ആരാണ് ദൃഷ്ട്ടാവ് അഥവാ നിരീക്ഷകൻ?
ഈ പ്രപഞ്ചത്തിൽ നടക്കുന്ന ഏതൊരു പ്രവർത്തനത്തിനും ഒരു അർഥം ഉണ്ടാകണമെങ്കിൽ അതിനു ഒരു നിരീക്ഷകൻ ഉണ്ടായിരിക്കണം. കുറച്ചുകൂടെ ചിന്തിച്ചാൽ, ഒരു നിരീക്ഷകൻ ഇല്ലങ്കിൽ ഒരു സംഭവം ഉണ്ടായെന്ന് ആര് പറയുന്നു? ആ നിരീക്ഷകന് താൻ കണ്ട സംഭവത്തിന്റെ പൂർണ അർഥം മനസ്സിലായില്ലെങ്കിൽ പോലും, ഒരു നിരീക്ഷകൻ ഇല്ലാതെ നമുക്ക് ഒരു സംഭവത്തെപ്പറ്റി ഒന്നും ചിന്തിക്കാൻ കഴിയില്ല. ഒരു സംഭവം ഉണ്ടാവുന്ന സമയത്ത്, അല്ലെങ്കിൽ ആ സ്ഥലത്തുതന്നെ നിരീക്ഷകൻ ഉണ്ടായിരിക്കണമെന്നും നിര്ബന്ധമില്ല. പക്ഷെ ആ സംഭവത്തിന്റെ വർത്തമാനത്തിലോ ഭാവിയിലോ (ന്യൂട്ടോണിയൻ സങ്കല്പമനുസരിച്) ഒരു നിരീക്ഷകൻ ഉണ്ടായേ തീരു. എങ്കിൽ മാത്രമേ ആ സംഭവം നടന്നു എന്ന് പറയാൻ കഴിയൂ.
ഒരു മാതൃകാനിരീക്ഷകൻ അഥവാ ദൃഷ്ട്ടാവ് (ideal observer), നിരീക്ഷിക്കപ്പെടുന്ന ദൃശ്യത്തിൽ യാതൊരു അസ്വസ്ഥതയും (perturbation)
ഉണ്ടാക്കാൻ പാടില്ല. ഭൗതിക ശാസ്ത്രത്തിൽ അത്തരം നിരീക്ഷകരെയാണ് ‘വസ്തുനിഷ്ട’ നിരീക്ഷകർ എന്ന് പറയുന്നത്. എന്നാൽ നമ്മുടെ അറിവിൽ, അങ്ങനെയൊന്നു, സാധാരണഗതിയിൽ സാധ്യമല്ല. നിരീക്ഷകൻ നിരീക്ഷിക്കപ്പെടുന്ന വ്യവസ്ഥയിൽ (System) എല്ലായിപ്പോഴും
ഏതെങ്കിലും തരത്തിലുള്ള ഒരു ഇടപെടൽ നടത്തിക്കൊണ്ടിരിക്കും. ഭൗതിക ശാസ്ത്ര പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഇത്തരം ഇടപെടലുകൾ പരമാവധി കുറക്കലാണ് നിരീക്ഷണത്തിന്റെ കൃത്യത ഉറപ്പാക്കാനുള്ള ഒരേ ഒരു വഴി (5 sigma).
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ആപേക്ഷികതാ സിദ്ധാന്തത്തിലൂടെയും ക്വാൻഡംമെക്കാനിക്സിലൂടെയും ദൃഷ്ട്ടാവിന്റെ പ്രാധാന്യം പുനർനിർണയം ചെയ്യപ്പെട്ട കാര്യം മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. ആപേക്ഷികതയിലൂടെ, ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിലെ കേവലകാലം, കേവലസ്ഥലം എന്നിങ്ങനെയുള്ള അടിസ്ഥാന സങ്കല്പങ്ങൾ തകർക്കപ്പെട്ടു. പകരം വിവിധ റഫറൻസ് ഫ്രെയിമിൽനിന്നുള്ള നിരീക്ഷണങ്ങളുടെ ഫലങ്ങൾ മാത്രമായി അത് മാറ്റപ്പെട്ടു. ക്വാൻഡം മെക്കാനികിസ്ലാവട്ടെ, നിരീക്ഷകന് നിരീക്ഷണഫലത്തെ സ്വാധീനിക്കാ മെന്നുമാത്രമല്ല, നിരീക്ഷണഫലം തന്നെ യഥേഷ്ടം സൃഷ്ട്ടിക്കാൻ തരത്തിൽ, തമ്മിൽ, നിഗൂഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെട്ടു (wave function).
