Tuesday, 15 November 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (21- തുടര്ച്ച)


എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന ദൃഷ്ട്ടാവ്, അഥവാ പ്രഥമ പുരുഷൻ, ‘ഞാൻ’ ആരാണ് അല്ലെങ്കിൽ എന്താണ്?

സിരാവിജ്ഞാനീയത്തിന്റെയും (Neuroscience), മനോരോഗ ചികിത്സ ശാസ്ത്രത്തിന്റെയും (Psychiatry) കാഴ്ചപ്പാടിൽ ഇത് മനസ്സിന്റെ ഒരു സൃഷ്ട്ടി മാത്രമാണ്. എന്ന് മാത്രമല്ല, സത്ത (self), മറ്റ് സത്തകളുമായുള്ള പരസ്പര ബന്ധത്തിന്റെയും കൂടി സൃഷ്ടിയാണ്. ഏറ്റവും വിചിത്രമായത്, സത്ത, അതിനോട് തന്നെയുള്ള അതിന്റെ ബന്ധത്തിന്റെയും കൂടി സൃഷ്ടിയാണ് എന്നതാണ്മനസ്സ്, നമ്മുടെ ലോകത്തെയും, അതിനുള്ളിലുള്ള നമ്മളെയും എങ്ങനെ സൃഷ്ടിക്കുന്നു എന്നതാണ് സിരാവിജ്ഞാനീയത്തിന്റെയും, മനോരോഗശാസ്ത്രത്തിന്റെയും, പ്രത്യഭിജ്ഞാന ശാസ്ത്രത്തിന്റെയും (cognitive Science) പഠന ലക്ഷ്യം. ഇത്തരം പഠനങ്ങൾ ഇന്നും ശൈശവ ദശയിലാണെന്നുള്ളതാണ് അതിന്റെ ഒരു പ്രത്യകത. സ്വീകാര്യമായ ഒരു മാതൃക സൃഷ്ടിക്കാനോ, എന്തിനധികം, ബോധം എന്നതിന് എല്ലാവര്ക്കും സ്വീകാര്യമായ ഒരു നിർവചനം പോലുമോ ഇന്ന് നിലവിലില്ല.

സ്കിസോഫ്രീനിയ പോലുള്ള അവസ്ഥകളാൽ ക്രമഭംഗം സംഭവിച്ച സത്തയെ (self) ആരോഗ്യകരമായ മറ്റ് സത്തകളുമായി താരതമ്യം ചെയ്തുകൊണ്ട്, തലച്ചോറിന്റെ വിവിധകേന്ദ്രങ്ങളിൽ ഉണ്ടാവുന്ന അവസ്ഥാവ്യതിയാനങ്ങളുടെ പ്രതിബിംബം (imaging) അടിസ്ഥാന മാക്കിയുള്ള പഠനമാണ് ഇന്ന് നടക്കുന്നത്. ഇത്തരം രോഗാവസ്ഥയുടെ ഒരു പ്രധാന സവിശേഷത അടുക്കും ചിട്ടയുമില്ലാത്ത ചിന്തകളും മിഥ്യാദർശനങ്ങളുമാണ്. അവരുടെ ചിന്തകളുടെ ഉറവിടം അവരല്ല മറിച്ചു മറ്റാരോ ആണെന്ന് അവർ കരുതുന്നു. അതായത്, ഒരാളുടെ 'ഞാൻ' എന്ന അവബോധവും, അയാളുടെ മനസ്സും, ചുറ്റുപാടുകളും തമ്മിലുള്ള അതിരുകളും പരസ്പര പൂരകങ്ങൾ അല്ലാതെ നിലനിൽക്കാൻ കഴിയുന്നു എന്നർദ്ധം. ഇത്തരം രോഗാവസ്ഥകൾ, മനസ്സും തലച്ചോറും ബോധവും തമ്മിലുള്ള സങ്കീർണ ബന്ധത്തെ സൂചിപ്പിക്കുന്നു. ന്യൂനീകരണ (reductionist) രീതിയിലുള്ള ഇത്തരം പഠനങ്ങളിൽ 'ഞാൻ' എന്ന ഒരു ബോധം നിലനിൽക്കുന്നില്ല, പിന്നെയോ തലച്ചോറിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നിരവധി പ്രക്രിയകളുടെ ആകെത്തുക മാത്രമാണത്.


