അഭിനന്ദനങ്ങൾ.
ഇത് വായിക്കുന്ന എല്ലാവര്ക്കും.
എന്തിനെന്നല്ലേ ?
ഏതാണ്ട് നാല് അഞ്ചു ബില്യൺ വര്ഷങ്ങളായി നമ്മുടെ
ഈ കൊച്ചു ഭൂമിയിൽ ഉണ്ടായിവന്ന ജീവിവര്ഗങ്ങളിൽ ഇന്ന് അവശേഷിക്കുന്നത് വെറും ഒരു ശതമാനം
മാത്രമാണ്. ആ ഒരു ശതമാനത്തിന്റെ ഭാഗം ആവാൻ ഭാഗ്യം ഉണ്ടായതിനാണ് ഈ അഭിനന്ദനങ്ങൾ.
ഭൂമിയിൽ ജനിച്ചു വളർന്ന ജീവിവര്ഗങ്ങളിൽ ഏതാണ്ട്
99% വർഗ്ഗങ്ങളും ഇന്നില്ല. ഏതാണ്ട് നാല് ബില്യൺ സ്പീഷീസ് ജീവിക്കാൻ ഇന്ന് ഇവിടെ അവശേഷിക്കുന്നില്ല
.
പലരും, പ്രത്യേകിച്ച് സ്കേപ്റ്റിക്കുകൾ ഇപ്പോൾ
പറയുമെന്ന് എനിക്ക് അറിയാം "അതാണ് പരിണാമത്തിന്റെ ഗുട്ടൻസ് , survival
of the fittest"
സോറി, ആ 'survival' അല്ല ഈ പറയുന്നത്. ഈ പറയുന്നത്
ഇവിടെ നടന്ന കൂട്ടക്കൊലയെ പറ്റിയാണ്. കഴിഞ്ഞ,
കഷ്ട്ടിച്ചു അരബില്യൺ വര്ഷങ്ങളായി കൃത്യമായ ഇടവേളകളിൽ ഇവിടെ നടന്ന ചിട്ടയായ
കൂട്ടക്കൊലയെപ്പറ്റിയാണ്, കൂട്ട വംശനാശത്തെക്കുറിച്ചാണ്. ഒരു ഭൗമകാലത്തെ കണ്ണിമക്കുള്ളിൽ
ഭൂരിപക്ഷം ജീവിവര്ഗങ്ങളെയും കൊന്നൊടുക്കി, അത്രതന്നെ വേഗതയിൽ പുതിയ വർഗ്ഗങ്ങളെ സൃഷ്ടിച്ചെടുത്ത
ആ പ്രക്രിയയെ ആണ്.
കഴിഞ്ഞ അഞ്ചു കൂട്ടക്കൊലയുടെയും നിഷേധിക്കാൻ
കഴിയാത്ത ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രമാണ് ഇത് പറയുന്നത്. ആറാമതൊന്നിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്ന തിരിച്ചറിവിലാണ്
ഇന്ന് ശാസ്ത്രലോകം.
ഏതാണ്ട് 440 മില്യൺ വർഷങ്ങൾക്കുമുൻപ്
അടുത്തടുത്ത രണ്ടു മാരക പ്രഹരങ്ങൾ. ഐസ് ഏജിന്റെ
ആഗമനം, സമുദ്ര നീരൊഴുക്കുകളുടെ പെട്ടെന്നുള്ള മാറ്റം, അസഹനീയമായ കാലാവസ്ഥ വ്യതിയാനം.
ധാരാളം ജീവിവര്ഗങ്ങള് അതിൽ നശിച്ചു. പക്ഷെ തീർന്നില്ല പെട്ടെന്നുള്ള മഞ്ഞുരുക്കൽ, വീണ്ടും സമുദ്രജലപ്രവാഹത്തിന്റെ
വ്യതിയാനം. ഏതാണ്ട് 86% ജീവിവര്ഗങ്ങളും നശിച്ചു മണ്ണടിഞ്ഞു. പുതിയ പിറവി, പുതിയ ജന്മങ്ങൾ
സ്പോഞ്ചുവർഗങ്ങൾ, ജൈവ പ്രകൃതിക്കു പുത്തനുണർവ്.
