Saturday, 8 September 2018

ബൈബിളിന്റെ ജീവചരിത്രം (4)



പ്രവാസത്തിൽനിന്നും തിരിച്ചെത്തിയ യഹൂദർ നൂറ്റാണ്ടുകളോളം പുറംലോകത്തുനടന്ന വമ്പിച്ച  മാറ്റങ്ങളിൽ ഒന്നും ഭാഗഭാക്കാതെ കഴിഞ്ഞു. പുറത്തു ഏതെൻസിന്റെ പ്രഭാവം നശിച്ചു, സ്പാർട്ടയുടെയും തീബ്സിന്റേയും ഉയർച്ചയും താഴ്ചയും നടന്നു, പേർഷ്യൻ സാമ്രാജ്യത്തെ അലക്സണ്ടർ കീഴടക്കി. ഇതൊന്നും യൂദയാ എന്ന രാജ്യത്തെ ഒരുവിധത്തിലും ബാധിച്ചില്ല. 

ബി സി രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ഗ്രീസിലെ രാജാവായ അന്ത്യോക്യസ് എപ്പിഫനിസ് യഹൂദ മതത്തെത്തന്നെ തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തു. രാജ്യം, സൈമൺ മക്കാബിയൂസ്, അയാളുടെ പുത്രൻ ജൂഡാസ് മക്കാബിയൂസ് എന്നിവരുടെ നേതൃത്വത്തിൽ ധീരമായി  ചെറുത്തു  നിന്നു. ഈ ചെറുത്തു നിൽപ്പിന്റെ സാഹിത്യപരമായ ഉൽപ്പന്നങ്ങൾ ആയിരുന്നു, 'ബുക്ക് ഓഫ് ഡാനിയേൽ', 'എസ്ഥേർ', 'ജൂഡിത്ത്' എന്നിവ. കൂടാതെ പഴയനിയമത്തിലെ അവസാന രണ്ടു പുസ്ഥകങ്ങൾ എന്ന് പറയപ്പെടുന്ന 'മക്കാബിസ് 1 ', 'മക്കാബിസ് 2 ' എന്ന ഗ്രന്ഥങ്ങൾ.
******
പുതിയ നിയമത്തിന്റേതായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു, ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പുതിയനിയമത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളും, പഴയനിയമ ഗ്രന്ഥങ്ങളും തമ്മിൽ നൂറ്റാണ്ടുകളുടെ തന്നെ അകൽച്ചയുണ്ട്. പഴയനിയമ രചിയിതാക്കൾ വിഭാവനം ചെയ്യാത്ത പുതിയ ആശയങ്ങൾ; ആത്മാവിന്റെ അനശ്വരത, രക്ഷകന്റെ രണ്ടാം വരവ്, ലോകത്തിന്റെ അന്തിമ നാളുകൾ, എന്നീ ആശയങ്ങൾ പുതിയനിയമ രചയിതാക്കൾ തങ്ങളുടേതായി ഇവയിൽ കൂട്ടിച്ചേർത്തു.

പുതിയനിയമ ഗ്രന്ഥങ്ങളെ അവയുടെ പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചാൽ എ ഡി അമ്പതുകളിൽ എഴുതപ്പെട്ടു എന്ന് കരുതുന്ന പൗലോസിന്റെ ലേഖനങ്ങളാണ് ഏറ്റവും പഴയത്.  പിന്നീട് സമാന്തര സുവിശേഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന, മാർക്കോസ്, മത്തായി, ലൂക്ക എന്നിവരുടെ സുശേഷങ്ങൾ, വെളിപാട്, ഏറ്റവും അവസാനം യോഹന്നാന്റെ സുവിശേഷം എന്നിങ്ങനെയാണ്.

എ ഡി 50 -നും 61 -നും ഇടയിൽ,  ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങൾ, ഒരു പ്രാദേശിക മതവിശ്വാസത്തെ, ഈ ചുരുങ്ങിയ കാലയളവുകൊണ്ടു ഒരു ലോക മതത്തിന്റെ നിലയിലേക്ക്  ഉയർത്തി എന്നുതന്നെ പറയാം. ലോകചരിത്രത്തിൽ വേറൊരാളും ഇത്തരം ഒരു വിജയം കൈവരിച്ചിട്ടുണ്ടാവില്ല. ഒന്നാം തെസ്സലോണിയൻസ്, രണ്ടാം തെസ്സലോണിയൻസ്, ഗലാത്യൻസ്, ഒന്നാം കൊരിന്ത്യൻസ്, രണ്ടാം കൊരിന്ത്യൻസ്, റൊമൻസ്, ഫിലിപ്പൈൻസ്, കൊളോസിയൻസ്, ഫിലിമോൻസ്‌, അങ്ങനെ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. പൗലോസിന്, യഥാർത്ഥ, ജീവിച്ചിരുന്ന,  യേശുവിനെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭിക്കാൻ അന്ന് വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ  അതിൽ അദ്ദേഹം അത്ര തല്പരൻ അല്ലായിരുന്നു എന്ന് കാണാം, അദ്ദേഹത്തിൻറെ ലേഖനങ്ങളിൽ നിന്നും നാം യേശുവിനെ കണ്ടെത്തിയാൽ. ജീവിച്ചിരുന്ന യേശുവിനേക്കാൾ 'ഉയിർത്തെഴുന്നേറ്റ' യേശുവിനെയാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്.  
  
പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ ഏറ്റവും പഴയത്, മത്തായി എഴുതി എന്ന് പറയപ്പെടുന്ന "യേശുവിന്റെ വചനങ്ങൾ" (Saying of Jesus) എന്ന പുസ്തകമാണ്. ഈ പുസ്തകത്തെപ്പറ്റി പാപിയാസ് എന്ന ക്രിസ്ത്യൻ എഴുത്തുകാരൻ എ ഡി 130-ഇൽ പ്രസ്താവിച്ചിട്ടുണ്ട് എന്നതല്ലാതെ ഇതേപ്പറ്റി ഒരു തെളിവും ലഭിച്ചിട്ടില്ല. അതുപോലെതന്നെ അരമായ്ക് ഭാഷയിൽ എഴുതപ്പെട്ട യേശുവിനെപ്പറ്റിയുള്ള ഒരു ഗ്രന്ഥം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഇതും ലഭ്യമായിട്ടില്ല. എന്നാൽ യോഹന്നാൻ മാർക്കോസ് എന്നൊരാൾ ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് 'മാർക്കോസിന്റെ സുവിശേഷം' എന്നാണു പറയപ്പെടുന്നത്. ലഭ്യമായ ആദ്യത്തെ ഗ്രന്ഥമാണ് ഇത്.

ആരാണ് ഈ യോഹന്നാൻ മാർക്കോസ്? യോഹന്നാൻ  എന്നത് യഹൂദ നാമവും മാർക്കോസ് എന്നത് റോമൻ നാമവും. അപ്പോസ്തോല പ്രവർത്തികളിൽ, ജറുസലേമിൽ താമസിച്ചിരുന്ന ഒരു മേരിയെയും അവരുടെ പുത്രനായ മാർക്കോസിനെയും പറ്റി സൂചനയുണ്ട്. ആദിമ കൃസ്ത്യാനികൾ ഈ വീട്ടിൽ ഒത്തുചേരാറുണ്ടായിരുന്നു. സാമാന്യം ധനസ്ഥിതിയുള്ള വീടും ആയിരുന്നു. പാരമ്പര്യ വിശ്വാസമനുസരിച്ചു, യേശു തന്റെ ഒടുവിലത്തെ അത്താഴം കഴിച്ചതായി പറയപ്പെടുന്ന രണ്ടു വീടുകൾ ഇന്ന് ജറുസലേമിൽ കാണാം. ഒന്ന് ഇപ്പോൾ കത്തോലിക്കരുടെ കൈവശം ഉള്ള ഒരു വലിയ മാളിക. ഒരു കാരണവശാലും  അതാവാൻ പറ്റില്ല എന്ന് കാണുന്ന ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലാവും. മറ്റൊന്ന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന മറ്റൊരു വീട്. മാർക്കോസിന്റെ ഭവനം എന്നാണു അത് അറിയപ്പെടുന്നത്. ആ വീടിന്റെ അടിയിൽ വിശാലമായ ഒരു ഗുഹ ഉണ്ട്. ഒരു  പത്തു-അമ്പതു പേർക്ക് ഇരിക്കാവുന്നത്ര വിശാലമായത്. അവിടെയാണ് അന്ത്യ അത്താഴം ഒരുക്കിയത് എന്നാണു അവരുടെ വിശ്വാസം. ഏതായാലും അങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കിൽ അത് ഈ പറഞ്ഞിടത്തു തന്നെയാവാനാണ് സാധ്യത. അതുപോലെതന്നെ ഒരു മാർക്കോസ്, പൗലോസിന്റെ ശിഷ്യനായി പ്രേഷിത പ്രവർത്തികളിൽ അദ്ദേഹത്തെ സഹായിച്ചിരുന്നതായും, പിന്നീട് അദ്ദേഹം പത്രോസിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്നുവെന്നും, ആദിമ സഭ പിതാക്കളിൽ ഒരാളായ പാപിയാസ് സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷെ അങ്ങനെ പത്രോസിന്റെ പ്രസംഗങ്ങളിൽ നിന്നും കുറിച്ചെടുത്തയായിരിക്കാം മാർക്കോസിന്റെ സുവിശേഷം എന്ന് കരുതപ്പെടുന്നു. 

പിന്നീട് വന്ന, മത്തായിയുടെയും ലൂക്കായുടെയും സുവിശേഷം, മാർക്കോസിന്റെ സുവിശേഷത്തോട് വളരെ സാമ്യം ഉള്ളവയാണ്. അതുകൊണ്ടു ഈ മൂന്നു സുവിശേഷങ്ങളെയും സമാന്തര  സുവിശേഷങ്ങൾ      എന്ന് പറയുന്നു. 

നാലാമത്തെയും അവസാനത്തെയുമായ യോഹന്നാന്റെ സുവിശേഷം ഇതിൽനിന്നും തുലോം വ്യത്യസ്തമാണ്. യഹൂദ തത്വചിന്തയേക്കാളുപരി , ഗ്രീക്ക്  തത്വചിന്തക്കാണ്‌  ഇതിൽ മുൻ‌തൂക്കം. 

