Wednesday, 31 August 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (18- തുടര്ച്ച)


ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അതിരുകളിൽ (Frontier) ഇന്ന് നിലനിൽക്കുന്ന ചില ചിന്തകളാണ് നാം കണ്ടത്. നാം ഇന്ന് അറിയുന്ന പ്രപഞ്ചത്തിന്റെ വസ്തുനിഷ്ടത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ? ഉണ്ടാവാം എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെന്നുള്ളതാണ് വസ്തുത. എന്താണീ വസ്തുനിഷ്ടം, ആത്മനിഷ്ടം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്? അതേപ്പറ്റി അൽപ്പം ചിന്തിക്കാം.

നാം ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തെ വീക്ഷിക്കുമ്പോൾ, ഒറ്റ നോട്ടത്തിൽ നമുക്ക് കാണാൻ കഴിയുന്നത് മൂന്നു തരത്തിലുള്ള വസ്തുക്കളോ പ്രതിഭാസങ്ങളോ ആണ്.

ഒന്ന്, ഖര-ദ്രവ-വാതക-പ്ലാസ്മ രൂപത്തിൽ സ്ഥിതിചെയ്യുന്ന, പദാർദ്ധം (മാറ്റർ) എന്ന് നാം വിളിക്കുന്ന, ആ ഒന്ന്.

രണ്ട്- പ്രകാശം, ചൂട്, ചലനം, ഊർജ്ജം, ബലം എന്നുതുടങ്ങുന്ന ചില പ്രതിഭാസങ്ങൾ. ഈ രണ്ടാമത്തെ ഗണത്തിന് ഒരു പ്രത്യകത എന്തെന്നാൽ ഇവ ആദ്യം പറഞ്ഞ പദാർഥവുമായി ഒരു സാമ്യവുമില്ലെങ്കിലും ഇവയെ പദാർഥത്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയില്ല. അതുകൊണ്ടു പലപ്പോഴും നാം ഇവ രണ്ടിനെയും ഒരു സൂപ്പർ ഗണമായി പരിഗണിക്കുന്നു.

മൂന്നാമതായി, മുൻപറഞ്ഞതിൽനിന്നെല്ലാം വ്യത്യസ്തമായി 'ഞാൻ’ ‘ഉണ്ട്’ എന്ന് നമ്മുടെയെല്ലാം ഉള്ളിലുള്ള ബോധം. ഇതിനു മുൻപറഞ്ഞ രണ്ട് ഗണങ്ങളുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. അത് നമ്മുടെ ഉള്ളിലും മറ്റുള്ളവ രണ്ടും നമ്മുടെ പുറത്തുമാണ്. 'ഞാൻ' 'ഉണ്ട്' എന്ന ഈ ബോധം നമുക്ക് മാത്രം ഉള്ളതാണ്. അതുകൊണ്ടു അത് ആത്മനിഷ്ട്ടവും മറ്റുള്ളവ വസ്തുനിഷ്ടവുമായി കണക്കാക്കപ്പെടുന്നു.  

ആദിശങ്കരൻ, 'അപരോക്ഷാനുഭൂതി' എന്ന പ്രകരണ (Introductory) ഗ്രന്ഥത്തിൽ അനുഭൂതിയെ അഥവാ അനുഭവത്തെ മൂന്നായി തിരിക്കുന്നു; പ്രത്യക്ഷം, പരോക്ഷം, അപരോക്ഷം എന്നിങ്ങനെ. അക്ഷം എന്നാൽ കണ്ണ്. പ്രത്യക്ഷം എന്നാൽ പ്രതി അക്ഷം, (ഇവിടെ അക്ഷം എന്നത് കണ്ണ്, മൂക്ക്, ത്വക്ക്, ചെവി, നാക്ക് എന്ന പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു) അതായത് പഞ്ചേന്ദ്രിയങ്ങളോ അവയുടെ കൃത്രിമ ബലപ്പെടൽ വഴിയോ ലഭിക്കുന്ന അനുഭവങ്ങൾ (Empirical). പ്രത്യക്ഷ അനുഭവങ്ങളിൽ നിന്നും യുക്തി പൂര്‍വ്വമുളള അനുമാനങ്ങളിലൂടെ നേടുന്ന അറിവ് (induction, Inference etc) പരോക്ഷാനുഭൂതി. ഇതിൽ രണ്ടിലും പെടാത്ത അനുഭവമാണ് അപരോക്ഷാനുഭൂതി, അതായത് ഞാൻ ഉണ്ട് എന്ന് അറിയാൻ നമുക്ക് പഞ്ചേന്ദ്രിയങ്ങളുടെ സഹായം ആവശ്യമില്ല, അതിനു ഒരു യുക്തി യുടെയോ അനുമാനത്തിന്റെയോ ആവശ്യമില്ല. നാം ഉണ്ടെന്നു നാം അറിയുന്നു. എങ്ങനെയെന്നാൽ, ആ ‘അറിവാണ്’ നാം. അത് പ്രത്യക്ഷമോ പരോക്ഷമോ അല്ല, അപരോക്ഷം ആണ്.

ഈ വിഷയത്തിലുള്ള അന്വേഷണം മുഖ്യധാരശാസ്ത്രം അതിന്റെ പരിധിയിൽ പെടുത്തുന്നില്ല. അതുകൊണ്ടു നമുക്ക് തൽക്കാലം ആദ്യം പറഞ്ഞ രണ്ട് ഗണത്തിലേക്ക് മാത്രം ഇപ്പോൾ ചുരുക്കാം. ഈ വിഷയത്തിൽ പിന്നീട് തിരിച്ചു വരാം.

പ്രപഞ്ച നിർമിതിയുടെ അടിസ്ഥാന വസ്തു എന്തെന്നുള്ള നമ്മുടെ പൗരാണിക ദർശിനികരുടെ അന്വേഷണത്തിൻറെ ഒരു ഏകദേശ ചിത്രം നാം മുൻപ് കണ്ടു. ഇനി പാശ്ചാത്യ അന്വേഷകരിലേക്കു തിരിയാം. ദർശിനികതലത്തിൽ അടിസ്ഥാന വസ്തു ജലമാണെന്നും, അഗ്നിയാണെന്നും ഒക്കെ വാദിച്ച ഗ്രീക് ചിന്തകന്മാർ ഉണ്ടായിരുന്നു.

ലൂസിപ്പസ്, ഡെമോക്രറ്റുസ് (BC 435-410) എന്നിവരുടെ അണു സിദ്ധാന്തമാണ് അതിൽ ഏറ്റവും വിജയകരമായത്. പദാർഥത്തെ മുറിച്ചു മുറിച്ചു ചെല്ലുമ്പോൾ പിന്നീട് മുറിക്കാൻ കഴിയാത്ത ഒരു നിലയിൽ എത്തും, അതാണ് അണു. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഇത്തരം അണുക്കളെക്കൊണ്ടാണ് ഈ ലോകത്തിന്റെ സൃഷ്ട്ടി. അണുക്കൾ രൂപത്തിലും വലുപ്പത്തിലും മാത്രം വ്യത്യാസപ്പെട്ടിരിക്കും. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഈ അണുക്കൾ നിരന്തരമായി കൂട്ടിഇടിച്ചുകൊണ്ടിരിക്കും. ഇത്തരം കൂട്ടിയിടിക്കിടയിൽ അവയുടെ പ്രതലങ്ങളിലുള്ള മുനകളും കൊളുത്തുകളും മൂലം, തമ്മിൽ, കൂടിച്ചേരുകയോ വിഘടിക്കുകയോ ചെയ്യും. നാം കാണുന്ന ഈ പ്രത്യക്ഷ ലോകത്തിലുള്ള എല്ലാ മാറ്റങ്ങളും ഇത്തരത്തിലുള്ള നിരന്തര കൂടിച്ചേരലുകളുടെയും വിഘടനകളുടെയും ഫലമാണ്. 
  