359
മില്യനും 380 മില്യനും ഇടക്ക്
സൈബീരിയയിൽ ഉണ്ടായതായി വിശ്വസിക്കപ്പെടുന്ന
തുടർച്ചയായ അഗ്നിപർവത സ്ഫോടനങ്ങൾ, കടലിലും മറ്റുമുള്ള ഓക്സിജൻ അളവിനെ പെട്ടെന്ന് കുറച്ചുകളഞ്ഞു.
തുടർന്ന് മറ്റൊരു കാലാവസ്ഥാവ്യതിയാനവും കൂട്ടക്കൊലയും. നിരവധി ഇനം മൽസ്യങ്ങൾ, വിവിധയിനം
പവിഴപ്പുറ്റുകൾ തുടങ്ങിയവ. അവശേഷിച്ചു വളർന്നു വികസിച്ചത് നട്ടെല്ലികൾ, വിവിധയിനം നാൽക്കാലികൾ,
കടലിൽനിന്നും കരയിലേക്കു മാറുന്നവ, ഉഭയ ജീവികൾ തുടങ്ങിയവ.
251
മില്യൺ വര്ഷങ്ങള്ക്കു മുൻപ്
വീണ്ടും അഗ്നിപർവത സ്ഫോടനങ്ങൾ, വിഷവാതകങ്ങൾ
അന്തരീക്ഷത്തിലേക്ക്, ഓസോൺ പാളിയെവരെ നശിപ്പിക്കാൻ കെൽപ്പുള്ളവയെന്നാണ് ശാസ്ത്ര മതം.
ഏതാണ്ട് 96% ജീവിവര്ഗങ്ങളും, ബഹുഭൂരിഭാഗം വനങ്ങളും മണ്ണടിഞ്ഞു. വെറും അൻപതിനായിരം കൊല്ലങ്ങൾകൊണ്ട്
ഇത് നടന്നുകഴിഞ്ഞു. പക്ഷെ വിവിധയിനം കൂണുകൾ
, മാമൽസ്- അന്ന് അവശേഷിച്ച താഴ്ന്ന നിലയിലുള്ള നാഡീവ്യൂഹ ജീവി കളിൽനിന്നും ഉണ്ടായിവന്നു.
201
മില്യൺ വര്ഷങ്ങള്ക്കു മുൻപ്
വീണ്ടും അഗ്നിപർവത സ്ഫോടനം. ഇക്കുറി അത് അറ്റലാന്റിക്
സമുദ്രത്തിൽ ആയിരുന്നു. വീണ്ടും കാലാവസ്ഥ വ്യതിയാനം , ദുരന്തം. ഏതാണ്ട് 80% ജീവിവര്ഗങ്ങളും
47% വനങ്ങളും നശിച്ചു. ഇക്കുറി നറുക്കു വീണത് ദിനോസാറുകൾക്കായിരുന്നു. ഇനിയൊരു 140
മില്യൺ വര്ഷം ലോകം ഭരിക്കാൻ വിവിധയിനം ദിനോസാറുകൾ ഉദയം കൊണ്ടു.
65.5, മില്യൺ വര്ഷം മുൻപ്
ഇത്തവണ
മെക്സിക്കോയുടെ മേൽ വീണ ഒരു ഉൽക്കാപതത്തെയാണ് പലരും സംശയിക്കുന്നത്. എന്നാൽ
ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും ഇന്ത്യയുടെ ഡെക്കാൻ പീഠഭൂമിയിൽ ഉണ്ടായ തുടർച്ചയായ അഗ്നിപർവത
സ്പോടനങ്ങളെയാണ് കാരണമാക്കുന്നതു. ഒരു പക്ഷെ ഉൾക്കാപാതവും ഇക്കൂട്ടത്തിൽത്തന്നെ ഉണ്ടായിരിക്കണമെന്ന്
കരുതുന്നവരും ഉണ്ട്. ഏതായാലും ഇടിവെട്ടേറ്റത് അന്ന് ലോകം അടക്കിവാണ ദിനോസർ വർഗ്ഗത്തെയാണ്
കൂട്ടത്തിൽ നിരവധിവർഗം വൃക്ഷലതാതികളും, Ammonites, Mollusks തുടങ്ങിയ spiral shelled ജീവികളും. 76% ജീവിവർഗങ്ങളും 40% വൃക്ഷലതാതികളും.