ക. നീ. മു. സ. മാണികത്തനാർ ആദ്യം മലയാളത്തിൽ ഇറക്കിയ പുതിയ നിയമ പുസ്തകത്തിൽ (അത് ഇപ്പോൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ എന്നറിയില്ല. ഇപ്പോഴുള്ളത് പലപ്പോഴായി ഇവിടത്തെ മെത്രാന്മാർ അവരുടെ ഇഷ്ട്ടം അനുസരിച്ചു തിരുത്തി എഴുതിയതാണ്. എന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്) പറയുന്ന ചരിത്രം ഇങ്ങനെ.

യോഹന്നാനെ പത്തെമോസ് ദ്വീപിലേക്ക്‌ ഏകാന്തമായി നാടുകടത്തിയപ്പോൾ അവിടെവച്ചു അദ്ദേഹം എഴുതിയതാണ് വെളിപാട്. നാലാമത്തെയും അവസാനത്തെയുമായ പുസ്തകം എഴുതുന്നത് അതിനൊക്കെ കൊല്ലങ്ങൾക്കു ശേഷമാണ്. യോഹന്നാൻ തിരിച്ചെത്തി സഭയിൽ കുറേക്കാലം കൂടി ബിഷപ്പ് ആയി സേവനം ചെയ്തിട്ടാണ് മരിക്കുന്നതു. അതിനിടയിൽ മറ്റു മൂന്നു ബൈബിളുകളും വായിച്ച ആദിമ കൃസ്ത്യാനികളുടെ ഇടയിൽ യേശുവിന്റെ ദൈവത്ത്വത്തെപ്പറ്റി പരക്കെ സംശയം ഉണ്ടായി. അങ്ങനെ, മറ്റു ബിഷപ്പുമാരെല്ലാം കൂടി, ജീവിച്ചിരിക്കുന്ന ഏക ശിഷ്യനായ യോഹന്നാനെ സമീപിച്ചു ആളുകളുടെ സംശയം നീക്കണമെന്നു അപേക്ഷിച്ചു. അങ്ങനെയാണ് യോഹന്നാൻ ബൈബിൾ എഴുതുന്നത്.

"ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു"

യോഹന്നാൻ തന്റെ ബൈബിൾ തുടങ്ങുന്നത് ഇങ്ങനെ പ്രസ്താവിച്ചു കൊണ്ടാണ്.

"വചനം" എന്ന് മലയാളത്തിലേക്കും "വേർഡ്" എന്ന് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത മൂലവാക്ക് "ലോഗോസ്" ആണ്. അരിസ്റ്റോട്ടലിയൻ തത്വചിന്തയിൽ പറയുന്ന, ലോഗോസ്, ഏതോസ്, പതോസ് എന്നതിലെ ലോഗോസ് ആയി യേശുവിനെ കാണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ബൈബിൾ തുടങ്ങുന്നത്. 

എന്നാൽ ഇവയിൽ ഒന്നിന്റെയും മൂല കൃതി ഇപ്പോൾ  ലഭ്യമല്ല. പക്ഷെ രണ്ടാം നൂറ്റാണ്ടിൽ ഇവ ഉണ്ടായിരുന്നിരിക്കാം എന്നതിന് പല തെളിവുകളും ഉണ്ട്. എ ഡി 177 -ഇൽ,  ലിയോൺസ്-ലെ ബിഷപ്പ് ആയിരുന്ന ഇറേനിയസ് , ഗ്നോസ്റ്റിക് സമൂഹത്തിനെതിരെ എഴുന്നിടത്തെല്ലാം ഈ നാല് ബൈബിളുകളും വിശദമായി ഉദ്ധരിക്കുന്നുണ്ട്. അതുപോലെതന്നെ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാർത്തേജിലെ ബിഷപ്പായിരുന്ന തെർത്തൂലിയൻ ഈ നാല് ബൈബിളുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇക്കാലത്തുതന്നെ, അലക്സൻഡ്രിയയിലെ ക്ലെമെൻസ്, ആയിരക്കണക്കിന് ഉദ്ധരിണികൾ തന്റെ വിവിധ ഗ്രന്ഥങ്ങളിൽ നൽകുന്നുണ്ട്. റോമൻ ബിഷപ്പായിരുന്ന പയസ് (160 -170) വിശുദ്ധ ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയതിൽ ആദ്യത്തെ നാലെണ്ണം ഈ ബൈബിളുകളാണ്. അതൊക്കെ കാണിക്കുന്നത് അക്കാലത്തു, ഇവയുടെ ഒറിജിനുകളോ, അല്ലെങ്കിൽ കോപ്പികളോ ലഭ്യമായിരുന്നു എന്നാണ്. ഏതായാലും ഇന്ന് ലഭ്യമായ എല്ലാ ബൈബിളുകളും സുറിയാനി ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'പിഷിത്തോ' എന്ന് വിളിക്കും) അല്ലെങ്കിൽ ലത്തീൻ ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'ഇറ്റാലാ' എന്ന് വിളിക്കും) പരിഭാഷകൾ മാത്രമാണ്. 