ഡെമോക്രിറ്റസിന്റെ അണു സിദ്ധാന്തത്തെ പിന്നീടുവന്ന അരിസ്റ്റോട്ടിൽ (BC 350) ശക്ത്തമായി വിമർശിച്ചു. ലോകത്തിന്റെ നിർമിതി സ്വതന്ത്രമായി സഞ്ചരിക്കുന്ന ചെറുകണങ്ങൾകൊണ്ടല്ലെന്നും അഗ്നി, ഭൂമി, ജലം, വായു എന്നുള്ള അടിസ്ഥാന വസ്തുക്കൾ കൊണ്ടാണെന്നും അദ്ദേഹം വാദിച്ചു. അതനുസരിച്, ഭൂമി കേന്ദ്രമായും അതിനു മുകളിൽ അര്‍ദ്ധ വൃത്താകാരത്തിലുള്ള വെവ്വേറെ മേല്‍ക്കൂരകളിൽ സഞ്ചരിക്കുന്ന സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ ഉൾപ്പെടുത്തി ഒരു പ്രപഞ്ച രൂപവും നിർദേശിച്ചു. മഹാ പ്രതിഭാശാലിയായിരുന്ന അരിസ്റ്റോട്ടിലിന്റെ സ്വാധീനവും, പിന്നീട്, റോമൻ കത്തോലിക്കാ സഭക്ക് അദ്ദേഹത്തിൻറെ പ്രപഞ്ച രൂപം വളരെ സൗകര്യപ്രദമായിരുന്നതിനാലും, ഏതാണ്ട് രണ്ടായിരം കൊല്ലത്തോളം ഈ വീക്ഷണം നിലനിന്നു.
  
ആധുനിക ശാസ്ത്രത്തിന്റെ പിറവിയിലൂടെ   അരിസ്ടോട്ടീലിയൻ കാലഘട്ടം അവസാനിക്കുകയായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങളും, ഗണിത ശാസ്ത്രവും ഉപയോഗിച്ചുള്ള ശാസ്ത്രത്തിന്റെ പിറവി ഗലീലിയോ ഗലീലി എന്ന മഹാനിലൂടെയായിരുന്നു (1564-1642)

സ്വന്തമായി നിർമിച്ച ടെലിസ്കോപ്പിലൂടെ ശനിയുടെ വലയങ്ങളും, വ്യാഴത്തിന്റെ ചന്ദ്രന്മാരെയും, സൂര്യ കളങ്കങ്ങളും, ചന്ദ്രന്റെ പരുപരുത്ത പ്രതലവും അദ്ദേഹം കണ്ടു. ഈ നിരീക്ഷണങ്ങളുടെയെല്ലാം പരിസമാപ്ത്തി, ഭൂകേന്ദ്രിതമായ പ്രപഞ്ച വീക്ഷണത്തെ സൂര്യകേന്ദ്രിതമായ, കൂടുതൽ ശരിയായ,  ഒരു പ്രപഞ്ച വീക്ഷണത്തിന്റെ നിർദ്ദേശമായിരുന്നു. എന്നാൽ, സൂര്യ കേന്ദ്രിതമായ ഒരു പ്രപഞ്ചത്തെ ബൈബിളിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുവാൻ കഴിയില്ലെന്ന് കണ്ട കത്തോലിക്കാ സഭ അതിനെ ശക്ത്തമായി എതിർത്തു. ഫലമോ? 1616-ഇൽ അദ്ദേഹത്തിന് വിചാരണ നേരിടേണ്ടി വന്നു. പിന്നീട് 1633-ഇൽ വീണ്ടും വിചാരണ ചെയ്തു, മരണം വരെ അദ്ദേഹത്തിന് വീട്ടു തടങ്കലിൽ കിടക്കേണ്ടി വന്നു. 

ഗലീലിയോ ഗലീലി മരിച്ച വര്ഷം (1642) തന്നെ മറ്റൊരു മഹാ പ്രതിഭയുടെ ജനനമാണ് നാം കാണുന്നത്. പിന്നീട് അങ്ങോട്ട് ഏതാണ്ട് അഞ്ഞൂറ് വർഷത്തോളം ഒരു കുലുക്കവും തട്ടാതെ നിന്ന ഭൗതിക ശാസ്ത്രത്തിന്റെയും ലോകവീക്ഷണത്തിന്റെയും ഉപജ്ഞാതാവായ സാർ ഐസക് ന്യൂട്ടൻ ആയിരുന്നു അത് (1642-1727). ന്യൂട്ടന്റെ അഭിപ്രായത്തിൽ പദാർദ്ധം അല്ലെങ്കിൽ ദ്രവ്യം നിർമിച്ചിരിക്കുന്നത് കട്ടിയായ, മുറിക്കാൻ കഴിയാത്ത കണികകളാലാണ്. ആദിയിൽ ദൈവം സൃഷ്ട്ടിച്ച ഈ കണികകൾ സാധാരണ മനുഷ്യ ശക്ത്തികൊണ്ടു മുറിക്കാൻ കഴിയാത്തവയാണ്. ഈ കണികകൾ തമ്മിലുള്ള പാരസ്പര്യം (Interaction) മൂലമുണ്ടാവുന്ന യാന്ത്രിക നിയമങ്ങളാൽ ചലിക്കുന്ന ഒരു വലിയ യന്ത്രമാണ് ഈ പ്രപഞ്ചം.

ന്യൂട്ടൺ, ഡെകാർട്ടെ, ലെബിന്റ്സ് തുടങ്ങിയ 17-18 നൂറ്റാണ്ടുകളിലെ മിക്ക  ശാസ്ത്രജ്ഞന്മാരെല്ലാം കടുത്ത ദൈവവിശ്വാസികളും കൂടെയായിരുന്നു.  അതുകൊണ്ടുതന്നെ ദൈവവും ഈ പ്രപഞ്ചയന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാത്രമായിരുന്നു അവർ തമ്മിലുള്ള വലിയ അഭിപ്രായ വ്യത്യാസം. ന്യൂട്ടന്റെ അഭിപ്രായത്തിൽ ഈ യന്ത്രം ശ്രദ്ധിക്കപ്പെടാതെയോ ഇടെക്കിടെയിലുള്ള അറ്റകുറ്റപ്പണി നടത്താതെയിരിക്കുകയോ ചെയ്താൽ  ഇതിനു ചില്ലറ ദോഷങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. അതുകൊണ്ടു ദൈവത്തിന്റെ കരങ്ങൾ എല്ലായിപ്പോഴും ഇതിന്റെ പിന്നിൽ ഉണ്ടായിരിക്കും. എന്നാൽ പ്രപഞ്ച യന്ത്രത്തിന്റെ വെറുമൊരു അറ്റകുറ്റപ്പണിക്കാരൻ മാത്രമായി ദൈവത്തെ കാണാൻ ലെബനിട്സ് തയ്യാർ അല്ലായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കുറവുകൾ ഒന്നും ഇല്ലാത്ത, എല്ലാം പൂർണമായ ദൈവം സൃഷ്ട്ടിച്ച ഈ പ്രപഞ്ചവും കുറവുകൾ ഒന്നും ഇല്ലാത്തതാണ്, അങ്ങനെ അവന് കഴിയു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നാം കാണുന്ന ഈ പൊരുത്തക്കേടുകൾ എല്ലാം, ഈ യന്ത്രത്തെ നാം ശരിക്കു മനസ്സിലാക്കാത്തതിനാലാണ്.