ചെറിയൊരു ഉദ്ദാഹരണത്തിലൂടെ നമുക്ക് പല കാഴ്ചപ്പാടിലുള്ള നിരീക്ഷകനെ ഒന്ന് സങ്കൽപ്പിച്ചു നോക്കാം.
ഒരു രാത്രിയിൽ ഞാൻ തെളിഞ്ഞ ആകാശത്തേക്ക് നോക്കുന്നു എന്നിരിക്കട്ടെ. ഭൂമിയിൽനിന്നും നഗ്ന നേത്രങ്ങൾകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള നക്ഷത്രത്തെ നോക്കുക എന്നാണു ഉദ്ദേശം. ഭൂമിയിൽനിന്നും ഏതാണ്ട് 1550 പ്രകാശവർഷം
അകലെ, സിഗ്നസ് (Cygnus) നക്ഷത്രക്കൂട്ടത്തിലുള്ള
ഡെനീബ് (Deneb) എന്ന നക്ഷത്രത്തെയാണ് ഞാൻ നോക്കുന്നത്.
ന്യൂട്ടോണിയൻ കാഴ്ചപ്പാടിൽ ഞാൻ ശരിക്കും ആ നക്ഷത്രത്തെ ഇപ്പോൾ അവിടെ നിൽക്കുന്നതായി കാണുന്നു. കാരണം ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിൽ പ്രകാശത്തിന്റെ വേഗം ഇക്കാര്യത്തിൽ പരിഗണനീയമല്ല. പ്രപഞ്ചത്തിൽ എവിടെ നിൽക്കുന്ന ആളും കാണുന്നത് ഒരുപോലെയാണ്. എവിടെയും 'ഇപ്പോൾ' എന്നുപറഞ്ഞാൽ നമ്മുടെ 'ഇപ്പോൾ' തന്നെയാണ്.അതുകൊണ്ടു ‘ഇപ്പോൾ’ അവിടെയുള്ള നക്ഷത്രത്തെ ഞാൻ ‘ഇപ്പോൾ’ തന്നെ കാണുന്നു.
ഐൻസ്റ്റീനിയന് കാഴ്ചപ്പാടിൽ ഞാൻ കാണുന്നത് വളരെ പഴയ ഭൂതകാലമാണ്, 1550 വര്ഷം മുൻപ്
ഉണ്ടായിരുന്ന ഒരു നക്ഷത്രത്തെയാണ് ഞാൻ കാണുന്നത്. കാരണം ഐൻസ്റ്റീനിയന് ഭൗതികത്തിൽ പ്രകാശത്തിന്റെ വേഗം സെക്കൻഡിൽ 186000 mile (3,00, 000കിലോമീറ്റർ)
ആണ്. അതായത് ഞാൻ കാണുന്ന പ്രകാശം ആ നക്ഷത്രത്തിൽ നിന്നും സഞ്ചരിക്കാൻ തുടങ്ങിയിട്ട് 1550 വര്ഷം കഴിഞ്ഞിരിക്കുന്നു. (അതായത് ഞാൻ നോക്കുന്നത് ഇന്ത്യയിലെ ഗുപ്ത കാലഘട്ടത്തിലേക്കാണ്, ഹൂണന്മാർ ആദ്യമായി ആക്രമിച്ചു കയറുന്ന ഇന്ത്യ).