Thursday, 6 September 2018

ബൈബിളിന്റെ ജീവചരിത്രം (3)



മനുഷ്യൻ മാത്രമാണ് ബൈബിളിന്റെ ഉള്ളടക്കം. പൗരാണിക ഗോത്ര സംസ്കാരങ്ങളെ നോക്കിയാൽ (ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെ പ്രദേശങ്ങളിൽ), യഹൂദരാണ്, മനുഷ്യനിൽ ആണ് ഊന്നൽ നൽകേണ്ടത് എന്ന തത്വം അംഗീകരിച്ചിരുന്നത്. നിരുപാധികമായി ദൈവത്തിനു കീഴടങ്ങണം എന്ന് അടിയുറച്ചു വിശ്വസിക്കുമ്പോഴും, ഈ ഊന്നൽ നിലനിൽക്കുന്നുണ്ട്. 

മറ്റൊരുവിധത്തിൽ പറയുകയാണെങ്കിൽ ദൈവം പോലും, പലപ്പോഴും, മനുഷ്യന് താഴെയായിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ ദൈവങ്ങൾ, തങ്ങളുടെ  ഇടയിലെ പ്രശ്നങ്ങൾ തീർക്കാനായി, അവരുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചപ്പോൾ, യഹോവയാവട്ടെ മനുഷ്യരുടെ ദൈനംദിന കാര്യങ്ങളിൽ സജ്ജീവമായി ഇടപെട്ടുകൊണ്ട് അവരുടെ ഭാവി ശോഭനമാക്കാനാണ് സമയം ചെലവഴിച്ചത്. വേറൊരു വിധത്തിൽ നോക്കിയാൽ പേഗൻ ദൈവങ്ങൾ എല്ലാം തന്നെ പ്രകൃതി പ്രതിഭാസങ്ങളുടെ അലൗകിക മൂർത്തീകരണങ്ങൾ ആണെങ്കിൽ യഹോവയാവട്ടെ അടിസ്ഥാനപരമായി മനുഷ്യനാണ്, മനുഷ്യ സങ്കൽപ്പങ്ങൾക്ക് എത്താവുന്ന ഉയരത്തിൽ, മനുഷ്യൻ  മൂർത്തീകരിക്കപ്പെട്ട ദൈവം.

ബൈബിളിലെ കഥാപാത്രങ്ങൾ ഒന്നുംതന്നെ ഗ്രീക്ക് പുരാണങ്ങളിലേതുപോലെ അമാനുഷിക വീരന്മാർ അല്ല, ബലവും ബലഹീനതയുമുള്ള സാധാരണ മനുഷ്യരാണ്. എബ്രഹാം ധീരനെങ്കിലും ഭീരു കൂടിയാണ്. യാക്കോബ് വിശ്വസ്തനെങ്കിലും സൂത്രക്കാരൻ കൂടിയാണ്. യൗസേഫ് ചെറുപ്പത്തിന്റെ എല്ലാ കുഴപ്പങ്ങളും ഉള്ള ഒരാളാണ്. ശുദ്ധഹൃദയനായ ദാവീദ് കാമത്താൽ പ്രചോദിതമായി തന്റെ വിശ്വസ്തനെ കൊല്ലുന്നിടം വരെ എത്തുന്നു. സോളമന്റെ ജ്ഞാനമൊന്നും അദ്ദേഹത്തെ അമിത ഭോഗത്തിൽനിന്നും ദുരാചാരങ്ങളിൽനിന്നും മോചിപ്പിക്കുന്നില്ല.

ചുരുക്കത്തിൽ ഇന്ന് ഒരു പിന്നാക്ക ഗ്രാമത്തിലെ കൃഷിയിടത്തിൽ കാണാവുന്ന ഒരു കാർഷിക ഗോത്ര തലവനാണ് അബ്രാഹം. ഏതെങ്കിലുമൊരു ആധുനിക നഗരത്തിന്റെ തെരുവോരങ്ങളിൽ നിങ്ങൾ യാക്കോബിനെ കണ്ടുമുട്ടിയേക്കാം. നല്ലവനെങ്കിലും ലാളിച്ചു ചീത്തയാക്കിയ ഒരു കുട്ടിയിൽ നിങ്ങള്ക്ക് യൗസേഫിനെ കാണാൻ കഴിയും. അവസാനകാലങ്ങളിലെ സോളമനെ നിങ്ങള്ക്ക് ഏതൊരു നിശാക്ലബ്ബിലും കണ്ടെത്താൻ കഴിയും. 

