത്തകളുമായുള്ള പരസ്പര ബന്ധത്തിന്റെയും കൂടി സൃഷ്ടിയാണ്. ഏറ്റവും വിചിത്രമായത്, സത്ത, അതിനോട് തന്നെയുള്ള അതിന്റെ ബന്ധത്തിന്റെയും കൂടി സൃഷ്ടിയാണ് എന്നതാണ്മനസ്സ്, നമ്മുടെ ലോകത്തെയും, അതിനുള്ളിലുള്ള നമ്മളെയും എങ്ങനെ സൃഷ്ടിക്കുന്നു എന്നതാണ് സിരാവിജ്ഞാനീയത്തിന്റെയും, മനോരോഗശാസ്ത്രത്തിന്റെയും, പ്രത്യഭിജ്ഞാന ശാസ്ത്രത്തിന്റെയും (cognitive Science) പഠന ലക്ഷ്യം. ഇത്തരം പഠനങ്ങൾ ഇന്നും ശൈശവ ദശയിലാണെന്നുള്ളതാണ് അതിന്റെ ഒരു പ്രത്യകത. സ്വീകാര്യമായ ഒരു മാതൃക സൃഷ്ടിക്കാനോ, എന്തിനധികം, ബോധം എന്നതിന് എല്ലാവര്ക്കും സ്വീകാര്യമായ ഒരു നിർവചനം പോലുമോ ഇന്ന് നിലവിലില്ല.

സ്കിസോഫ്രീനിയ പോലുള്ള അവസ്ഥകളാൽ ക്രമഭംഗം സംഭവിച്ച സത്തയെ (self) ആരോഗ്യകരമായ മറ്റ് സത്തകളുമായി താരതമ്യം ചെയ്തുകൊണ്ട്, തലച്ചോറിന്റെ വിവിധകേന്ദ്രങ്ങളിൽ ഉണ്ടാവുന്ന അവസ്ഥാവ്യതിയാനങ്ങളുടെ പ്രതിബിംബം (imaging) അടിസ്ഥാന മാക്കിയുള്ള പഠനമാണ് ഇന്ന് നടക്കുന്നത്. ഇത്തരം രോഗാവസ്ഥയുടെ ഒരു പ്രധാന സവിശേഷത അടുക്കും ചിട്ടയുമില്ലാത്ത ചിന്തകളും മിഥ്യാദർശനങ്ങളുമാണ്. അവരുടെ ചിന്തകളുടെ ഉറവിടം അവരല്ല മറിച്ചു മറ്റാരോ ആണെന്ന് അവർ കരുതുന്നു. അതായത്, ഒരാളുടെ 'ഞാൻ' എന്ന അവബോധവും, അയാളുടെ മനസ്സും, ചുറ്റുപാടുകളും തമ്മിലുള്ള അതിരുകളും പരസ്പര പൂരകങ്ങൾ അല്ലാതെ നിലനിൽക്കാൻ കഴിയുന്നു എന്നർദ്ധം. ഇത്തരം രോഗാവസ്ഥകൾ, മനസ്സും തലച്ചോറും ബോധവും തമ്മിലുള്ള സങ്കീർണ ബന്ധത്തെ സൂചിപ്പിക്കുന്നു. ന്യൂനീകരണ (reductionist) രീതിയിലുള്ള ഇത്തരം പഠനങ്ങളിൽ 'ഞാൻ' എന്ന ഒരു ബോധം നിലനിൽക്കുന്നില്ല, പിന്നെയോ തലച്ചോറിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നിരവധി പ്രക്രിയകളുടെ ആകെത്തുക മാത്രമാണത്.


ഈ ആശയത്തിന്റെ ഏറ്റവും ശക്ത്തനായ വ്യക്താവാണ് ജർമനിയിലെ ജൊഹാനസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രെഫെസ്സർ ആയ തോമസ് മെറ്റ്സിങ്ങർ (Thomas Metzinger). “Being No One” എന്ന തന്റെ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചത്.  അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഈ പ്രപഞ്ചത്തിൽ 'ഞാൻ' (സെൽഫ്, സത്ത) എന്ന ഒന്ന് നിലനിൽക്കുന്നില്ല, ആരും ഒരിക്കലും ഒരു ‘ഞാൻ’ ആയിരുന്നില്ല ഇനി ആയിരിക്കുകയുമില്ല. ഇവിടെ നിലനിൽക്കുന്നത് വെറും പ്രാതിഭാസികമായ ഒരു സത്ത മാത്രമാണ്. ബോധപൂർവമായ അനുഭവ മണ്ഡലത്തിൽ തുടർച്ചയായി നടക്കുന്ന ചില പ്രക്രിയകളിലൂടെ ഉൽപാദിതമാവുന്ന പ്രാതിഭാസികസത്ത. മനസ്സിന്റെ പല അസ്വാഭാവിക നിലകളായ അവഗണന, വിഭ്രാന്തി, ഫാന്റം ലിംബ് (ഡോ.വി എസ രാമചന്ദ്രൻ) തുടങ്ങിയവയിൽ നടത്തിയ നിരവധി പഠനങ്ങളിൽ നിന്നുള്ള ഉദ്ദാഹരണങ്ങളിൽ നിന്നും രൂപപ്പെടുത്തിയ ഒരു മാത്രകയാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. ‘Transparent self-model’ എന്ന ഒരവസ്ഥയുടെ ഉള്ളടക്കമാണ് ‘ഞാൻ’ എന്ന സത്ത എന്ന് അദ്ദേഹം വാദിക്കുന്നു.