ക്വാൻഡം മെക്കാനിക്സിന്റെ ഉത്തരത്തിൽ ഞാൻ നക്ഷത്രത്തെ കാണുന്നേയില്ല. ഡെനീബ് എന്ന നക്ഷത്രം സ്ഥല-കാലത്തിലൂടെ സെറ്റപ്പ് ചെയിത ഒരു വൈദ്യുത-കാന്ത ഫീൽഡിനെയാണ് ഞാൻ കാണുന്നത്. യഥാർത്ഥത്തിൽ എന്റെ ചുറ്റുപാടുമുള്ള ഫീൽഡും (local field) എന്റെ
കണ്ണിന്റെ റെറ്റിനായും തമ്മിലുള്ള ഒരു പാരസ്പര്യം (interaction) മാത്രമാണിത്. ഊർജ്ജം ഈ ഫീൽഡിൽനിന്നും എന്റെ റെറ്റിനായിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, എന്റെ ചുറ്റുപാടുമുള്ള ഫീൽഡ് അതനുസരിച്ചു പരിഷ്ക്കരിക്കപ്പെടുകയും (modify) ചെയിതു. എനിക്ക് ആ അവസ്ഥയെ ഒരു നക്ഷത്രത്തെ കാണുന്നതായി വേണമെങ്കിൽ വ്യാഖ്യാനിക്കാം, അല്ലെങ്കിൽ എന്റെ ചുറ്റുമുള്ള ഫീൽഡിന്റെ ഒരു പരിഷ്കരണം മാത്രമായി ആയി വ്യാഖ്യാനിക്കാം.
ഇതെല്ലാം മൂന്നുതരത്തിലുള്ള വെറും വ്യാഖ്യാനങ്ങൾ അല്ലെ എന്ന് ചോദിക്കാം. അതെയെന്നുതന്നെയാണ് ഉത്തരം. പക്ഷെ ചോദ്യം മറ്റൊന്നാണ്, എന്തിന്റെ വ്യാഖ്യാനം? ഞാൻ കണ്ട ഒരു സംഭവത്തിന്റെ വ്യാഖ്യാനം, അങ്ങനെ ഒരു ദൃഷ്ട്ടാവ് ഉണ്ടായതുകൊണ്ടാണ് ആ ദൃശ്യത്തിന് ഒരു അർധം ഉണ്ടായത്, ദൃഷ്ട്ടാവ് ഇല്ലെങ്കിൽ ദൃശ്യം എന്നൊന്നില്ല. ഒരു പടികൂടി കടന്നു ചിന്തിച്ചാൽ ഈ ദ്രശ്യംതന്നെ ദൃഷ്ട്ടാവ് സൃഷ്ട്ടിക്കുന്നതല്ലേ? ഒറ്റ നോട്ടത്തിൽ ഈ ചോദ്യത്തിൽ ഒരു കോമൺസെൻസ് ഇല്ലായ്മ ഉണ്ട് എന്ന് തോന്നാം. എന്നാൽ കുറച്ചു ആഴത്തിൽ ആലോചിച്ചാൽ ചോദ്യം ശരിതന്നെയല്ലേ എന്ന് തോന്നിത്തുടങ്ങും. അതിന് കാഴ്ചയുടെ മെക്കാനിസത്തിലേക്കു കടക്കണം.
ഉദാഹരണമായി മനുഷ്യന്റെ കാഴ്ച തന്നെയെടുക്കാം. നാം ഒരു വസ്തുവിലേക്കു നോക്കുമ്പോൾ ആ വസ്തുവില്നിന്നും പ്രതിഫലിക്കുന്ന പ്രകാശ രശ്മികൾ നമ്മുടെ കണ്ണിൽ പതിക്കുന്നു. അവിടെ അത് വൈദ്യത സൂചനകളായി (signals) ആയി
ഒപ്റ്റിക് നെർവ് വഴി തലച്ചോറിലെ തലാമസ് എന്ന സ്ഥാനത്തേക്ക് അയക്കുന്നു. അവിടെനിന്നും അത് വിഷ്വൽ കോര്ട്ടെക്സിൽ എത്തുന്നു. അവിടെ അത് വിശദമായി വിശകലനം ചെയ്ത് രൂപം, നിറം, ചലനം, ദൃശ്യത്തിന്റെ ആഴം എന്നിങ്ങനെ നിർമിച്ചു അതൊരു ദൃശ്യമായി നമുക്ക് നൽകുന്നു. അപ്പോൾ വിവിധ വർണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഈ പൂമരങ്ങളും, മരതകപച്ച പുതച്ചു നിൽക്കുന്ന ഈ വനഭംഗിയുമെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണെന്നാണോ പറയുന്നത്?. അതെ, ഈ ചെന്താമരകളും മഞ്ഞ മന്ദാരങ്ങളും എല്ലാം യാഥാർഥ്യങ്ങളാണ്, പക്ഷെ നമുക്ക് മാത്രമേ അത് അറിയൂ, അറിയാൻ കഴിയൂ.