മനുഷ്യന്റെയൊക്കെ പൂര്വപിതാക്കളായ മാമൽസ്, ദിനോസാറുകളുടെ ചില വര്ഗങ്ങളായ ഇന്നത്തെ പക്ഷികളും
പാരിസ്ഥിതികമായ ആ ഒഴിവിലേക്ക് പെട്ടെന്ന് കടന്നുകയറി.
കാലത്തിന്റെ ഒഴുക്കിൽ ഈ ഭൂമിയുടെ പ്രതലത്തിൽ
എല്ലായ്പ്പോഴും ഒന്നേ രണ്ടോ ജീവിവര്ഗങ്ങള് വംശനാശം സംഭവിക്കുകയെന്നത് ഒരു സാധാരണ പ്രക്രിയയാണ്.
അതിന് "Background rate " എന്ന്
പറയപ്പെടുന്നു. പക്ഷെ ഇവിടെ പറയപ്പെട്ടാൽ അത്തരത്തിലുള്ള ഒരു ഒടുങ്ങൾ അല്ല , പിന്നെയോ
പെട്ടെന്നുള്ള ഒരു വംശനാശം, ഒന്നല്ല ബഹുഭൂരിപക്ഷം വംശങ്ങളുടെയും ഒരു ഹോളോകോസ്റ്.
"ഇവിടെ പറഞ്ഞതെല്ലാം മില്യൺ വര്ഷങ്ങളുടെ
കണക്കാണല്ലോ പിന്നെയെങ്ങനെ കൃത്യമായ ഇടവേള എന്നൊക്കെ പറഞ്ഞു ഞങ്ങളെ പേടിപ്പിക്കുന്നത്"
എന്ന് പലരും ചോദിച്ചേക്കാം. ചോദ്യം ശരിയാണ് നമ്മൾ അങ്ങനെ പേടിക്കേണ്ടതില്ല. പക്ഷെ ഭൂമിയുടെ
വയസ്സുവച്ചുനോക്കുമ്പോൾ നാം ഇപ്പറഞ്ഞ ഇടവേളയൊക്കെ ചെറിയ കാലഘട്ടം ആണ്. മില്യൺ വര്ഷം നിങ്ങൾക്കും എനിക്കും വളരെ വലുതാണ്. കാരണം നമ്മുടെ
ആയുസ്സു ഒരുപക്ഷെ പരമാവധി 90-95 ഒക്കെയാണ്. സാധാരണ ഒരു പൂമ്പാറ്റക്ക് 24 മണിക്കൂർ ആണ്
ആയുസ്സു. അതിനെ സംബന്ധിച്ച് ഒരുവർഷം വളരെ വലുതാണ്. ഭൂമിക്ക് ഒരു ബർത്ത് സർട്ടിഫിക്കറ്റ്
ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ , അത് 4-5 ബില്യൺ എന്ന് കാണിക്കുമായിരുന്നു. ഇനി അതിനെ
മില്യൺ ആയി താരതമ്യം ചെയ്യൂ, അപ്പോൾ കാണാം മില്യൺ വളരെ ചെറുതാണെന്ന്.
1990-ഇൽ പ്രസിദ്ധ പാലിയെന്റോളോജിസ്റ്റും പ്രകൃതി
ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലീക്കി , തന്റെ മുന്നിൽ മറനീക്കിവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ
പ്രഖ്യാപിച്ചതാണ്, മനുഷ്യൻ ഇന്ന് ആറാം അണഞ്ഞുപോകലിന്റെ, അതെ ഒരു കൂട്ടക്കൊലയുടെ വക്കിൽ
നിൽക്കുകയാണെന്ന ആ വസ്തുത. ഇന്ന് ബഹിഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ പിന്തുണക്കുന്നു.
NB : കൂടുതൽ വായിക്കാൻ : The Sixth Extinction :An Unnatural History by Elizebeth Kolbert