കൃത്യമായായി നിര്വചിക്കപെട്ട ഈ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കിടയിലൂടെ സഞ്ചിതമായി, സമഷ്ടിയിൽ ഒരൊറ്റ വ്യക്ത്തിയെ നമുക്ക് കാണാൻ കഴിയും. തന്റെ പൂർവികരുടെ വ്യക്ത്തിത്വങ്ങൾ ആവാഹിച്ചെടുത്ത, പിന്നിലേക്ക് നിരവധി തലമുറകൾക്കും അപ്പുറത്തേക്ക് നീട്ടാവുന്ന ഒരൊറ്റ വ്യക്ത്തിത്വം. കടങ്കഥയിലൂടെ, കേട്ടുകേള്വിയിലൂടെ ആവാഹിച്ചെടുത്ത ഒരൊറ്റ വ്യക്തിത്വം, ഒരു സാമൂഹ്യ വ്യക്ത്തിത്വം. ഒരു പ്രവാഹത്തിനുള്ളിൽ സ്വന്തമായി  നിലനിൽപ്പുള്ളതും, എന്നാൽ മറ്റുള്ളവയിൽനിന്നും വേർതിരിക്കാ നാവാത്തതുമായ ഒരു സങ്കീർണമായ നിലനിൽപ്പ്. 

ഏറ്റവും പഴക്കം ചെന്ന രചനകൾ 'ജെ' ലിഖിതങ്ങൾ എന്ന് അറിയപ്പെടുന്നു. കാരണം അവയിലെ ദൈവം 'ജെഹോവ' എന്ന് വിളിക്കപ്പെട്ടിരുന്നുന്നു. സൃഷ്ട്ടി മുതൽ സാവൂളിന്റെ ഭരണകാലം വരെ വിശദമാക്കുന്ന ഇവ, ബി സി ഒൻപതാം നൂറ്റാണ്ടിൽ തെക്കൻ രാജ്യമായ യൂദയായിൽ നിര്മിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം വടക്കൻ രാജ്യമായ ഇസ്രായേലിൽ അതുപോലൊന്ന് ക്രോഡീകരിക്കപ്പെട്ടു. അവയെ 'ഇ' ലിഖിതങ്ങൾ എന്ന് പറയപ്പെടുന്നു.കാരണം അതിലെ ദൈവം 'ഇലോഹിം' എന്ന പേരിലാണ് അറിയപ്പെട്ടത്. ഇസ്രായേൽ രാജ്യത്തിന്റെ പതനത്തിനുശേഷം, ഈ രണ്ടു രചനകളും വടക്കൻ രാജ്യത്തിന്റെ (യൂദയാ) കൈവശം വന്നു ചേർന്നു. ഏതാണ്ട് ബി സി ഏഴാം നൂറ്റാണ്ടോടുകൂടി ഇവ രണ്ടും ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടു. 

ബി സി എട്ടു-ഒൻപതു നൂറ്റാണ്ടുകൾ പ്രവാചകരുടെ കാലഘട്ടങ്ങളാണ്. പിന്നീടങ്ങോട്ടുള്ള യഹൂദരുടെ ചരിത്രത്തിന്റെ ഗതിയെ പൂർണമായി നിയന്ത്രിച്ചത് ഈ കാലഘട്ടം ആണെന്ന് പറയുന്നതിൽ തെറ്റില്ല. പഞ്ചഗ്രന്ഥികളിലെ (ഉല്പത്തി, പുറപ്പാട് തുടങ്ങിയ അഞ്ചു പുസ്തകങ്ങൾ) ഏറ്റവും പ്രധാനപ്പെട്ട 'ആവർത്തനപുസ്തകം' (Deuteronomy) പിന്നീട് അങ്ങോട്ട്, നാം ഇന്ന് കാണുന്ന പഴയ നിയമത്തിന്റെയും, ഒരു പരിധിവരെ പുതിയ നിയമത്തിന്റെയും ഹൃദയം ആയി മാറി എന്നതാണ് വസ്തുത. ബൈബിളിന്റെ ഹൃദയം പ്രവാചക രചനകളിലാണ് കിടക്കുന്നത്, മോശയുടെ നിയമങ്ങളിൽ അല്ല. 

പ്രവാചക പ്രസ്ഥാനം ഇവിടെയും, ലോകത്തിലെ മറ്റെല്ലാ സംസ്കാരങ്ങളിലുമെന്നതുപോലെതന്നെ, ഭാവി പ്രവചിക്കുന്നവരുടെയും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരുടെയും സംഘങ്ങൾ ആയിത്തന്നെയാണ് ആരംഭിച്ചത്. 'സംഖ്യയുടെ പുസ്തകത്തിലെ' 'ബാലം' ഇതിനു നല്ലൊരു ഉദ്ദാഹരണമാണ്. ഗ്രീസിലെ ഭാവി പ്രവചിരുന്നവർ 'ഡെൽഫി വെളിച്ചപ്പാടുകൾ' ആയി പരിണമിച്ചു. റോമിലാവട്ടെ അവർ അവസാനം വരെ ഭാവി പ്രവചിക്കുന്നവരായി നിലനിന്നു. യഹൂദരുടെ ഇടയിലാവട്ടെ ഇവർ അപ്രതിരോധ്യരായ സാമൂഹിക പരിഷ്ക്കർത്താക്കളായി  ശക്ത്തിയായി വളർന്നുവന്നു. അപ്പോഴും ഒരു ദിവ്യത്ത്വത്തിന്റെ പരിവേഷം നിലനിന്നിരുന്നു എന്നത് വാസ്തവമാണെങ്കിലും; ഏലിയായും എലീശായും ദിവ്യന്മാർ ആയിരുന്നല്ലൊ. 