മനുഷ്യൻ അടക്കമുള്ള ജൈവ രൂപങ്ങളെയെല്ലാം ഒരു വിവര ക്രമീകരണ യന്ത്രമായി (Information Processing Machine) അദ്ദേഹം കാണുന്നു. ഒരേ സമയം തന്നെ അതായിരിക്കുകയും, ഒപ്പം തന്നെ അതിന്റെ ഉള്ളടക്കം ആയിരിക്കുകയും ചെയ്യുക എന്ന പ്രതിഭാസം സൃഷ്ടിക്കുന്നതിന് (മനസ്സ് പോലെ), ഏറ്റവും കുറഞ്ഞ, എന്തൊക്കെ അടിസ്ഥാന ഘടകങ്ങൾ വേണമെന്ന് ആലോചിക്കലാണ് അടുത്ത പടി. ഏറ്റവും താഴ്ന്ന നിലയിലുള്ള ഈ ബോധപ്രതിഭാസത്തെ 'ചുറ്റുപാടുകളുടെ സാന്നിധ്യം' അഥവാ ‘ലോകസാന്നിധ്യം’ (presence of the world) എന്ന് തത്കാലം വിളിക്കാം.

ഇങ്ങനെ അടിസ്ഥാനപരമായ ബോധാനുഭവത്തെ സൃഷ്ടിക്കുന്നതിൽ ഒരു പ്രധാന ഘടകത്തെ 'സാർവ്വലൗകികത' (Globalist) എന്ന് വിളിക്കാം. അതായത് ഈ നിർമ്മിതിക്ക് ആവശ്യമായ വിവരങ്ങൾ പൊതുവായി ലഭ്യമാവുന്നതായിരിക്കണം. ചുരുക്കത്തിൽ അത്തരം വിവരങ്ങൾ ഒരു ലോക മാതൃകായോട് (World-Model) ചേർന്നിരിക്കുന്നവയായിരിക്കണം.

രണ്ടാമത്തെ ഘടകം 'വർത്തമാനകത' (Presentationality) ആണ്. അതായത് സമയത്തിന്റെ തുടർച്ചയയായ പ്രവാഹത്തിൽ അത് 'ഇപ്പോൾ' സംഭവിക്കുന്നതായിരിക്കണം. അതായത്, ബോധാനുഭവം എല്ലായിപ്പോഴും 'ഇപ്പോൾ' ആണ് സംഭവിക്കുന്നത് ('ഇന്നലെ' ഓർമ്മയും നാളെ 'പ്രതീക്ഷയും' ആണ്, 'അനുഭവം' 'ഇപ്പോൾ' സംഭവിക്കുന്നു).

മൂന്നാമത്തെ ഘടകം പ്രാതിഭാസിക-സുതാര്യതയാണ് (phenomenal Transparency). പ്രാതിഭാസിക-സുതാര്യതയെന്നാൽ ഒരു ബോധാനുഭവത്തെ വസ്തുനിഷ്ടമായ വിശകലനത്തിന് വിധേയമാക്കാനുള്ള കഴിവില്ലായ്‍മയാണ്. കാരണം അനുഭവം അതിൽ മാത്രം അടങ്ങിയിരിക്കുന്ന ഒന്നാണ്. ഇതാവട്ടെ വിവര ക്രമീകരണം നടത്തുന്ന പ്രക്രിയക്ക് (Information Processing), ആ പ്രക്രിയയുടെതന്നെ വിവിധ നിലകളെപ്പറ്റി അറിയാൻ കഴിയാത്തവിധമായ, ഘടനാപരമായ ഒരു അന്ധയാണ്, (structural blind-spot). പ്രതിപാദിക്കുന്ന ഉപകരണത്തിന് സ്വയം പ്രതിപാദനമാവാനുള്ള ഈ കഴിവില്ലായ്‍മ, പ്രാതിഭാസികമായ ഒരു അനുഭവത്തെ അനിഷേധ്യമായ ഒരു യാഥാർഥ്യത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു.             