ഈ ആശയത്തിന്റെ ഏറ്റവും ശക്ത്തനായ വ്യക്താവാണ് ജർമനിയിലെ ജൊഹാനസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രെഫെസ്സർ ആയ തോമസ് മെറ്റ്സിങ്ങർ (Thomas Metzinger). “Being No One” എന്ന തന്റെ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചത്.  അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഈ പ്രപഞ്ചത്തിൽ 'ഞാൻ' (സെൽഫ്, സത്ത) എന്ന ഒന്ന് നിലനിൽക്കുന്നില്ല, ആരും ഒരിക്കലും ഒരു ‘ഞാൻ’ ആയിരുന്നില്ല ഇനി ആയിരിക്കുകയുമില്ല. ഇവിടെ നിലനിൽക്കുന്നത് വെറും പ്രാതിഭാസികമായ ഒരു സത്ത മാത്രമാണ്. ബോധപൂർവമായ അനുഭവ മണ്ഡലത്തിൽ തുടർച്ചയായി നടക്കുന്ന ചില പ്രക്രിയകളിലൂടെ ഉൽപാദിതമാവുന്ന പ്രാതിഭാസികസത്ത. മനസ്സിന്റെ പല അസ്വാഭാവിക നിലകളായ അവഗണന, വിഭ്രാന്തി, ഫാന്റം ലിംബ് (ഡോ.വി എസ രാമചന്ദ്രൻ) തുടങ്ങിയവയിൽ നടത്തിയ നിരവധി പഠനങ്ങളിൽ നിന്നുള്ള ഉദ്ദാഹരണങ്ങളിൽ നിന്നും രൂപപ്പെടുത്തിയ ഒരു മാത്രകയാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. ‘Transparent self-model’ എന്ന ഒരവസ്ഥയുടെ ഉള്ളടക്കമാണ് ‘ഞാൻ’ എന്ന സത്ത എന്ന് അദ്ദേഹം വാദിക്കുന്നു.

മനുഷ്യൻ അടക്കമുള്ള ജൈവ രൂപങ്ങളെയെല്ലാം ഒരു വിവര ക്രമീകരണ യന്ത്രമായി (Information Processing Machine) അദ്ദേഹം കാണുന്നു. ഒരേ സമയം തന്നെ അതായിരിക്കുകയും, ഒപ്പം തന്നെ അതിന്റെ ഉള്ളടക്കം ആയിരിക്കുകയും ചെയ്യുക എന്ന പ്രതിഭാസം സൃഷ്ടിക്കുന്നതിന് (മനസ്സ് പോലെ), ഏറ്റവും കുറഞ്ഞ, എന്തൊക്കെ അടിസ്ഥാന ഘടകങ്ങൾ വേണമെന്ന് ആലോചിക്കലാണ് അടുത്ത പടി. ഏറ്റവും താഴ്ന്ന നിലയിലുള്ള ഈ ബോധപ്രതിഭാസത്തെ 'ചുറ്റുപാടുകളുടെ സാന്നിധ്യം' അഥവാ ‘ലോകസാന്നിധ്യം’ (presence of the world) എന്ന് തത്കാലം വിളിക്കാം.

ഇങ്ങനെ അടിസ്ഥാനപരമായ ബോധാനുഭവത്തെ സൃഷ്ടിക്കുന്നതിൽ ഒരു പ്രധാന ഘടകത്തെ 'സാർവ്വലൗകികത' (Globalist) എന്ന് വിളിക്കാം. അതായത് ഈ നിർമ്മിതിക്ക് ആവശ്യമായ വിവരങ്ങൾ പൊതുവായി ലഭ്യമാവുന്നതായിരിക്കണം. ചുരുക്കത്തിൽ അത്തരം വിവരങ്ങൾ ഒരു ലോക മാതൃകായോട് (World-Model) ചേർന്നിരിക്കുന്നവയായിരിക്കണം.

രണ്ടാമത്തെ ഘടകം 'വർത്തമാനകത' (Presentationality) ആണ്. അതായത് സമയത്തിന്റെ തുടർച്ചയയായ പ്രവാഹത്തിൽ അത് 'ഇപ്പോൾ' സംഭവിക്കുന്നതായിരിക്കണം. അതായത്, ബോധാനുഭവം എല്ലായിപ്പോഴും 'ഇപ്പോൾ' ആണ് സംഭവിക്കുന്നത് ('ഇന്നലെ' ഓർമ്മയും നാളെ 'പ്രതീക്ഷയും' ആണ്, 'അനുഭവം' 'ഇപ്പോൾ' സംഭവിക്കുന്നു).