കടുത്ത ദേശീയവാദികളായിരുന്നു പ്രവാചകന്മാർ. രാഷ്ട്രീയത്തിൽ ഇവർ ശക്തമായി ഇടപെടുകയും ചെയ്തു. ബി സി 750 -ഇൽ ഉയർന്നുവന്ന ആമോസ് പ്രവാചകൻ, ഒരു പക്ഷെ, അന്നത്തെ ഇസ്രായേൽ, യൂദയാ എന്ന രാജ്യങ്ങളുടെ ദയനീയ സ്ഥിതിയുടെ, ആത്യന്തികമായ,  ഒരു ഉൽപ്പന്നം തന്നെ ആയിരുന്നു. പിന്നീടങ്ങോട്ട് ഉണ്ടായ ഏറ്റവും ശക്തരായ പ്രവാചകരായിരുന്നു ഏശയ്യാ പ്രവാചകനും മീഖാ പ്രവാചകനും. പ്രവാചകരെല്ലാം തന്നെ കവികളും കലാകാരന്മാരും ആയിരുന്നു. സാമൂഹ്യ വിമര്ശത്തിന്റെ മുഴുവൻ ക്രെഡിറ്റും വേണമെങ്കിൽ ആമോസ് പ്രവാചകന് നൽകാം. 

യൂദായുടെ മ്ലാനമായ വർത്തമാനകാലത്തിൽ, ശോഭനമായി ഒരു ഭാവിയെ സ്വപ്നം കാണാൻ പ്രവാചകരുടെ  ഒരു നീണ്ട നിരതന്നെ ഉണ്ടായി. നാഹും, ഹബാകുക്, സിഫാന്യ, ജെരമ്യ തുടങ്ങിയർ. രാജ്യം വിദേശീയരാൽ തകർക്കപ്പെട്ടു നീണ്ട നാൽപ്പതു വര്ഷക്കാലമുള്ള പ്രവാസ കാലഘട്ടത്തിലും യഹൂദർ തങ്ങളുടെ ചരിത്ര രചന തുടർന്നുകൊണ്ടേയിരുന്നു. ചരിത്ര രചനയിലെ പ്രധാനി, പുരോഹിതനും ആത്മജ്ഞാനിയുമായിരുന്ന ഹെസക്കിയേൽ പ്രവാചകനായിരുന്നു.

പേർഷ്യൻ രാജാവായ സൈറസ് ബാബിലോണിയ കീഴടക്കിയപ്പോൾ, യഹൂദർക്ക് പാസ്‌തീനിലേക്കു തിരിച്ചുവരാനുള്ള അനുവാദം കിട്ടി. പുനരധിവാസം നീണ്ടതും കഷ്ടതകൾ നിറഞ്ഞതുമായിരുന്നു. ബി സി 538 മുതൽ ബി സി 444  വരെ തുടർന്നു ഈ പ്രക്രിയ.  ബി സി 397-ഇൽ പുരോഹിതനായ എസ്രാ, ഇനിയങ്ങോട്ട് യഹൂദർ, യഹോവയെ ആരാധിക്കേണ്ടതിന്റെ നിയമങ്ങൾ ക്രോഡീകരിച്ചു. 'ലേവ്യയുടെ പുസ്തകം' (Leviticus) എന്ന അറിയപ്പെടുന്നത് ഇതാണ് എന്നാണു കരുതപ്പെടുന്നത്. 
   

Wednesday, 5 September 2018

ബൈബിളിന്റെ ജീവചരിത്രം (2)



മഹത്തായ ഏതൊരു ഗ്രന്ഥത്തെയും ജീവിക്കുന്ന ഒരു ജൈവരൂപമായി കണക്കാക്കാവുന്നതാണ്. മാസങ്ങൾ, കൊല്ലങ്ങൾ , അല്ല, പലനൂറ്റാണ്ടുകൾ തന്നെ അതിന്റെ ഗർഭ കാലമാവാം. അവസാനം അത് ചിട്ടപ്പെടുത്തപ്പെട്ട് ലിഖിതരൂപം കൈവരിക്കുമ്പോൾ അത് ജനിച്ചു എന്ന് വേണമെങ്കിൽ പറയാം, ജനനം മാത്രം. പിന്നീട് നിരവധി തലമുറകളിലൂടെയുള്ള വായനയിലൂടെയും, വിമര്ശങ്ങളിലൂടെയും , കൂട്ടിച്ചേർക്കലുകളുടെയും, പകർത്തിഎഴുത്തിലൂടെയും അത് വളർന്നു വികാസം പ്രാപിക്കുന്നു.   മഹത്തായ ഇതിഹാസങ്ങളും പുരാണങ്ങളും എല്ലാം ഇവ്വിധം തന്നെയാണ് ജനിച്ചു വളർന്നു, ഇന്നത്തെ നിലയിൽ പടർന്നു പന്തലിച്ചിട്ടുള്ളത്.