സ്ഥലകാലങ്ങളെക്കുറിച്ചും ന്യൂട്ടനും ലെബിൻറ്സും തമ്മിൽ ഏറ്റുമുട്ടി. സ്ഥലവും കാലവും നിരുപാധികവും കേവലവുമായ യാഥാർഥ്യങ്ങളാണ്. ഭൗതിക വസ്തുക്കൾ നിരന്തരമായി സഞ്ചരിക്കുന്നതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതും ഈ ചട്ടക്കൂടിനുള്ളിലാണ്. ഈ ചട്ടക്കൂട് സ്വതന്ത്രവും, മാറ്റമില്ലാത്തതും, നമ്മുടെ എല്ലാ പരീക്ഷങ്ങളിൽനിന്നും സ്വതന്ത്രവുമാണ്, ന്യൂട്ടൻ വിശ്വസിച്ചത് ഇങ്ങനെയാണ്. ലെബനിറ്റസിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്ഥലവും കാലവും എന്നാൽ സംഭവങ്ങളുടെ ഒരു അടുക്കിവയ്ക്കൽ മാത്രമാണ്(order of events). സ്ഥലം എന്നാൽ സഹവർത്തത്വത്തിന്റെ അടുക്കും (order of coexistence) സമയമെന്നാൽ മുൻ-പിൻ ക്രമത്തിന്റെ അടുക്കലുമാണ്(ordering of successions). ജനറൽ റിലേറ്റിവിറ്റിയുടെയും സ്ഥലകാല സാകല്യത്തിന്റെയും യാഥാർഥ്യങ്ങളോട് ലെബിനിട്സ് എത്രത്തോളം അടുത്തിരുന്നുവെന്നു കാണുക. എങ്കിലും ന്യൂട്ടന്റെ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്.

ഈ രണ്ടു മഹാ ശാസ്ത്രജ്ഞമാരും   ‘കാൽക്കുലസ്’ എന്ന ഗണിത ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിലും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ന്യൂട്ടൺ, 1664-66 കാലഘട്ടത്തിൽ ഇത് വികസിപ്പിച്ചിരുന്നെങ്കിലും 1693-ലാണ് പ്രസദ്ധീകരിക്കുന്നത്. മറിച്, ലെബനിട്സ് 1672-76 കാലഘട്ടത്തിൽ വികസിപ്പിക്കുകയും 1684-ഇൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, ന്യൂട്ടന് പ്രസിദ്ധപ്പെടുത്തുന്നതിനും ഒൻപതു കൊല്ലം മുൻപ്. ന്യൂട്ടൺ ഇഗ്ളീഷുകാരനും ലെബനിട്സ് ജർമൻ കാരനും ആണെന്ന് ഓർക്കുക. ലെബനിട്സ്, ന്യൂട്ടന്റെ കണ്ടുപിടുത്തം മോഷ്ടിച്ചതാണെന്ന് ആരോപണം ഉണ്ടായി. ഇത് ശാസ്ത്രലോകത്തിൽ രണ്ടു ദേശീയതകളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിലേക്കു വഴിതിരിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ എത്തി. ഇതേപ്പറ്റി അന്വേഷിക്കാൻ റോയൽ സൊസൈറ്റി ഒരു കമ്മീഷനെ വച്ചു.

സർ ഐസക് ന്യൂട്ടൺ പ്രസിഡണ്ട് ആയിരിക്കുന്ന റോയൽ സൊസൈറ്റിയുടെ തീരുമാനം മറ്റെന്താകാൻ? ലെബനിട്സ് കുറ്റകാരൻ ആണെന്ന് കമ്മീഷൻ വിധിയെഴുതി.

എന്നാൽ സത്യം അതല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രണ്ടുപേരും സ്വതന്ത്രമായി വികസിപ്പിച്ചതുതന്നെയെന്നു പിന്നീട് ശാസ്ത്രലോകത്തിന് മനസ്സിലായി. കുറേക്കൂടെ എളുപ്പമുള്ള നൊട്ടേഷനുകളാണ് (ചിഹ്നം) ലെബനിട്സ് ഉപയോഗിച്ചിരുന്നത്. പക്ഷെ   അപ്പോഴേക്കും ലെബനിട്സ് മരിച് കഴിഞ്ഞിട്ടുണ്ടായിരുന്നു.  ഏറെക്കാലം യൂറോപ് ലേബെനിറ്റസിന്റെ രീതിയും ഇംഗ്ലണ്ട് ന്യൂട്ടന്റെ രീതിയും ഉപയോഗിച്ച് വന്നു.

1803-ഇൽ ജോൺ ഡാൽട്ടൻ പുതിയൊരു അണു സിദ്ധാന്തം അവതരിപ്പിച്ചു. നിരവധി പരീക്ഷങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വ്യക്ത്തമായ കണക്കുകളോടെയായിരുന്നു ഡാൽട്ടന്റെ അണു മാതൃക. സുദൃഢമായ ഗോളാകൃതിയിലുള്ളതായിരുന്നു ഡാൽട്ടന്റെ അണുവെങ്കിലും അതിനു അളക്കാൻ കഴിയുന്ന പിണ്ഡം (മാസ്)   ഉണ്ടായിരുന്നു. ഡാൽട്ടന്റെ ഈ മോഡലാണ് പിന്നീട് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും ഒരു പ്രധാന നിയമമായ   'മാസ് സംരക്ഷണ' നിയമത്തിലേക്കു വികസിപ്പിച്ചത് (Law of conservation of mass). 
   
1890-കളിൽ   കേംബ്രിഡ്ജ് പ്രൊഫെസ്സറായിരുന്ന ജെ ജെ തോംസൺ കാതോട് റേ ട്യൂബ് എന്നൊരു ഉപകരണം പരീക്ഷണ വിധേയമാക്കുകയായിരുന്നു. ഒരു സീൽഡ് ഗ്ളാസ് ട്യൂബിൽ രണ്ടു ഇലക്ട്രോഡുകൾ, അവക്കിടയിൽ ശൂന്യ സ്ഥലം. ഈ രണ്ടു എലെക്ട്രോഡുകളിൽ ഒരു വോൾടേജ് കൊടുത്താൽ അതിൽനിന്നും ഒരു രശ്മി ഉൽപ്പാദിപ്പിക്കപ്പെടും ഇതിനെ ഒരു വൈദ്യുത മണ്ഡലം കൊണ്ടോ കാന്തിക മണ്ഡലം കൊണ്ടോ വളക്കാൻ കഴിയും. അതിൽനിന്നും തോംസൺ ഒരു നിഗമനത്തിൽ എത്തി, ഈ രശ്മി പ്രകാശത്തത്തിന്റേതല്ല, പിന്നെയോ ഏതോ ഋണ (negative) ചാർജ്ജുള്ള കണികകളാൽ നിർമ്മിതമാണ് എന്ന്. ഈ പുതിയ കണികകളെ അളന്നതിൽനിന്നു അദ്ദേഹത്തിന് മനസ്സിലായി ഇവ ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ അണുവിനെക്കാളും 1800 മടങ്ങു ഭാരം കുറഞ്ഞതാണെന്ന്. അപ്പോൾ ഒരിക്കിലും മുറിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന അണുവിനെക്കാളും ചെറിയ അണുക്കൾ നിലനിൽക്കുന്നു !! മാത്രമല്ല അവയ്ക്ക് ഋണ ചാർജ്ജുമാണ്. അങ്ങനെ തോംസൺ പുതിയൊരു അണു മാതൃക ഉണ്ടാക്കി. അതിൽ ഘനചാർജ്ജും (positive charge) ഋണചാർജ്ജും (negative charge) ഉണ്ട്, അതായത് ഏകതാനമായ (Uniform) പോസിറ്റീവ് ചാർജ്ജിൽ അവിടവിടെ വിതറിയിട്ടിരിക്കുന്ന ചെറിയ നെഗേറ്റീവ് ചാർജുകൾ. ഏതാണ്ട് പുഡ്ഡിംഗ് പോലെ, അങ്ങനെ ആ മാതൃകക്ക് പ്ലം പുഡ്ഡിംഗ് മോഡൽ എന്ന് പേര് വന്നു.