മൂന്നാമത്തെ ഘടകം പ്രാതിഭാസിക-സുതാര്യതയാണ് (phenomenal Transparency). പ്രാതിഭാസിക-സുതാര്യതയെന്നാൽ ഒരു ബോധാനുഭവത്തെ വസ്തുനിഷ്ടമായ വിശകലനത്തിന് വിധേയമാക്കാനുള്ള കഴിവില്ലായ്‍മയാണ്. കാരണം അനുഭവം അതിൽ മാത്രം അടങ്ങിയിരിക്കുന്ന ഒന്നാണ്. ഇതാവട്ടെ വിവര ക്രമീകരണം നടത്തുന്ന പ്രക്രിയക്ക് (Information Processing), ആ പ്രക്രിയയുടെതന്നെ വിവിധ നിലകളെപ്പറ്റി അറിയാൻ കഴിയാത്തവിധമായ, ഘടനാപരമായ ഒരു അന്ധയാണ്, (structural blind-spot). പ്രതിപാദിക്കുന്ന ഉപകരണത്തിന് സ്വയം പ്രതിപാദനമാവാനുള്ള ഈ കഴിവില്ലായ്‍മ, പ്രാതിഭാസികമായ ഒരു അനുഭവത്തെ അനിഷേധ്യമായ ഒരു യാഥാർഥ്യത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു.             

മെറ്റ്‌സീൻഗറുടെ അഭിപ്രായത്തിൽ മനുഷ്യ ബോധത്തിന് രണ്ടു തലങ്ങൾ ഉണ്ട്. എല്ലായിപ്പോഴും അനുഭവിക്കുന്ന ഒരു ‘ഞാൻ’. ലോകത്തിനു അഭിമുഖമായി   നിന്നുകൊണ്ട്, ശ്രദ്ധിക്കുകയും, അറിയുകയും, ആഗ്രഹിക്കുകയും, തീരുമാനിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ‘ഞാൻ’. ഈ ഞാൻ, നമ്മുടെ ഇന്ദ്രിയ സംവേദനങ്ങളുടെയും വൈകാരിക പ്രതികരണങ്ങളുടെയും കേന്ദ്രത്തിൽ ഉറപ്പിച്ച, നമ്മെ പറ്റി തന്നെയുള്ള ഒരു ആന്തരിക ചിത്രമാണ്, നമ്മുടെ കാഴ്ചപ്പാടിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ നമ്മുടെ തന്നെ തലച്ചോർ നിർമിക്കുന്ന ഒരു ആന്തരിക ചിത്രം, കപടമായ ഒരു അനുകരണ മാതൃക. മറുവശത്താവട്ടെ, ഇത് നമ്മുടെ തലച്ചോറിന്റെ സൃഷ്ട്ടി മാത്രമാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരു കഴിവില്ലായ്‍മ, ഇത് യാഥാർഥ്യമെന്ന് ഒരു തെറ്റിധാരണ. നമ്മുടെ തലച്ചോറിലെ ന്യൂറോണുകൾ എങ്ങനെ പ്രവർത്തിച്ചു ഈ ചിത്രങ്ങൾ നിർമിക്കുന്നു എന്ന അജ്ഞത. മെറ്റ്‌സീൻഗറുടെ തന്നെ വാക്കുകളിൽ: 'നാം നോക്കുന്ന ജാലകം ഏതെന്നു നാം കാണുന്നില്ല പിന്നെയോ വെളിയിൽ, ആകാശത്തിൽ പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ മാത്രമേ നാം കാണുന്നുള്ളൂ'. അതായത്, ഈ ‘അഹം ബോധം’ എന്നത് നമ്മുടെ തലച്ചോറിന് സ്വയം അറിയാൻ കഴിയാത്ത വിവിധ പ്രക്രിയകളിലൂടെ, അതുതന്നെ സൃഷ്ട്ടിക്കുന്ന ഒരു ‘പ്രാതിഭാസിക സ്വയംമാതൃക’ മാത്രമാണ്. അതായത് മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആത്മനിഷ്ടമായി അനുഭവിക്കുന്ന ഒരു സത്തയുടെ നിലനിൽപ്പ് ഇല്ലാതെതന്നെ 'ഞാൻ' എന്ന ബോധ പ്രതിഭാസത്തിനു നിലനിൽക്കാൻ കഴിയും എന്ന് ചുരുക്കം.