ഇത്തരം മഹത് ഗ്രന്ഥങ്ങളിൽ ബൈബിളിന് വേറൊരു പ്രത്യകതകൂടി കാണാൻ കഴിയും. ബൈബിൾ എന്ന ജൈവരൂപത്തിന്റെ വളർച്ചയിലും വികാസത്തിലും എണ്ണമറ്റ മനുഷ്യ ജീവിതങ്ങൾ ഹോമിക്കപ്പെട്ടിട്ടുണ്ട്. അവരുടെ സന്തോഷവും ദുഃഖവും , പരാക്രമങ്ങളും, പരാജയങ്ങളും , ആശകളും ആശങ്കളും എല്ലാം  വളമായിട്ടുണ്ട്, ഏതാണ്ട് നാലായിരത്തിലധികം കൊല്ലങ്ങളിലൂടെയുള്ള   ഇതിന്റെ വളർച്ചക്ക്.  

ഒരു സഹ്റസ്രാബ്ദത്തിലേറെ ഐതിഹ്യങ്ങളിലൂടെയും കെട്ടുകഥകളിലൂടെയും അത് കടന്നുപോയി. പിന്നൊരു സഹ്റസ്രാബ്ദം അതിന്റെ രചനാകാലമാണ്. അടുത്ത സഹസ്രാബ്ദം മതപരമായ ചട്ടങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലുള്ള കടുത്ത പോരാട്ടങ്ങളുടെയും അതിഭീകരമായ രക്ത്തച്ചൊരിച്ചിലിന്റെയും കാലഘട്ടമാണ്. ലോകചരിത്രത്തിൽ ഒരു ചക്രവർത്തിക്കോ, ഒരു സാമ്രാട്ടിനോ അവകാശപ്പെടാൻ കഴിയാത്തത്ര യുദ്ധങ്ങൾ, രക്ത്തസാക്ഷിത്തങ്ങൾ, വെട്ടിപ്പിടുത്തങ്ങൾ, ഉന്മൂലനനാശങ്ങൾ എല്ലാം ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു. നാലാമത്തെ സഹ്റസ്രാബ്ദം എണ്ണമറ്റ ഭാഷകളിലേക്കുള്ള അതിന്റെ പകർത്തി എഴുത്തിന്റെ കാലഘട്ടമാണ്. 

ഡി നാലാം നൂറ്റാണ്ടുവരെ ഇതിന് ബൈബിൾ എന്ന് പേര് നല്കപ്പെട്ടിരുന്നില്ല. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ജോൺ ക്രിസോസ്റ്റോം, അന്ന് ലഭ്യമായതിൽ  ചില യഹൂദ വിശുദ്ധഗ്രന്ഥങ്ങളും ക്രിസ്ത്യൻ ഗ്രന്ഥങ്ങളും കൂട്ടി ഒറ്റഗ്രന്ഥമായി പ്രഖ്യാപിച്ചു; "ബൈബിൾ". ആയിരക്കണക്കിന് വര്ഷങ്ങളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ, വിവിധ ഭാഷകളിലൂടെ വികാസം പ്രാപിച്ചതാണെങ്കിലും അതിനു അദ്ഭുതകരമായ ഒരു ഏകത, ഒരു ഒരുമ അനുഭവപ്പെട്ടു.  ഡി മൂന്നാം നൂറ്റാണ്ടിൽ , അലക്സൻഡ്രിയായിൽ, 72 യഹൂദ പണ്ഡിതന്മാർ 72  ദിവസംകൊണ്ട്, ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയ പഴയനിയമ ഗ്രന്ഥങ്ങൾ (Septuagint), ഒരു ഗ്രന്ഥം, ഒരാൾ പരിഭാഷപ്പെടുത്തിയതുപോലെ വായനക്കാർക്ക് അനുഭവപ്പെട്ടത് മേല്പറഞ്ഞതിന്റെ ഉത്തമോദ്ദാഹരണമാണ്.  
  
എന്നാൽ യഹൂദരുടെ വിശ്വാസങ്ങൾക്കപ്പുറത്തു, ചരിത്രത്തിൽ ഇവർ , ബി സി 1000 -നു മുൻപ്, അറേബിയൻ മരുഭൂമിയിൽ നിന്നും വന്ന  നിരവധി നാടോടി സംഘങ്ങളിൽ ഒന്ന് മാത്രമായിരുന്നു. അന്ന് വരെ കാനാൻ ദേശക്കാർ ജീവിച്ചിരുന്ന , ബൈബിളിൽ 'ഫിലിസ്റ്റൻസ്' എന്ന് പറയപ്പെട്ടിരിക്കുന്ന,  ഫലഭൂവിഷ്ടമായ പാലസ്തീൻ തീരപ്രദേശത്തിനുവേണ്ടി വന്ന, അധിനിവേശ സംഘങ്ങളിൽ  ഒന്ന് മാത്രമായിരുന്നു ഇവർ. അധിനിവേശ സംഘങ്ങളിൽ ഏറ്റവും വിജയകരമായത് ഹിബ്രു ഭാഷ സംസാരിക്കുന്ന ഗ്രൂപ് ആയിരുന്നു. മഹാനായ ദാവീദിന്റെ നേതൃത്വത്തിൽ , ബി സി 990 -ഇൽ അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ദാവീദിന്റെ പുത്രൻ സോളമൻ , അയൽ രാജ്യങ്ങളുമായി ഉടമ്പടിയിൽ ഏർപ്പെടുകയും, ഈജിപ്തിലെ ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചുകൊണ്ട് പോലും  നയതന്ത്രപരമായ വൻ വിജയം നേടുകയും ചെയിതു. അതായിരുന്നു ഇസ്രായേലികളുടെ ഏറ്റവും അത്യുച്ച രാഷ്ട്രീയ നില. എന്നാൽ സോളമന്റെ പിന്ഗാമികളുടെ കാലത്തു രാജ്യം , വടക്ക് ഇസ്രയേലും തെക്ക് ജൂദയായും ആയി വിഭജിക്കപ്പെട്ടു. (ഇസ്രയെലിലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ഇസ്രായേലിലും ബാക്കി രണ്ടു യൂദയായിലും).    