തോംസണിന്റെ ഈ പ്ലം പുഡിങ്ങിലേക്കാണ് 1911-ഇൽ റുഥർഫോർഡിന്റെ നേതൃത്വത്തിൽ, ഹാൻസ് ജിഗേരും ഏണെസ്റ് മാര്സഡിനും   ഒരു  പാർട്ടിക്കിൾ ബീം അടിച്ചുനോക്കിയത്. പ്രശ്‍നം എളുപ്പം    മനസ്സിലാക്കാൻ കഴിയും. തോംസണിന്റെ മാതൃകയിൽ, അണുവെന്നാൽ, പോസിറ്റീവ് ചാർജിൽ അവിടവിടെ നെഗേറ്റീവ് ചാർജുകളുള്ള ഒന്നാണ്. അങ്ങനെയെന്നാൽ, വളരെ   ഘനം കുറഞ്ഞ ഒരു സ്വർണ പാളിയിലേക്കു പോസിറ്റീവ് ചാർജ്ജുള്ള ഒരു കിരണം അടിച്ചാൽ അതിലെ കണികകൾ പ്രതിഫലിക്കേണ്ടതാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഭൂരിഭാഗം  കണികകളും കടന്നു പോയി, എന്നാൽ ചെറിയൊരു ശതമാനം കണികകൾ പ്രതിഫലിച്ചു. അതിൽനിന്നും എത്തിയ നിഗമനം ഇങ്ങനെയാണ്. ഒരു അണുവിൽ പോസിറ്റീവ് ചാർജ്ജ് എന്നുപറയുന്നത് അതിന്റെ കേന്ദ്രത്തിൽ വളരെ ചെറിയൊരു സ്ഥലത്തുമാത്രമാണ്. അണുവിന്റെ ഉള്ളിൽ 99% വും ശൂന്യമാണ്. റുഥർഫോർഡിന്റെ ഈ പരീക്ഷണമാണ് കേന്ദ്രത്തിൽ പോസിറ്റീവ് ചാർജ്ജുള്ള ന്യൂക്ലിയസ്സും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണും എന്ന സൗരയൂഥ മാതൃക അണുവിന്‌  നൽകിയത്.

Wednesday, 10 August 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (17- തുടര്ച്ച)


ഈ പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തെ തേടിയുള്ള മറ്റൊരു പാതയിലൂടെയുള്ള ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ യാത്രയിൽ അത് എത്തിനിൽക്കുന്ന ഒരിടമാണ് നാം മുൻപ് കണ്ടത്.

സ്ഥലകാലമെന്ന ഒരു യാഥാർത്ഥ്യത്തെ, അതിലൂടെയുള്ള ഒരു നിരീക്ഷകന്റെ യാത്രയെ. അതിൽ എത്തിച്ചേരാവുന്ന ഏറ്റവും കൂടിയ വേഗം പ്രകാശവേഗമാണ്. നിരീക്ഷകൻ പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ചാൽ അയാൾ കാലത്തിൽ നിശ്ചലമായി നിൽക്കും, അതുപോലെ അയാൾ സ്ഥലത്തിൽ നിശ്ചലമായാൽ പ്രകാശവേഗത്തിൽ കാലത്തിലൂടെ സഞ്ചരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചതുർമാന സ്ഥലകാലത്തിൽ (Four dimensional space-time) രണ്ടു സംഭവങ്ങൾ തമ്മിലുള്ള ദൂരം, പ്രകാശവേഗത്തിൽ അളന്നാൽ ‘പൂജ്യം’ (zero) ആയിരിക്കുമെന്നർദ്ധം. കാലം, സ്ഥലത്തിന്റെ ഒരു അളവ് അല്ലെന്നു മനസ്സിലാക്കിയാൽ ഇതിലെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും. 

അപ്പോൾ, സ്ഥല-കാലം എന്നത് ഒരു വസ്തുനിഷ്ട്ട യാഥാർഥ്യമാണോ?

പരമ്പരാഗത ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം, യാതൊന്നിനെ നമുക്ക് അളക്കാനും, പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി തെളിവുകൾ ശേഖരിക്കാനും, നമ്മുടെ പഞ്ചേന്ദ്രിയങ്ങളോ അവയുടെ യാന്ത്രിക വിപുലീകരണങ്ങളാലോ, അനുഭവവേദ്യം ആവുന്നില്ലയോ അതൊന്നും വസ്തുനിഷ്ടങ്ങളല്ല. അങ്ങനെ, സ്ഥല-കാലങ്ങൾ, വസ്തുനിഷ്ട്ടമായ ഒരു നിലനിൽപ്പ് ആണെങ്കിൽ, അത് തീർച്ചയായും കൂടുതൽ അടിസ്ഥാനപരമായ മറ്റെന്തെങ്കിലും യാഥാർത്ഥ്യത്തിൽ നിന്നും ഉത്ഭവിച്ചതാവണം. അപ്പോൾ ആ യാഥാർഥ്യം എന്താവും? ശാസ്ത്രലോകത്തിന്റെ അതിനുള്ള ഉത്തരം 'ക്വാണ്ടം ഗ്രാവിറ്റി' എന്നാണു, ഇക്കാര്യത്തിൽ വലിയ തർക്കമൊന്നും നിലനിൽക്കുന്നില്ല.

എന്താണീ ക്വാണ്ടം ഗ്രാവിറ്റി?

ഇരുപതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രത്തിന്റെ രണ്ടു നെടും തൂണുകളാണ് ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയും. (ജനറൽ റിലേറ്റിവിറ്റിയെക്കുറിച്ചു , സ്ഥലകാലങ്ങളുടെ വിശദീകരണത്തിൽ, അൽപ്പം നാം കണ്ടു. ക്വാണ്ടം തിയറിയെ കുറേകൂടി വിശദമായി നമുക്ക് വഴിയേ കാണാം). സ്ഥൂല പ്രപഞ്ചത്തെ, അതായത് ഗ്യാലക്സികളുടെ അളവിലുള്ള (അതിനപ്പുറത്തേക്കും), പ്രപഞ്ചത്തെയും പ്രകാശവേഗത്തോട് അടുക്കുന്ന വേഗങ്ങളെയും ഏറ്റവും വിജയകരമായി വിശദീകരിക്കുന്ന ഒരു ശാഖയാണ് ജനറൽ റിലേറ്റിവിറ്റി. ഗോളാന്തര അളവിലുള്ള ഗുരുത്വകര്ഷണത്തെ (Gravity) ന്യൂട്ടൻ വിജയകരമായി വിശദീകരിച്ചെങ്കിലും അതിനപ്പുറത്തേക്ക് അത് പ്രയോജനകരമായിരുന്നില്ല. അവിടെയാണ് ജനറൽ റിലേറ്റിവിറ്റിയുടെ വിജയം. മറുവശത്തു സൂക്ഷ്മ പ്രപഞ്ചത്തെ, അതായത് പരമാണുക്കളെയും, അണുകേന്ദ്രത്തെയും അതിലെ പ്രതിപ്രവർത്തനങ്ങളെയും ഏറ്റവും വിജയകരമായി വിശദീകരിക്കുന്ന ശാഖയാണ് ക്വാണ്ടം തിയറി. എന്നാൽ ഈ രണ്ടു ശാസ്ത്ര ശാഖകളും അതാതിന്റെ മണ്ഡലങ്ങളിൽ വിജയകമാണെങ്കിലും, അവ തമ്മിലുള്ള പൊരുത്തമില്ലായ്മ ശാസ്ത്രലോകത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ അവ രണ്ടും പൂര്ണമാണെന്നു പറയാനും കഴിയില്ല. പ്രപഞ്ചത്തിന്റെ സൃഷ്ട്ടി വികാസനത്തെപ്പറ്റിയുള്ള ഇന്നത്തെ ഏറ്റവും സ്വീകാര്യമായ സിദ്ധാന്തമാണല്ലോ മഹാവിസ്ഫോടന സിദ്ധാന്തം (ബിഗ് ബാംഗ്). അതിൽ ഇന്ന് നിര്വചിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ സമയമായി പ്ലാങ്ക് സമയത്തിനു (10^-43 സെക്കൻഡ്) തൊട്ടുമുൻപ് ഒരു ഏകത്വം (സിംഗുലാരിറ്റി) സങ്കല്പിക്കപ്പെട്ടിരിക്കുന്നു. അത്തരം സിംഗുലാരിറ്റികൾ തമോഗര്ത്തങ്ങളുടെ (ബ്ലാക് ഹോൾ) കേന്ദ്രത്തിലും ഉണ്ട് എന്നാണു സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. അത്തരം ചെറിയ ദൂരങ്ങളിൽ ജനറൽ റിലേറ്റിവിറ്റിയുടെ നിയമങ്ങൾ പരാജയപ്പെടുന്നു. ജനറൽ റിലേറ്റിവിറ്റിയിൽ ഗ്രാവിറ്റി എന്നത് ഒരു 'മാസ്' സ്ഥലകാലത്തിൽ ഉണ്ടാക്കുന്ന വളവാണ്‌ അഥവാ ചെരിവാണ്. അതായത് സ്ഥലകാലത്തിലെ ഒരു ജ്യോമട്രിയാണ് അത്. എന്നാൽ ക്വാണ്ടം മെക്കാനിക്സിൽ എല്ലാറ്റിനെയും ഒരു കണികയും അതിനോടനുബന്ധിച്ച ഒരു തരംഗവുമായാണ് വിവരിക്കുന്നത്.

ഇതിനുള്ള പരിഹാരം ക്വാണ്ടം മെക്കാനിക്‌സും, ജനറൽ റിലേറ്റിവിറ്റിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഏകീകൃത ഭൗതികശാസ്ത്ര നിയമം ആണ്. അത്തരം ഒരു നിയമത്തിലൂടെ ഗ്രാവിറ്റിയെ വിശദീകരിക്കുന്ന ഒന്നാണ് ക്വാണ്ടം ഗ്രാവിറ്റി. കഴിഞ്ഞ ഏതാനും ദശകങ്ങളായി അത്തരം ഒന്ന് രൂപപ്പെടുത്തുന്ന ശ്രമത്തിലാണ് ശാസ്ത്രലോകം. നിരവധി സമീപനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.  എന്നാൽ പൊതുവായി അംഗീകരിക്കപ്പെട്ട ഒന്ന് ഇതുവരെയും രൂപപ്പെട്ടിട്ടില്ല.

തമോഗര്ത്തങ്ങളുടെ അതിർവരമ്പിലൂടെ വികിരണനം സംഭവിക്കുന്നു (Hawking Radiation) എന്ന കണ്ടെത്തലിൽനിന്ന് ഗ്രാവിറ്റിയെ തെർമോഡൈനാമിക്‌സുമായി ബന്ധിപ്പിക്കുവാൻ നടക്കുന്ന ശ്രമങ്ങളാണ് ഒന്ന്. തെർമോഡിനാമിക്സിന്റെ നിയമമനുസരിച്ചു ഒരു സിസ്റ്റത്തിൽനിന്നും ചൂട് (Heat) വികിരണം നടക്കണമെങ്കിൽ അതിനുള്ളിലെ എൻട്രോപ്പി കുറയണം. ഒരു സിസ്റ്റത്തിന്റെ ക്വാണ്ടം അവസ്ഥകളുടെ (quantum states) അളവാണ് എൻട്രോപ്പി. എന്നാൽ തമോഗര്ത്തങ്ങളുടെ എൻട്രോപ്പി മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാണ്. മറ്റുള്ളവയുടെ എൻട്രോപ്പി അവയുടെ വ്യാപ്തത്തിനു (volume) അനുപാദമായി ആണെങ്കിൽ ഇവിടെ അത് തമോഗര്ത്തങ്ങളുടെ അതിർവരമ്പിന്റെ (Event Horizon) വിസ്തീർണ്ണത്തിന് അനുപാദമായ് ആണ്. അത് നൽകുന്ന സൂചന തമോഗർത്തങ്ങൾ അതിനുള്ളിലെ കാര്യങ്ങളുടെ വിവരം എങ്ങനെയോ അതിന്റെ പ്രതലത്തിൽ സൂക്ഷിക്കുന്നു എന്നാണു. അതായത്, ഒരു ദിമാന (two dimensional) ഹോളോഗ്രാം ത്രിമാന (Three dimensional) രൂപത്തെ എൻകോട് (encode) ചെയ്തിരിക്കുന്നത് എങ്ങനെയോ അങ്ങനെ.  
  
ഒരു വ്യോമ സഞ്ചാരി ഒരു തമോഗര്ത്തത്തിലേക്കു ചാടി എന്നിരിക്കട്ടെ, അവിടെ എന്ത് സംഭവിക്കും. പ്രകാശത്തിനുപോലും അതിന്റെ അതിർവരമ്പിൽനിന്നും (Event Horizon) പുറത്തേക്കു വരാൻ കഴില്ലാത്തതുകൊണ്ടു വെളിയിൽ നിൽക്കുന്ന വേറൊരു നിരീക്ഷകൻ സംബന്ധിച്ചേടത്തോളം ഗഗന സഞ്ചാരി എന്നേക്കുമായി മറഞ്ഞു കഴിഞ്ഞു. എന്നാൽ അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തമോഗര്ത്തത്തിന്റെ ദ്വിമാന പ്രതലത്തിൽ സൂക്ഷിച്ചു വയ്ക്കും. ഒരു കംപ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ സൂക്ഷിച്ചു വൈക്കുന്നതുപോലെ. അതിൽനിന്നും എപ്പോൾ വേണമെങ്കിലും ആ സഞ്ചാരിയെ പുനഃ സൃഷ്ട്ടി നടത്താനും കഴിയും.