മെറ്റ്‌സീൻഗറുടെ ഈ സിദ്ധാന്തം, തത്വശാസ്ത്രപരമായി പറഞ്ഞാൽ അതിഭൗതിക അന്യൂനീകരണം (Metaphysical non-reductionism) എന്ന് വിളിക്കാം. അടിസ്ഥാന പദാർഥങ്ങളുടെ കൂടിച്ചേരലിൽ നിന്നും, വിഘടനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസത്തിന് ഉണ്ടാകുവാനും അവയിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കുവാനും കഴിയും എന്ന് ഈ വിഭാഗം സിദ്ധാന്തിക്കുന്നു. ഉദാഹരണത്തിന് വെള്ളം; രണ്ട് ഹൈഡ്രജൻ കണങ്ങളും ഒരു ഓക്സിജൻ കണവും പ്രതിപ്രവർത്തനം നടത്തുന്നതിൽ നിന്നും ഉണ്ടാവുന്നു. എന്നാൽ അതിനു പുതിയൊരു ഗുണം, ഏതു വസ്തുവിൽനിന്നാണോ അത് ഉണ്ടായത്, അവക്കൊന്നും ഇല്ലാത്ത പുതിയൊരു ഗുണം- ദ്രവത്വം- ആഗമിക്കുന്നു. ഈ പുതിയ ഗുണം അതിഭൗതിക തലത്തിൽ അടിസ്ഥാന വസ്തുവിനെ ആവരണം ചെയ്തു (supervenes) നിൽക്കുന്നു.

അദ്വൈത വേദാന്തത്തിൽ 'മായ’യുടെ രണ്ട് ഗുണങ്ങളായി പറഞ്ഞിരിക്കുന്നത് ‘വിക്ഷേപണ’ത്വവും, ‘ആവരണ’ത്വവുമാണെന്നു നമുക്ക് വഴിയേ കാണാം

Wednesday, 5 October 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (20- തുടര്ച്ച)


ആരാണ് ദൃഷ്ട്ടാവ് അഥവാ നിരീക്ഷകൻ?

പ്രപഞ്ചത്തിൽ നടക്കുന്ന ഏതൊരു പ്രവർത്തനത്തിനും ഒരു അർഥം ഉണ്ടാകണമെങ്കിൽ അതിനു ഒരു നിരീക്ഷകൻ ഉണ്ടായിരിക്കണം. കുറച്ചുകൂടെ ചിന്തിച്ചാൽ, ഒരു നിരീക്ഷകൻ ഇല്ലങ്കിൽ ഒരു സംഭവം ഉണ്ടായെന്ന് ആര് പറയുന്നു? നിരീക്ഷകന് താൻ കണ്ട സംഭവത്തിന്റെ പൂർണ അർഥം മനസ്സിലായില്ലെങ്കിൽ പോലും, ഒരു നിരീക്ഷകൻ ഇല്ലാതെ നമുക്ക് ഒരു സംഭവത്തെപ്പറ്റി ഒന്നും ചിന്തിക്കാൻ കഴിയില്ല. ഒരു സംഭവം ഉണ്ടാവുന്ന സമയത്ത്, അല്ലെങ്കിൽ സ്ഥലത്തുതന്നെ നിരീക്ഷകൻ ഉണ്ടായിരിക്കണമെന്നും നിര്ബന്ധമില്ല. പക്ഷെ സംഭവത്തിന്റെ വർത്തമാനത്തിലോ ഭാവിയിലോ (ന്യൂട്ടോണിയൻ സങ്കല്പമനുസരിച്) ഒരു നിരീക്ഷകൻ ഉണ്ടായേ തീരു. എങ്കിൽ മാത്രമേ സംഭവം നടന്നു എന്ന് പറയാൻ കഴിയൂ.

ഒരു മാതൃകാനിരീക്ഷകൻ അഥവാ ദൃഷ്ട്ടാവ് (ideal observer), നിരീക്ഷിക്കപ്പെടുന്ന ദൃശ്യത്തിൽ യാതൊരു അസ്വസ്ഥതയും (perturbation) ഉണ്ടാക്കാൻ പാടില്ല. ഭൗതിക ശാസ്ത്രത്തിൽ അത്തരം നിരീക്ഷകരെയാണ്വസ്തുനിഷ്ടനിരീക്ഷകർ എന്ന് പറയുന്നത്. എന്നാൽ നമ്മുടെ അറിവിൽ, അങ്ങനെയൊന്നു, സാധാരണഗതിയിൽ സാധ്യമല്ല. നിരീക്ഷകൻ നിരീക്ഷിക്കപ്പെടുന്ന വ്യവസ്ഥയിൽ (System) എല്ലായിപ്പോഴും ഏതെങ്കിലും തരത്തിലുള്ള ഒരു ഇടപെടൽ നടത്തിക്കൊണ്ടിരിക്കും. ഭൗതിക ശാസ്ത്ര പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഇത്തരം ഇടപെടലുകൾ പരമാവധി കുറക്കലാണ് നിരീക്ഷണത്തിന്റെ കൃത്യത ഉറപ്പാക്കാനുള്ള ഒരേ ഒരു വഴി (5 sigma).
                                                                                                                        