ഇസ്രായേൽ രാജ്യം ബി സി 722 -ഇൽ അസ്സീറിയൻ ആക്രമത്തിൽ തകർക്കപ്പെട്ടു, ജൂദയ ബി സി 586 -ഇൽ ബാബിലോണിയൻ ആക്രമണത്തിൽ നാമാവശേഷമായി. അതോടെ ഒരു രാഷ്ട്രീയ ശക്ത്തി എന്ന നിലക്ക് അബ്രഹാമിന്റെ പരമ്പരക്ക് , നിലനിൽപ്പ് നഷ്ട്ടപ്പെട്ടു.  ഇതാണ് ചരിത്രം എങ്കിൽ, യഹൂദർ ഇന്ന് വിസ്മൃതിയിൽ ഒടുങ്ങിപ്പോവുന്ന ഒരു പഴംകഥ ആയി മാറുമായിരുന്നു. കാരണം അവരുടെ പ്രാധാന്യം അവരുടെ മനസ്സിൽ മാത്രമായിരുന്നു. പക്ഷെ അവർ പുറം യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അവരുടെ ഉള്ളിൽ അവർ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനത ആയിരുന്നു. യുദ്ധത്തിൽ അവരെ വിജയത്തിലേക്ക് നയിക്കുന്ന യഹോവയുടെ തെരെഞ്ഞെടുക്കപ്പെട്ട ജനത.

ഏതൊരു ചരിത്രത്തിനു പിന്നിലും ഒരു പാരമ്പര്യം ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഗോത്ര പാരമ്പര്യം, വാച്യമായി കൈമാറപ്പെട്ട ഒരു പാരമ്പര്യം. ഇസ്രായേലികളെ സംബന്ധിച്ചേടത്തോളം അവർ വെറും ഒരു അറേബിയൻ ഗോത്രം മാത്രമായിരുന്നില്ല. ഈജിപ്ത്തിന്റെ അടിമത്വത്തിൽനിന്നും യഹോവയുടെ സംരക്ഷണത്താൽ മോചിതരാക്കപ്പെട്ട ഒരു ചരിത്രം അവർക്കുള്ളിൽ ഉണ്ട്. മാത്രമല്ല അവരുടെ കഥകളിൽ ആദ്യ മനുഷ്യനായ ആദാം വരെ എത്തുന്ന ഒരു പാരമ്പര്യം അവർ അവകാശപ്പെടുന്നുമുണ്ട്.

ഇത്രയും അംശങ്ങൾ മതിയായിരുന്നു അവരിലെ ചരിത്ര നിർമാതാക്കൾക്ക് സഞ്ചരിക്കാൻ, അറിയുന്നതിൽ നിന്നും അറിയാത്തതിലേക്ക്, മിത്തുകളിൽ മാത്രം ജീവിച്ചിരുന്ന വീരന്മാർ ചരിത്രത്തിന്റെ ഭാഗമായി മാറി. നാടോടി ഗാനങ്ങളിൽ ചിന്നിച്ചിതറി കിടന്ന വീരകഥകൾ എല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറി.  ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിന് ഏതാണ്ട് അഞ്ഞൂറുകൊല്ലങ്ങൾക്കുമുന്പ് , യഹൂദർ അവരുടെ ചരിത്രം എഴുതി തുടങ്ങി. ഇന്നത്തെ നിലയിൽ നാം കരുതുന്ന ചരിത്രമല്ല, പക്ഷെ അവരുടെ വസ്തുനിഷ്ട്ട സാഹചര്യങ്ങളിൽ അവർക്കു സത്യങ്ങൾ എന്ന് തോന്നിയ ചരിത്രം. ചരിത്രം എന്നാൽ അവർക്കു, തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ, ചരിത്രമായിരുന്നു, അവരുടെ മാത്രം ചരിത്രം. അങ്ങനെ ഇന്ന് നാം പഴയനിയമം എന്ന് കരുതുന്ന 'തോറ', അബ്രാഹം, യാക്കോബ്, യൗസേപ്, മോസസ്, തുടങ്ങി ജോഷ്വ മുതൽ ന്യായാധിപന്മാർ, രാജാക്കൾ, ദീർഘദർശിമാർ, തുടങ്ങി വീരന്മാരും യഹോവയാൽ തെരെഞ്ഞെടുക്കപ്പെട്ടവരുമായവരുടെ ചരിത്രം ആയി മാറി.