അങ്ങനെയെങ്കിൽ ഒന്ന് തിരിച്ചു ചിന്തിച്ചാലോ? വളരെയധികം ഭൗതിക ശാസ്ത്രജ്ഞർ അങ്ങനെ ചിന്തിക്കുന്നുമുണ്ട്. നിങ്ങളും ഞാനും, ഈ കാണുന്ന ത്രിമാന ലോകവും എല്ലാം ഒരു ദ്വിമാന സ്ഥലത്ത് നിലനിൽക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ഹോളോഗ്രാമിലെന്നപോലെ, ത്രിമാന പ്രക്ഷേപണം ആണോ? അങ്ങനെ ആണോയെന്ന സംശയം കൂടുതൽ കൂടുതൽ ബലപ്പെട്ടുവരുകയാണ്. എന്തായാലും ഇതൊരു ഭൗതിക ശാസ്ത്ര നിയമത്തിലേക്കു വളർന്നിട്ടില്ല. മാത്രമല്ല അത്തരം ചിന്തകളുടെ പൂർണമായ വിവക്ഷിതാര്ത്ഥം എന്തെന്നുപോലും ആർക്കും ഇന്ന് പറയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് വെറുമൊരു മണ്ടത്തരത്തിന്റെ സങ്കല്പ്പവുമല്ല. മറ്റെല്ലാ ഭൗതികശാസ്ത്ര നിഗമനങ്ങളെയുംപോലെ, ഏറെക്കുറെയെല്ലാംഗണിതശാസ്ത്ര പിൻബലവും ഇതിനുണ്ട്. കഴിഞ്ഞ അഞ്ചിലേറെ പതിറ്റാണ്ടുകൾ ഭൗതിശാസ്ത്രത്തിന്റെ പ്രപഞ്ച സങ്കൽപ്പങ്ങളുടെ അവസാന വാക്കെന്നു കരുതിയിരുന്ന ഫീൽഡ് തിയറികൾക്കും, പിന്നീടുവന്ന ലൂപ്പ് ക്വാണ്ടം തിയറി, സ്ട്രിംഗ് തിയറി തുടങ്ങിയവയ്ക്കുള്ള പല പരിമിതികളും ഇതിനില്ല എന്നുള്ളത് ഒരു പ്രത്യകതയാണ്. എന്തായാലും ഇന്ന് ശാസ്ത്രം നൽകുന്ന ദിശ, ഈ പ്രപഞ്ച നിർമിതിയുടെ അടിസ്ഥാന ഘടകങ്ങൾ ഫീൽഡോ എന്തിനധികം, സ്ഥലകാലം പോലുമല്ല മറിച്ചു, വിവരങ്ങൾ ആണ് എന്നാണ്. മാത്രമല്ല ഈ ലോകം വസ്തുനിഷ്ടമായ ഒരു യാഥാർത്ഥ്യം തന്നെ ആയിരിക്കണമെന്നില്ല , പിന്നെയോ മറ്റെവിടെയോ ഉള്ള വിവരങ്ങളുടെ ഒരു ത്രിമാന പ്രക്ഷേപണം തന്നെ ആയിക്കൂടെന്നില്ല എന്നാണ്. 

ഡോക്റ്റർ വി എസ രാമചന്ദ്രന്റെ ദി എമേർജിങ് മൈൻഡ് (The emerging mind) എന്ന പുസ്തകത്തിലെ ഒരു പാരഗ്രാഫ് ഉദ്ധരിച്ചുകൊണ്ട് ഇത് ഞാൻ നിറുത്തട്ടെ. എന്താണ് ബോധം എന്ന് പറയുന്നിടത്താണ് അദ്ദേഹം ഇത് പറയുന്നത്.

"It may instead require a radical shift in perspective, the sort of thing that Einstein did when he rejected the assumption that things can move at arbitrary high velocities. When we finally achieve such a shift in perspective, we may be in for a big surprise and find that the answer was staring at us all along. I don't want to sound like a new age Guru, but there are curious parallels between this idea and the Hindu philosophical view that there is no essential difference between self and others, or that the self is an illusion"

The Emerging Mind page:115      



Wednesday, 3 August 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (16- തുടര്ച്ച)

കാലം

എന്താണ് അത്? നമ്മെ സംബന്ധിച്ചേടത്തോളം കാലം, സമയം എന്നൊക്കെയുള്ളതു ഒരു ക്ലോക്കിന്റെ, അല്ലെങ്കിൽ   വാച്ചിന്റെ സൂചിയുടെ ഒരു കറക്കമാണ്. അതുമല്ലെൻകിൽ, ദിന-രാത്രങ്ങളുടെയും സംവത്സരങ്ങളുടെയും ഒരു ഒഴുക്കാണ്. പക്ഷെ അതൊക്കെ കാലത്തിന്റെ ഒരു അളവ് മാത്രമല്ലേ? അപ്പോൾ എന്താണ് കാലം, അല്ലെങ്കിൽ സമയം? നമ്മൾ അളക്കുന്ന അത്, യഥാർത്ഥത്തിൽ എന്താണ്, എന്തിനെയാണ്?

ഒരുപക്ഷെ നമുക്ക് പറയാൻ കഴിയുമായിരിക്കും, നാം, നമ്മൾ, നമ്മുടെ സൗകര്യത്തിന് തെരെഞ്ഞെടുത്ത ഒരു അളവുകോലുകൊണ്ടു രണ്ടു സംഭവങ്ങളുടെ ഇടയിലുള്ള ദൈർഖ്യം അളക്കുന്നതാണ് സമയം എന്ന്. അതായത്, അടുത്ത ബസ്സ് അഞ്ചു മിനിട്ടു കഴിഞ്ഞു വരും എന്നതുപോലെ. പക്ഷെ, ഈ വാദം, ഒരു പക്ഷെ, അടുത്ത ബസ് എപ്പോൾ വരും എന്ന അറിവിന് വളരെ പ്രയോജനം ചെയ്യുമെങ്കിലും, നമ്മൾ, അതുകൊണ്ടു എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്, അല്ലെങ്കിൽ എന്തിനെയാണ് നാം അളക്കുന്നതെന്ന് അത്ര വ്യക്തതമാകുന്നില്ല. 

കാലത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് നാലുകാര്യങ്ങളിൽ സാമാന്യേന ഒരു തീർപ്പു ഉണ്ടാകേണ്ടിയിരിക്കുന്നു.

1 കാലം യഥാർത്ഥത്തിൽ ഇടമുറിയാത്ത ഒരു ഒഴുക്കാണോ?

2 കാലത്തിനു ഒരു ദിശ മാത്രമേ ഉള്ളുവോ അതോ അങ്ങോട്ടും ഇങ്ങോട്ടും ഇരു ദിശയിലേക്കും ഒരു പോലെ ആണോ?

3 ഈ പ്രപഞ്ചിത്തിനാകെ സാർവർത്തികമായ ഒറ്റ സമയം ആണോ?

4 സമയം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവ് കോൽ തന്നെ ആണോ?

ഒന്നാമത്തെ ചോദ്യത്തിന്റെ നമ്മുടെ അനുഭവത്തിൽ ഉള്ള ഉത്തരം അതെ, അതൊരു ഇടമുറിയാത്ത ഒഴുക്ക് ആണ് എന്നാണു. പക്ഷെ ആധുനിക ഭൗതിക ശാസ്ത്രം അത് അത്ര അംഗീകരിക്കുന്നില്ല. കാരണം, ക്വാണ്ടം മെക്കാനിക്കിസിന്റെ ദൃഷ്ടിയിൽ പ്രകൃതിയിൽ   ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത്ത് ഒരു നിർദ്ദിഷ്ട അളവിലുള്ള, ഒരു 'ഫോട്ടോൺ' വലുപ്പത്തിലുള്ള 'ക്വാണ്ടാ' യിലാണ്, അല്ലാതെ തുടർച്ചയായ ഒരു പ്രവാഹം ആയല്ല . അങ്ങനെയെങ്കിൽ കാലത്തിന്റെ പോക്കും, അങ്ങനെതന്നെ, ചെറിയ ചെറിയ അടിവച്ചു തന്നെ ആയിരിക്കില്ല? ഇന്നത്തെ ശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയം 'പ്ലാങ്ക് സമയം' ആണ്, അതായത് 10^-43 സെക്കൻഡ്, അതായത് ഒരു  ദശാംശ കുത്തു കഴിഞ്ഞു നാൽപ്പത്തി മൂന്നു പൂജ്യം ഇട്ടു കഴിഞ്ഞു ഒന്നിട്ടാൽ കിട്ടുന്ന (സെക്കന്റിന്റെ) എത്രയാണോ അത്രയും ചെറിയ ഭാഗം. അതുകൊണ്ടു നമ്മെ സംബന്ധിച്ചേടത്തോളം അത് തുടർച്ചയായ ഒരു ഒഴുക്ക് തന്നെ.