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ആപേക്ഷികതാ സിദ്ധാന്തത്തിലൂടെയും ക്വാൻഡംമെക്കാനിക്സിലൂടെയും ദൃഷ്ട്ടാവിന്റെ പ്രാധാന്യം പുനർനിർണയം ചെയ്യപ്പെട്ട കാര്യം മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. ആപേക്ഷികതയിലൂടെ, ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിലെ കേവലകാലം, കേവലസ്ഥലം എന്നിങ്ങനെയുള്ള അടിസ്ഥാന സങ്കല്പങ്ങൾ തകർക്കപ്പെട്ടു. പകരം വിവിധ റഫറൻസ് ഫ്രെയിമിൽനിന്നുള്ള നിരീക്ഷണങ്ങളുടെ ഫലങ്ങൾ മാത്രമായി അത് മാറ്റപ്പെട്ടു. ക്വാൻഡം മെക്കാനികിസ്ലാവട്ടെ, നിരീക്ഷകന് നിരീക്ഷണഫലത്തെ സ്വാധീനിക്കാ മെന്നുമാത്രമല്ല, നിരീക്ഷണഫലം തന്നെ യഥേഷ്ടം സൃഷ്ട്ടിക്കാൻ തരത്തിൽ, തമ്മിൽ, നിഗൂഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെട്ടു (wave function).

ചെറിയൊരു ഉദ്ദാഹരണത്തിലൂടെ നമുക്ക് പല കാഴ്ചപ്പാടിലുള്ള നിരീക്ഷകനെ ഒന്ന് സങ്കൽപ്പിച്ചു നോക്കാം.

ഒരു രാത്രിയിൽ ഞാൻ തെളിഞ്ഞ ആകാശത്തേക്ക് നോക്കുന്നു എന്നിരിക്കട്ടെ. ഭൂമിയിൽനിന്നും നഗ്ന നേത്രങ്ങൾകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള നക്ഷത്രത്തെ നോക്കുക എന്നാണു ഉദ്ദേശം. ഭൂമിയിൽനിന്നും ഏതാണ്ട് 1550 പ്രകാശവർഷം അകലെ, സിഗ്നസ് (Cygnus) നക്ഷത്രക്കൂട്ടത്തിലുള്ള ഡെനീബ് (Deneb) എന്ന നക്ഷത്രത്തെയാണ് ഞാൻ നോക്കുന്നത്.

ന്യൂട്ടോണിയൻ കാഴ്ചപ്പാടിൽ ഞാൻ ശരിക്കും നക്ഷത്രത്തെ ഇപ്പോൾ അവിടെ നിൽക്കുന്നതായി കാണുന്നു. കാരണം ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിൽ പ്രകാശത്തിന്റെ വേഗം ഇക്കാര്യത്തിൽ പരിഗണനീയമല്ല. പ്രപഞ്ചത്തിൽ എവിടെ നിൽക്കുന്ന ആളും കാണുന്നത് ഒരുപോലെയാണ്. എവിടെയും 'ഇപ്പോൾ' എന്നുപറഞ്ഞാൽ നമ്മുടെ 'ഇപ്പോൾ' തന്നെയാണ്.അതുകൊണ്ടുഇപ്പോൾഅവിടെയുള്ള നക്ഷത്രത്തെ ഞാൻഇപ്പോൾതന്നെ കാണുന്നു.