വസ്തുക്കൾ നിർമിച്ചിരിക്കുന്നത് 'ആറ്റം' കണങ്ങൾ കൊണ്ടാണെന്നു നമുക്ക് അറിയാം. ഈ ആറ്റമുകൾ ചില ആവൃത്തികളിലുള്ള പ്രകാശത്തെ ആഗീരണം ചെയ്യാനും ചിലതിനെ പ്രതിഭലിപ്പിക്കാനും കഴിന്നവയാണ്. ഒരു പ്രകാശ രശ്മി ഒരു വസ്തുവിൽ പതിക്കുമ്പോൾ, ഉദാഹരണത്തിന് നല്ല പഴുത്ത് 'മഞ്ഞയായ' പഴം, ഏതാണ്ട് 570-580 നാനോ മീറ്റർ
ആവൃത്തിയിലുള്ള ഒരു രശ്മി പ്രതിഫലിക്കുന്നു. ആ രശ്മി നമ്മുടെ കണ്ണിലെ പ്രകാശ സംവേദിയായ റെറ്റിനയിൽ പതിക്കുന്നു. റെറ്റിനയിൽ ഏതാണ്ട് 0.3 മില്ലിമീറ്റർ
വലുപ്പത്തിലുള്ള ചെറിയൊരു വൃത്തത്തിൽ ഉള്ള ചെറിയ സെല്ലുകൾ (photoreceptors/Cones)
ഉത്തേജിതമാവുന്നു, ഒരു സാധാരണ മനുഷ്യരിൽ ഏതാണ് ഇത്തരം 60-70 ലക്ഷം സെല്ലുകൾ ഉണ്ടന്നാണ് കണക്ക്. ഈ സെല്ലുകൾ വിവിധ ആവൃത്തിയിലുള്ള പ്രകാശങ്ങളോട് വിവിധ രീതിയിലാണ് പ്രതികരിക്കുന്നത്. ഇത്തരം പ്രതികരണങ്ങളുടെ ഉൽപ്പന്നമായ വൈദ്യുത തരംഗങ്ങൾ മുൻപ് പറഞ്ഞതുപോലെ വിഷ്വൽ കോര്ട്ടെക്സിൽ വിശകലനം ചെയ്തു ഒരു 'നിറം' നൽകുന്നു, മഞ്ഞ.
മനുഷ്യന് ഇങ്ങനെ നിറങ്ങൾ നിർമിക്കുവാൻ കഴിവുള്ള
മൂന്നുതരം കോൺസ് (Cones) ഉണ്ട്. അതുകൊണ്ടുതന്നെ മറ്റു ബഹുഭൂരിപക്ഷം ജീവികളേക്കാൾ നിറങ്ങൾ നിർമിക്കുവാൻ മനുഷ്യന് കഴിയും. പക്ഷെ ചില പക്ഷികളും, ചിലതരം മീനുകളും നമ്മുളെക്കാൾ കേമന്മാരാണ് ഇക്കാര്യത്തിൽ. അവക്ക് നാലുതരം കോണുകൾ ഉണ്ട് (Tetrachromats), അൾട്രാ വയലറ്റ് രശ്മികൾ പോലും അവക്ക് സ്വീകരിക്കാൻ കഴിയും. അവ കാണുന്ന ലോകം നമ്മുടേതില്നിന്നും എത്ര വ്യത്യസ്തം ആയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. കൊഞ്ച് വർഗത്തിൽപ്പെട്ട ഒരു ജീവിക്കു (Mantis shrimp) 12 തരം
കോണുകളാണ് കണ്ണിൽ. അവ കാണുന്ന ലോകം എന്താവാം?