മെറ്റ്‌സീൻഗറുടെ അഭിപ്രായത്തിൽ മനുഷ്യ ബോധത്തിന് രണ്ടു തലങ്ങൾ ഉണ്ട്. എല്ലായിപ്പോഴും അനുഭവിക്കുന്ന ഒരു ‘ഞാൻ’. ലോകത്തിനു അഭിമുഖമായി   നിന്നുകൊണ്ട്, ശ്രദ്ധിക്കുകയും, അറിയുകയും, ആഗ്രഹിക്കുകയും, തീരുമാനിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ‘ഞാൻ’. ഈ ഞാൻ, നമ്മുടെ ഇന്ദ്രിയ സംവേദനങ്ങളുടെയും വൈകാരിക പ്രതികരണങ്ങളുടെയും കേന്ദ്രത്തിൽ ഉറപ്പിച്ച, നമ്മെ പറ്റി തന്നെയുള്ള ഒരു ആന്തരിക ചിത്രമാണ്, നമ്മുടെ കാഴ്ചപ്പാടിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ നമ്മുടെ തന്നെ തലച്ചോർ നിർമിക്കുന്ന ഒരു ആന്തരിക ചിത്രം, കപടമായ ഒരു അനുകരണ മാതൃക. മറുവശത്താവട്ടെ, ഇത് നമ്മുടെ തലച്ചോറിന്റെ സൃഷ്ട്ടി മാത്രമാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരു കഴിവില്ലായ്‍മ, ഇത് യാഥാർഥ്യമെന്ന് ഒരു തെറ്റിധാരണ. നമ്മുടെ തലച്ചോറിലെ ന്യൂറോണുകൾ എങ്ങനെ പ്രവർത്തിച്ചു ഈ ചിത്രങ്ങൾ നിർമിക്കുന്നു എന്ന അജ്ഞത. മെറ്റ്‌സീൻഗറുടെ തന്നെ വാക്കുകളിൽ: 'നാം നോക്കുന്ന ജാലകം ഏതെന്നു നാം കാണുന്നില്ല പിന്നെയോ വെളിയിൽ, ആകാശത്തിൽ പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ മാത്രമേ നാം കാണുന്നുള്ളൂ'. അതായത്, ഈ ‘അഹം ബോധം’ എന്നത് നമ്മുടെ തലച്ചോറിന് സ്വയം അറിയാൻ കഴിയാത്ത വിവിധ പ്രക്രിയകളിലൂടെ, അതുതന്നെ സൃഷ്ട്ടിക്കുന്ന ഒരു ‘പ്രാതിഭാസിക സ്വയംമാതൃക’ മാത്രമാണ്. അതായത് മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആത്മനിഷ്ടമായി അനുഭവിക്കുന്ന ഒരു സത്തയുടെ നിലനിൽപ്പ് ഇല്ലാതെതന്നെ 'ഞാൻ' എന്ന ബോധ പ്രതിഭാസത്തിനു നിലനിൽക്കാൻ കഴിയും എന്ന് ചുരുക്കം.

മെറ്റ്‌സീൻഗറുടെ ഈ സിദ്ധാന്തം, തത്വശാസ്ത്രപരമായി പറഞ്ഞാൽ അതിഭൗതിക അന്യൂനീകരണം (Metaphysical non-reductionism) എന്ന് വിളിക്കാം. അടിസ്ഥാന പദാർഥങ്ങളുടെ കൂടിച്ചേരലിൽ നിന്നും, വിഘടനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസത്തിന് ഉണ്ടാകുവാനും അവയിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കുവാനും കഴിയും എന്ന് ഈ വിഭാഗം സിദ്ധാന്തിക്കുന്നു. ഉദാഹരണത്തിന് വെള്ളം; രണ്ട് ഹൈഡ്രജൻ കണങ്ങളും ഒരു ഓക്സിജൻ കണവും പ്രതിപ്രവർത്തനം നടത്തുന്നതിൽ നിന്നും ഉണ്ടാവുന്നു. എന്നാൽ അതിനു പുതിയൊരു ഗുണം, ഏതു വസ്തുവിൽനിന്നാണോ അത് ഉണ്ടായത്, അവക്കൊന്നും ഇല്ലാത്ത പുതിയൊരു ഗുണം- ദ്രവത്വം- ആഗമിക്കുന്നു. ഈ പുതിയ ഗുണം അതിഭൗതിക തലത്തിൽ അടിസ്ഥാന വസ്തുവിനെ ആവരണം ചെയ്തു (supervenes) നിൽക്കുന്നു.

അദ്വൈത വേദാന്തത്തിൽ 'മായ’യുടെ രണ്ട് ഗുണങ്ങളായി പറഞ്ഞിരിക്കുന്നത് ‘വിക്ഷേപണ’ത്വവും, ‘ആവരണ’ത്വവുമാണെന്നു നമുക്ക് വഴിയേ കാണാം