ഐൻസ്റ്റീനിയന് കാഴ്ചപ്പാടിൽ ഞാൻ കാണുന്നത് വളരെ പഴയ ഭൂതകാലമാണ്, 1550 വര്ഷം മുൻപ് ഉണ്ടായിരുന്ന ഒരു നക്ഷത്രത്തെയാണ് ഞാൻ കാണുന്നത്. കാരണം ഐൻസ്റ്റീനിയന് ഭൗതികത്തിൽ പ്രകാശത്തിന്റെ വേഗം സെക്കൻഡിൽ 186000 mile (3,00, 000കിലോമീറ്റർ) ആണ്. അതായത് ഞാൻ കാണുന്ന പ്രകാശം നക്ഷത്രത്തിൽ നിന്നും സഞ്ചരിക്കാൻ തുടങ്ങിയിട്ട് 1550 വര്ഷം കഴിഞ്ഞിരിക്കുന്നു. (അതായത് ഞാൻ നോക്കുന്നത് ഇന്ത്യയിലെ ഗുപ്ത കാലഘട്ടത്തിലേക്കാണ്, ഹൂണന്മാർ ആദ്യമായി ആക്രമിച്ചു കയറുന്ന ഇന്ത്യ).

ക്വാൻഡം മെക്കാനിക്സിന്റെ ഉത്തരത്തിൽ ഞാൻ നക്ഷത്രത്തെ കാണുന്നേയില്ല. ഡെനീബ് എന്ന നക്ഷത്രം സ്ഥല-കാലത്തിലൂടെ സെറ്റപ്പ് ചെയിത ഒരു വൈദ്യുത-കാന്ത ഫീൽഡിനെയാണ് ഞാൻ കാണുന്നത്. യഥാർത്ഥത്തിൽ എന്റെ ചുറ്റുപാടുമുള്ള ഫീൽഡും (local field) എന്റെ കണ്ണിന്റെ റെറ്റിനായും തമ്മിലുള്ള ഒരു പാരസ്പര്യം (interaction) മാത്രമാണിത്. ഊർജ്ജം ഫീൽഡിൽനിന്നും എന്റെ റെറ്റിനായിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, എന്റെ ചുറ്റുപാടുമുള്ള ഫീൽഡ് അതനുസരിച്ചു പരിഷ്ക്കരിക്കപ്പെടുകയും (modify) ചെയിതു. എനിക്ക് അവസ്ഥയെ ഒരു നക്ഷത്രത്തെ കാണുന്നതായി വേണമെങ്കിൽ വ്യാഖ്യാനിക്കാം, അല്ലെങ്കിൽ എന്റെ ചുറ്റുമുള്ള ഫീൽഡിന്റെ ഒരു പരിഷ്കരണം മാത്രമായി ആയി വ്യാഖ്യാനിക്കാം.

ഇതെല്ലാം മൂന്നുതരത്തിലുള്ള വെറും വ്യാഖ്യാനങ്ങൾ അല്ലെ എന്ന് ചോദിക്കാം. അതെയെന്നുതന്നെയാണ് ഉത്തരം. പക്ഷെ ചോദ്യം മറ്റൊന്നാണ്, എന്തിന്റെ വ്യാഖ്യാനം? ഞാൻ കണ്ട ഒരു സംഭവത്തിന്റെ വ്യാഖ്യാനം, അങ്ങനെ ഒരു ദൃഷ്ട്ടാവ് ഉണ്ടായതുകൊണ്ടാണ് ദൃശ്യത്തിന് ഒരു അർധം ഉണ്ടായത്, ദൃഷ്ട്ടാവ് ഇല്ലെങ്കിൽ ദൃശ്യം എന്നൊന്നില്ല. ഒരു പടികൂടി കടന്നു ചിന്തിച്ചാൽ ദ്രശ്യംതന്നെ ദൃഷ്ട്ടാവ് സൃഷ്ട്ടിക്കുന്നതല്ലേ? ഒറ്റ നോട്ടത്തിൽ ചോദ്യത്തിൽ ഒരു കോമൺസെൻസ് ഇല്ലായ്മ ഉണ്ട് എന്ന് തോന്നാം. എന്നാൽ കുറച്ചു ആഴത്തിൽ ആലോചിച്ചാൽ ചോദ്യം ശരിതന്നെയല്ലേ എന്ന് തോന്നിത്തുടങ്ങും. അതിന് കാഴ്ചയുടെ മെക്കാനിസത്തിലേക്കു കടക്കണം.