ഇനി കാലത്തിന്റെ ദിശയിലേക്കു വരാം. നമ്മെ സംബന്ധിച്ചു, സമയം ഭൂതകാലത്തിൽനിന്നും വർത്തമാനത്തിലേക്കും അവിടെനിന്നും ഭാവിയിലേക്കുമാണ് പോകുന്നത്.  അതായത് 'ഇപ്പോഴിനു' 'മുൻപും' 'അതിനു  ശേഷവും'. പക്ഷെ ഇതിന്റെ ഒരു പ്രഹേളിക എന്തെന്നാൽ, ‘ഇപ്പോഴിനു’ മുൻപ് എന്നത് നമ്മുടെ ഓർമ്മയിൽ മാത്രമേ ഉള്ളു, ‘ഇപ്പോഴിനു’ ശേഷം എന്നത് നമ്മുടെ വെറും ഭാവന മാത്രമാണ്. ‘ഇപ്പോഴിനു’ ശഷം എന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ 'ഇപ്പോൾ' തന്നെയായി തീരും.

അതെങ്ങനെയാണെങ്കിലും നമ്മെ സംബന്ധിച്ച് സമയത്തിനു അഥവാ കാലത്തിനു ഒരു ദിശയുണ്ട്, ഒരു ദിശ മാത്രമേ ഉള്ളു. അത് മുന്നോട്ടെന്നോ, ഭാവിയിലേക്കെന്നോ ഒക്കെ പറയാം. കാലത്തെ ഒരു അമ്പ് ആയി സങ്കല്പിച്ചാൽ (Arrow of time) അതിന്റെ മുന എല്ലായിപ്പോഴും മുന്നോട്ടുതന്നെയായിരിക്കും. ഒരിക്കിലും നമുക്ക് കാലത്തിലൂടെ പിന്നിലേക്ക് പോകാൻ കഴിയില്ല. കാരണം, നമ്മുടെ കാലബോധം നിലനിക്കുന്നതു സംഭവങ്ങളെ, അതിന്റെ ക്രമത്തിൽ അടുക്കി വൈക്കുന്നിടത്താണ്, ഒരു സംഭവം കഴിഞ്ഞു മറ്റൊന്ന് അതുകഴിഞ്ഞു മറ്റൊന്ന് എന്നിങ്ങനെ.

കാലത്തിന്റെ ഈ ദിശയെ മറ്റൊരു തരത്തിലും കാണാൻ കഴിയും. ഭൗതിക ശാസ്ത്രത്തിൽ (തെർമോ ഡൈനാമിക്സിൽ) അത് എൻട്രോപ്പിയാണ്, എന്നുവച്ചാൽ ക്രമയില്ലായ്മയുടെ ഒരു അളവാണിത്. അതായത് കൂടുതൽ ക്രമത്തിലുള്ള ഒരു അവസ്ഥയിൽ നിന്നും കുറഞ്ഞ ക്രമത്തിലുള്ള മറ്റൊരു അവസ്ഥയിലേക്കുള്ള, പ്രപഞ്ചത്തിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഒരു ദിശയാണിത്. അതായത് മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു, ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ സാധ്യത (പൊട്ടൻഷ്യൽ) കാലത്തിന്റെ ആദ്യ നിഷാർദ്ധത്തിൽനിന്നും (10^-43 സെക്കൻഡ്) ഇന്നത്തെ ദൃശ്യപ്രപഞ്ചം ആയി മാറിയ, ആ ആയിരത്തി നാനൂറു കോടി കൊല്ലങ്ങളുടെ സഞ്ചാര പഥമാണ് കാലവും അതിന്റെ ദിശയും. അതായത് കാലം തിരിച്ചു നടക്കണമെങ്കിൽ പ്രപഞ്ചം അതിന്റെ മഹാവിസ്ഫോടന കാലത്തേക്ക് തിരിച്ചു പോകേണ്ടിവരും.

എന്നാൽ ഭൗതിക ശാസ്ത്ര നിയമങ്ങളിൽ (laws of physics) കാലത്തിനു അങ്ങനെ ഒരു ദിശ ഇല്ല. ഏതു സംഭവത്തിന്റെയും ഗണിത ശാസ്ത്ര പ്രസ്താവനയിൽ, ഒരു സംഭവത്തെ അതിന്റെ അവസാനത്തിൽനിന്നും ആദ്യത്തിലേക്കും, തിരിച്ചും, ഒരേപോലെ ശരിയാണ്. സബ് ആറ്റമിക് തലത്തിലും കാലത്തിനു അങ്ങനെ ഒരു ദിശയില്ല, അവിടെ ഭൂതകാലവും ഭാവികാലവും ഇല്ല. ക്വാണ്ടം മെക്കാനിക്സിൽ രണ്ടു കണികകൾ തമ്മിൽ അടുത്തുവരുകയും അവ തമ്മിലുണ്ടാവുന്ന പാരസ്പര്യത്തിൽ (interaction) നിന്നും തികച്ചും വ്യത്യസ്തമായ മറ്റു രണ്ടു കണികകൾ ആയി മാറുന്നതും സാധാരമാണ്. ഈ പുതിയ കണികകൾ വീണ്ടും പാരസ്പര്യത്തിൽ ഏർപ്പെടുകയും തിരിച്ചു ആദ്യത്തെ കണികകൾ ആയി വീണ്ടും മാറുന്നതിൽ അവിടെ യാതൊരു വ്യത്യാസവും ഇല്ല. അതായത് രണ്ടു കണികകൾ തമ്മിലുള്ള പാരസ്പര്യത്തിൽ പുതിയ മറ്റു രണ്ടു കണികകൾ ആവുന്ന ആ പ്രക്രിയയിൽ ആദ്യം ഏതു സംഭവിച്ചു (ഭൂതകാലം) രണ്ടാമത് ഏതു സംഭവിച്ചു (ഭാവികാലം) എന്ന് യാതൊരു വ്യത്യാസവും ഇല്ലെന്നർദ്ധം.  

ഇനി നമ്മുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിൽ സാർവർത്തികമായ ഒറ്റ സമയമാണോ? അതായത് എന്റെ 'ഇപ്പോൾ' തന്നെയാണോ പ്രപഞ്ചത്തിൽ മറ്റെല്ലായിടത്തെയും 'ഇപ്പോൾ'? ഒരു പരീക്ഷണം ഇത് എങ്ങനെയെന്നു കാണിച്ചുതരും. ഇത് വെറും തിയരെറ്റിക്കൽ ആയ ഒരു പരികല്പന അല്ല, മറിച്ചു, യഥാർത്ഥത്തിൽ പല പ്രാവശ്യം ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു പരീക്ഷണം ആണ്.