ഇവിടെ ഇപ്പോൾ നാം പറയുന്നത് ഒന്നുകൂടെ അടുത്തു അറിയാൻ ശ്രമിക്കാം. ഒരു ദൃശ്യത്തിൽ നിന്നും പ്രതിഫലിക്കപ്പെടുന്ന രശ്മികൾ എന്റെ കണ്ണിന്റെ റെറ്റിനയിൽ പതിക്കുമ്പോൾ, അതിലെ ചില സെല്ലുകൾ വിവിധ രീതിയിൽ ഉത്തേജിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായുണ്ടായ സിഗ്നലുകൾ തലച്ചോറിലെ വിവിധ സങ്കേതങ്ങളിലുള്ള ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ഇത്, ഈ പ്രക്രിയ നടക്കുമ്പോൾ, എന്റെ ശരീരത്തിൽ ഉണ്ടാവുന്ന പ്രവർത്തനങ്ങൾ, രണ്ടാമതൊരാൾക്കു അളക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്. അങ്ങനെ അളക്കാൻ കഴിയുന്ന ശാരീരിക പ്രവർത്തനങ്ങൾ വളരെ വിദൂരങ്ങളായ ചില സൂചകങ്ങൾ ആവാം എന്നതിൽ കവിഞ്ഞു അതിനു യാഥാർത്ഥ്യങ്ങളുമായി വലിയ സാമ്യം ഒന്നും ഇല്ലെന്നു നമുക്ക് കാണാവുന്നതാണ്. ഇവിടെയൊന്നും ഒരു നിരീക്ഷകൻ ഇല്ല. അത്തരം ഉത്തേജനങ്ങൾ ചില അർദ്ധങ്ങൾ ആയി വ്യാഖ്യാനിക്കപ്പെടുമ്പോൾ പോലും നിരീക്ഷകൻ അഥവാ ദൃഷ്ട്ടാവ് രംഗത്തില്ല. ഈ അർഥങ്ങൾ പിന്നീട് ചിന്തകളായി മനസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നു ആ ചിന്തകളെയാണ് യഥാർത്ഥത്തിൽ ഞാനെന്ന ദൃഷ്ട്ടാവ് അറിയുന്നത്.
ഒരു fMRI (Functional Magnetic Resonance Imaging)
ഉപയോഗിച്ച് സന്തോഷിക്കുമ്പോഴോ ദുഖിക്കുമ്പോഴോ എന്റെ തലച്ചോറിന്റെ ഏതൊക്കെ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറയുന്നതിന് ഇന്ന് ഒരു വിഷമവുമില്ല. തിരിച്ചു, എന്റെ തലച്ചോറിന്റെ ഒരു ഭാഗം ഉത്തേജിപ്പിക്കപ്പെടുമ്പോൾ, അപ്പോൾ ഞാൻ സന്തോഷിക്കുകയാണോ ദുഖിക്കുകയാണോ എന്നൊക്കെ പറയാനും കഴിയും. പക്ഷെ അനുഭവം എന്റേത് മാത്രമാണ്. വേറൊരാൾക്ക് അത് അനുഭവവേദ്യമല്ല. മനോഹരമായ ഒരു പാട്ട്, അതിലെ ശബ്ദ വീചികളുടെ ആവൃത്തി വ്യതിയാനങ്ങൾ നാം ഒരു കമ്പ്യൂട്ടറിൽ കാണുന്നതും, ആ പാട്ട് കേൾക്കുന്നതും തമ്മിൽ എന്താണോ വ്യത്യാസം, അതുപോലെ. കാണുന്നത് പാട്ടല്ല, ശബ്ദ വീചികൾ എങ്ങനെ മാറുന്നു എന്നുള്ള നമ്മുടെ ഇന്നത്തെ അറിവിന്റെ ഉള്ളിൽ നിന്നുകൊണ്ട്, നാം സൃഷ്ട്ടിക്കുന്ന, ഒരു മോഡൽ മാത്രമാണത്. അത് യാഥാർഥ്യമല്ല.