ഉദാഹരണമായി മനുഷ്യന്റെ കാഴ്ച തന്നെയെടുക്കാം. നാം ഒരു വസ്തുവിലേക്കു നോക്കുമ്പോൾ വസ്തുവില്നിന്നും പ്രതിഫലിക്കുന്ന പ്രകാശ രശ്മികൾ നമ്മുടെ കണ്ണിൽ പതിക്കുന്നു. അവിടെ അത് വൈദ്യത സൂചനകളായി (signals) ആയി ഒപ്റ്റിക് നെർവ് വഴി തലച്ചോറിലെ തലാമസ് എന്ന സ്ഥാനത്തേക്ക് അയക്കുന്നു. അവിടെനിന്നും അത് വിഷ്വൽ കോര്ട്ടെക്സിൽ എത്തുന്നു. അവിടെ അത് വിശദമായി വിശകലനം ചെയ്ത് രൂപം, നിറം, ചലനം, ദൃശ്യത്തിന്റെ ആഴം എന്നിങ്ങനെ നിർമിച്ചു അതൊരു ദൃശ്യമായി നമുക്ക് നൽകുന്നു. അപ്പോൾ വിവിധ വർണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂമരങ്ങളും, മരതകപച്ച പുതച്ചു നിൽക്കുന്ന വനഭംഗിയുമെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണെന്നാണോ പറയുന്നത്?. അതെ, ചെന്താമരകളും മഞ്ഞ മന്ദാരങ്ങളും എല്ലാം യാഥാർഥ്യങ്ങളാണ്, പക്ഷെ നമുക്ക് മാത്രമേ അത് അറിയൂ, അറിയാൻ കഴിയൂ

വസ്തുക്കൾ നിർമിച്ചിരിക്കുന്നത് 'ആറ്റം' കണങ്ങൾ കൊണ്ടാണെന്നു നമുക്ക് അറിയാം. ആറ്റമുകൾ ചില ആവൃത്തികളിലുള്ള പ്രകാശത്തെ ആഗീരണം ചെയ്യാനും ചിലതിനെ പ്രതിഭലിപ്പിക്കാനും കഴിന്നവയാണ്. ഒരു പ്രകാശ രശ്മി ഒരു വസ്തുവിൽ പതിക്കുമ്പോൾ, ഉദാഹരണത്തിന് നല്ല പഴുത്ത് 'മഞ്ഞയായ' പഴം, ഏതാണ്ട് 570-580 നാനോ മീറ്റർ ആവൃത്തിയിലുള്ള ഒരു രശ്മി പ്രതിഫലിക്കുന്നു. രശ്മി നമ്മുടെ കണ്ണിലെ പ്രകാശ സംവേദിയായ റെറ്റിനയിൽ പതിക്കുന്നു. റെറ്റിനയിൽ ഏതാണ്ട് 0.3 മില്ലിമീറ്റർ വലുപ്പത്തിലുള്ള ചെറിയൊരു വൃത്തത്തിൽ ഉള്ള ചെറിയ സെല്ലുകൾ (photoreceptors/Cones) ഉത്തേജിതമാവുന്നു, ഒരു സാധാരണ മനുഷ്യരിൽ ഏതാണ് ഇത്തരം 60-70 ലക്ഷം സെല്ലുകൾ ഉണ്ടന്നാണ് കണക്ക്. സെല്ലുകൾ വിവിധ ആവൃത്തിയിലുള്ള പ്രകാശങ്ങളോട് വിവിധ രീതിയിലാണ് പ്രതികരിക്കുന്നത്. ഇത്തരം പ്രതികരണങ്ങളുടെ ഉൽപ്പന്നമായ വൈദ്യുത തരംഗങ്ങൾ മുൻപ് പറഞ്ഞതുപോലെ വിഷ്വൽ കോര്ട്ടെക്സിൽ വിശകലനം ചെയ്തു ഒരു 'നിറം' നൽകുന്നു, മഞ്ഞ.

മനുഷ്യന് ഇങ്ങനെ നിറങ്ങൾ നിർമിക്കുവാൻ കഴിവുള്ള   മൂന്നുതരം കോൺസ് (Cones) ഉണ്ട്. അതുകൊണ്ടുതന്നെ മറ്റു ബഹുഭൂരിപക്ഷം ജീവികളേക്കാൾ നിറങ്ങൾ നിർമിക്കുവാൻ മനുഷ്യന് കഴിയും. പക്ഷെ ചില പക്ഷികളും, ചിലതരം മീനുകളും നമ്മുളെക്കാൾ കേമന്മാരാണ് ഇക്കാര്യത്തിൽ. അവക്ക് നാലുതരം കോണുകൾ ഉണ്ട് (Tetrachromats), അൾട്രാ വയലറ്റ് രശ്മികൾ പോലും അവക്ക് സ്വീകരിക്കാൻ കഴിയും. അവ കാണുന്ന ലോകം നമ്മുടേതില്നിന്നും എത്ര വ്യത്യസ്തം ആയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. കൊഞ്ച് വർഗത്തിൽപ്പെട്ട ഒരു ജീവിക്കു (Mantis shrimp) 12 തരം കോണുകളാണ് കണ്ണിൽ. അവ കാണുന്ന ലോകം എന്താവാം?