രണ്ടു ആറ്റമിക് ക്ളോക്കുകൾ ഒരേ സമയത്തിൽ സെറ്റു ചെയിതു വയ്ക്കുക. ആ സെറ്റപ്പ് അങ്ങനെതന്നെ വച്ചാൽ, കാലാകാലങ്ങളിൽ, രണ്ടു ക്ളോക്കും ഒരേ സമയം കാണിക്കുമെന്ന് നമുക്ക് അറിയാം. ഇനി അതിൽ, ഒന്ന്, ഒരു കൃത്രിമ ഉപഗ്രഹത്തിൽ ഭൂമിയെ പലവട്ടം ചുറ്റാൻ അനുവദിക്കുക. പിന്നീട് തിരിച്ചുവന്ന് ഭൂമിയിലുള്ള ക്ളോക്കുമായി സമയം താരതമ്യം ചെയ്തുനോക്കിയാൽ, ഭൂമിയെ ചുറ്റിയിരുന്ന ക്ളോക്കിലെ സമയം മറ്റേതിനേക്കാളും അൽപ്പം, ഒരു നിമിഷത്തിന്റെ വളരെ ചെറിയ ഒരംശം, പിന്നിലാണെന്ന് കാണാം. ഇവിടെ എന്താണ് സംഭവിച്ചത്? ഇതിനുത്തരം ഐൻസ്റ്റീന്റെ റിലേറ്റിവിറ്റിയിൽ ഉണ്ട്. അതായത് ഒരു വസ്തു എത്രമാത്രം വേഗത്തിൽ സഞ്ചരിക്കുന്നോ അതിനു ആനുപാതികമായി അതിന്റെ സമയം പതുക്കെയാവുന്നു. അങ്ങനെ ആ വസ്തു പ്രകാശത്തിന്റെ വേഗത്തിൽ എത്തിയാൽ അതിന്റെ സമയം നിശ്ചലമാവുന്നു. ഇതിനെയാണ് ടൈം ഡയലേഷൻ (Time Dilation) എന്ന് പറയുന്നത്. ഒരു വസ്തുവിന് പ്രകാശവേഗം കൈവരിക്കാൻ കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ നമുക്ക് മനസ്സിലാവുന്ന വേഗത്തിൽ, ഒരു ഗഗന സഞ്ചാരി ഒരു വര്ഷം, ഒരു ഉപഗ്രഹത്തിൽ ശൂന്യാകാശത്തിൽ സഞ്ചരിച്ചതിനു ശഷം തിരിച്ചു വരുമ്പോൾ, അയാൾക്ക് ഭൂമിയിലുള്ള നമ്മളെക്കാൾ 0.0085 സെക്കൻഡ് വയസ്സ് കുറവായിരിക്കും എന്നാണു കണക്കു കൂട്ടൽ. ചുരുക്കത്തിൽ നമ്മുടെ കാലം കടന്നു പോകുന്നത് നാം ആപേക്ഷികമായി എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ ശക്ത്തമായ ഗുർത്വാകര്ഷണവും കാലത്തിന്റെ വേഗം കുറയ്ക്കും എന്നതാണ് ശാസ്ത്രീയ കണ്ടെത്തൽ. അതായത് പ്രപഞ്ചത്തിൽ എല്ലായിടത്തും, സമയം, ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്, മറ്റു പല ഘടകങ്ങളും അനുസരിച്ചാണ് അതിന്റെ വേഗത എന്നർത്ഥം.   
    
ഇനി നാലാമത്തത്തെ നമ്മുടെ ചോദ്യത്തിലേക്ക് വരാൻ സമയമായി. അപ്പോൾ സമയം അല്ലെങ്കിൽ കാലം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവുകോൽ ആണോ?

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു് കാലം ആരംഭിക്കുന്നത് അവിടെയാണ്. അതായത് പ്രപഞ്ചം ഇല്ലെങ്കിൽ കാലം ഇല്ല, കാലം ഇല്ലെങ്കിൽ പ്രപഞ്ചവും ഇല്ല. രണ്ടും രണ്ടല്ല, പിന്നെയോ ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. റിലേറ്റിവിറ്റി പറയുന്നത്, നീളം, വീതി, ഉയരം എന്ന ത്രിമാന അളവിനൊപ്പം തന്നെയുള്ള നാലാമത്തെ അളവാണ് സമയം എന്നാണ്. അതായത് ഒരു വസ്തു എവിടെയാണ് നിൽക്കുന്നത്, (അതായത് അതിന്റെ സ്ഥാനം) എന്ന് പറയണമെങ്കിൽ, അതിനു പഴയ ത്രിമാന സ്ഥലം പോരാ, മറിച്ചു, ഒരു ചതുർമാന സ്ഥലം തന്നെ വേണമെന്നാണ്. അതാണ് സ്ഥലകാല സാകല്യം (Space-time continuum) എന്ന് പറയുന്നത്. അതായത് സ്ഥലകാല സാകല്യം എന്ന് പറയുന്നത്, ഈ പ്രപഞ്ചത്തിന്റെ ഭൂതകാല, വർത്തമാനകാല, ഭാവികാലങ്ങളെ അടയാളപ്പെടിത്താവുന്ന ഒരു മാപ് ആയി സങ്കല്പിക്കാം എന്ന് അർദ്ധം. ഇതിൽ കാലവും സ്ഥലത്തിന്റെ മറ്റു അളവുകളെപ്പോലെ നിശ്ചലമാണ്. കാലം മുന്നോട്ടു ഒഴുകുന്നില്ല, നാമാണ് അതിലൂടെ സഞ്ചരിക്കുന്നത്. ഇതിലൂടെയുള്ള നമ്മുടെ സഞ്ചാരത്തിന്റെ ദിശ, മുമ്പു നാം പറഞ്ഞ സമയത്തിന്റെ ദിശയാണ് (arrow of time), വേഗം, നമ്മുടെ ആപേക്ഷിക വേഗമാണ്.  

ഇതെല്ലാം ആത്യന്തികമായ് നമുക്ക് നൽകുന്ന ആകെത്തുക എന്താണെന്നു നോക്കാം. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന വേഗം പ്രകാശത്തിന്റെ വേഗമാണ്. അതാണെങ്കിലോ സ്ഥലത്തൂടേയും കാലത്തിലൂടെയുമുള്ള വേഗത്തിന്റെ ആകെത്തുകയുമാണ്. സ്ഥലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കൂടുംതോറും കാലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കുറയും, അതുപോലെതന്നെ മറിച്ചും. അങ്ങനെ ഒരാൾ പ്രകാശത്തിന്റെ വേഗം എത്തിയാൽ അയാൾ കാലത്തിൽ നിശ്ചലനായിത്തീരുന്നു. അതുപോലെ ഒരാൾ സ്ഥലത്തിൽ നിശ്ചലനായാൽ പ്രകാശവേഗത്തിൽ അയാൾ കാലത്തിലൂടെ സഞ്ചരിക്കും. 

ഇനി, മുൻ പറഞ്ഞ ചതുർമാന (Four dimensional) ഗ്രാഫിൽ ഒരാളുടെ നിലനിൽപ്പ് എങ്ങനെയെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്കാം, അയാൾക്ക് അമ്പതു വയസ്സും ഉണ്ടെന്നു സങ്കൽപ്പിക്കുക. മുൻപറഞ്ഞ രീതിയിൽ നോക്കിയാൽ, അയാളുടെ നിലനിൽപ്പ് അമ്പതു കൊല്ലത്തെ ഒരു തുടർച്ചയായി കാണാം, അൻപതുകൊല്ലം കാലത്തിലൂടെ നീണ്ട, ഒരു പുഴുവിനെപ്പോലെ.

കാലത്തിലെ 'ഇപ്പോൾ' എന്ന ഒരു നിമിഷത്തിൽ മാത്രമേ ഇന്ന് നാം കരുതിയിരിക്കുന്ന അയാളുടെ രൂപം നിങ്ങള്ക്ക് കണ്ടെത്താൻ കഴിയൂ.

ഇത് വായിക്കുന്ന നിങ്ങള്ക്ക് ഇതൊരു സയൻസ് ഫിക്ഷൻ നോവലിലിന്റെ പ്രതീതി ഉണ്ടാക്കുന്നെങ്കിൽ, അതിൽ ഞാൻ ഉത്തരവാദി അല്ല. ഇന്നത്തെ ഗണിത ശാസ്ത്ര സൂത്രങ്ങളെ സാധാരണ നാം ഉപയോഗിക്കുന്ന ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ കിട്ടുന്ന ഒരു ചിത്രം ഇത് മാത്രമാണ്.

അപ്പോഴും, ചലനത്തിൽ നിശ്ചലതയും, നിശ്ചലതയിൽ ചലനവും ഇതിൽ വളരെ സ്പഷ്ടമാകുന്നില്ലേ ?