ഇവിടെ ഇപ്പോൾ നാം പറയുന്നത് ഒന്നുകൂടെ അടുത്തു അറിയാൻ ശ്രമിക്കാം. ഒരു ദൃശ്യത്തിൽ നിന്നും പ്രതിഫലിക്കപ്പെടുന്ന രശ്മികൾ എന്റെ കണ്ണിന്റെ റെറ്റിനയിൽ പതിക്കുമ്പോൾ, അതിലെ ചില സെല്ലുകൾ വിവിധ രീതിയിൽ ഉത്തേജിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായുണ്ടായ സിഗ്നലുകൾ തലച്ചോറിലെ വിവിധ സങ്കേതങ്ങളിലുള്ള ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ഇത്, പ്രക്രിയ നടക്കുമ്പോൾ, എന്റെ ശരീരത്തിൽ ഉണ്ടാവുന്ന പ്രവർത്തനങ്ങൾ, രണ്ടാമതൊരാൾക്കു അളക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്. അങ്ങനെ അളക്കാൻ കഴിയുന്ന ശാരീരിക പ്രവർത്തനങ്ങൾ വളരെ വിദൂരങ്ങളായ ചില സൂചകങ്ങൾ ആവാം എന്നതിൽ കവിഞ്ഞു അതിനു യാഥാർത്ഥ്യങ്ങളുമായി വലിയ സാമ്യം ഒന്നും ഇല്ലെന്നു നമുക്ക് കാണാവുന്നതാണ്. ഇവിടെയൊന്നും ഒരു നിരീക്ഷകൻ ഇല്ല. അത്തരം ഉത്തേജനങ്ങൾ ചില അർദ്ധങ്ങൾ ആയി വ്യാഖ്യാനിക്കപ്പെടുമ്പോൾ പോലും നിരീക്ഷകൻ അഥവാ ദൃഷ്ട്ടാവ് രംഗത്തില്ല. അർഥങ്ങൾ പിന്നീട് ചിന്തകളായി മനസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നു ചിന്തകളെയാണ് യഥാർത്ഥത്തിൽ ഞാനെന്ന ദൃഷ്ട്ടാവ് അറിയുന്നത്.            

ഒരു fMRI (Functional Magnetic Resonance Imaging) ഉപയോഗിച്ച് സന്തോഷിക്കുമ്പോഴോ ദുഖിക്കുമ്പോഴോ എന്റെ തലച്ചോറിന്റെ ഏതൊക്കെ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറയുന്നതിന് ഇന്ന് ഒരു വിഷമവുമില്ല. തിരിച്ചു, എന്റെ തലച്ചോറിന്റെ ഒരു ഭാഗം ഉത്തേജിപ്പിക്കപ്പെടുമ്പോൾ, അപ്പോൾ ഞാൻ സന്തോഷിക്കുകയാണോ ദുഖിക്കുകയാണോ എന്നൊക്കെ പറയാനും കഴിയും. പക്ഷെ അനുഭവം എന്റേത് മാത്രമാണ്. വേറൊരാൾക്ക് അത് അനുഭവവേദ്യമല്ല. മനോഹരമായ ഒരു പാട്ട്, അതിലെ ശബ്ദ വീചികളുടെ ആവൃത്തി വ്യതിയാനങ്ങൾ നാം ഒരു കമ്പ്യൂട്ടറിൽ കാണുന്നതും, പാട്ട് കേൾക്കുന്നതും തമ്മിൽ എന്താണോ വ്യത്യാസം, അതുപോലെ. കാണുന്നത് പാട്ടല്ല, ശബ്ദ വീചികൾ എങ്ങനെ മാറുന്നു എന്നുള്ള നമ്മുടെ ഇന്നത്തെ അറിവിന്റെ ഉള്ളിൽ നിന്നുകൊണ്ട്, നാം സൃഷ്ട്ടിക്കുന്ന, ഒരു മോഡൽ മാത്രമാണത്. അത് യാഥാർഥ്യമല്ല.