Monday, 5 November 2018

ഉന്മൂല നാശത്തിൽനിന്നും ഒരു പലായനം



പഴയ നിയമത്തിൽ യഹോവ, രണ്ടുതവണ ഭൂമിയിൽ കൂട്ടക്കുരുതി നടത്തുന്ന കഥയുണ്ട്. തീർച്ചയായും അതിൽനിന്നും ചിലരെ രക്ഷിക്കുന്നുണ്ട്. അത്തരം കൂട്ടക്കുരുതികളിൽ ഒന്ന് സൊദോം, ഗോമറ എന്ന രണ്ടു നഗരങ്ങളെ ആകാശത്തിൽനിന്നും അന്ഗ്നിയും ഗന്ധകവും വർഷിച്ചു നശിപ്പിക്കുന്നതാണ്. യഹോവെക്കു ഇഷ്ട്ടപ്പെട്ട ലോത്തും അദ്ദേഹത്തിൻറെ കുടുംബത്തിലെ ചിലരും അതിൽനിന്നും രക്ഷപെടുന്നുണ്ട്.

ഇതിനും നൂറ്റാണ്ടുകൾക്കു മുൻപ് മറ്റൊരു വൻ നശീകരണം നടത്തുന്നുണ്ട് യഹോവ. ഇത്തവണ ആയുധം വെള്ളപ്പൊക്കം ആയിരുന്നു. നാൽപ്പതു രാവും നാൽപ്പതു പകലും തുടർച്ചയായി മഴ പെയ്തു. ഇപ്രാവശ്യം യഹോവ അൽപ്പം കൂടി ദയ കാണിച്ചു. അദ്ദേഹത്തിൻറെ ഇഷ്ടക്കാരനായിരുന്ന നോഹയോടും കുടുംബത്തോടും വലിയൊരു പേടകം പണിയാൻ അദ്ദേഹം കൽപ്പിച്ചു. ആ പേടകത്തിൽ ലോകത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലകങ്ങളുടെയും, ഒരാണും ഒരു പെണ്ണും, അങ്ങനെ ഓരോ ഇണകളെയും കൂടി കയറ്റി രക്ഷിക്കപ്പെട്ടു.

കടുത്ത വിശ്വാസികൾ കരുതുന്നത് ആ വെള്ളപ്പൊക്കത്തിൽ ആണ് ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് എന്നാണ്. പക്ഷെ, അങ്ങനെയെങ്കിൽ നോഹയുടെ ആ പേടകത്തിൽ പാവം ദിനോസറിന്റെ രണ്ടു പ്രതിനിധികളെയും കൂടി എന്തുകൊണ്ട് കയറ്റിയില്ല എന്ന പ്രശ്നം ഉയരുന്നുണ്ട്.  അതിനും അവർക്കു മറുപടി ഉണ്ട്. ഏതാണ്ട് 120  അടിയോളം നീളവും 110-120  ടൺ തൂക്കവുമുണ്ട് ചില ദിനോസറുകൾക്കു. അവയെ എങ്ങനെ ഒരു പേടകത്തിൽ കയറ്റും? 

പക്ഷെ യഥാർത്ഥത്തിൽ വിചാരിച്ചാൽ നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കാരണം ബൈബിളിൽത്തന്നെ പറയുന്നത് നോഹയുടെ പേടകത്തിന് 300  ക്യൂബിറ്റു നീളവും 50  ക്യൂബിറ്റു വീതിയും 30  ക്യൂബിറ്റു ഉയരവും ഉണ്ടായിരുന്നു എന്നാണ്. ക്യൂബിട് എന്ന ഹിബ്രു വാക്കിനു മുൻകയ്യ്‌ എന്നൊക്കെയാണ് അർദ്ധം, അതായത് നമ്മൾ ഒരു മുഴം എന്നൊക്കെ പറയുന്നില്ലേ അതുതന്നെ. അതായത് ഏതാണ്ട് 18-20  ഇഞ്ചോളം വരും.  അങ്ങനെ നോക്കിയാൽ നോഹയുടെ പേടകത്തിന് ഏതാണ്ട് 500  അടി നീളവും  80  അടി വീതിയും 50  അടി ഉയരവും, ഏതാണ്ട് 20  ലക്ഷം ഘനഅടി വ്യാപ്തം. അതായത് നോഹ വിചാരിച്ചിരുന്നെങ്കിൽ കഴിഞ്ഞേനെ എന്നർദ്ധം. 

പക്ഷെ  ശാസ്ത്രീയ  നിഗമനങ്ങൾ  ഇതുമായി  ഒത്തുപോകുന്നതല്ല.  കാരണം ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നത്  ഏതാണ്ട് 65  മില്യൺ  വര്ഷങ്ങള്ക്കു മുൻപാണ്. അന്ന് എന്തായാലും നോഹയും അദ്ദേഹത്തിൻറെ പേടകവും ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല. 

നോഹയുടെയും പേടകത്തിന്റെയും കഥ അവിടെ നിൽക്കട്ടെ, ഭൂമിയുടെ കഴിഞ്ഞ 500 മില്യൺ വർഷത്തെ ചരിത്രം എടുത്താൽ കുറഞ്ഞത്, ഇതുപോലെ അഞ്ചു കൂട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്, 450  മില്യൺ വര്ഷങ്ങള്ക്കു മുൻപ് ആദ്യത്തേതും, പിന്നീട് 360  മില്യൺ വര്ഷം, 250 മില്യൺ, 200 മില്യൺ, ഏറ്റവും അവസാനത്തെ, ദിനോസറുകൾ എല്ലാം നശിച്ച, 65  മില്യൺ വര്ഷം മുൻപ്.  65  മില്യൺ വര്ഷങ്ങള്ക്കു മുൻപ്, ഏതാണ്ട് ആറ് മൈൽ വലുപ്പം ഉള്ള ഒരു ആസ്ട്രോയിഡ് 22000  മൈൽ വേഗതയിൽ വന്നു ഭൂമിയെ ഇടിച്ചതാവണം അന്നത്തെ നാശത്തിനു ഉറവിടം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഏതാണ്ട് നൂറുകോടി കൊല്ലങ്ങൾക്കുള്ളിൽ ഇതുപോലുള്ള പത്തു കൂട്ടിയിടിക്കെങ്കിലും സാധ്യത ഉണ്ടെന്നാണ് ശാസ്ത്രജ്ഞമാരുടെ കണക്ക്. അതായത് ഒരു സർവനാശം ഉറപ്പ്‌. 

പക്ഷെ, ആശ്വാസത്തിന് ധാരാളം വഴികൾ ഉണ്ട്. ഇന്നത്തെ മനുഷ്യന്റെ സാങ്കേതിക വളർച്ചയുടെ തോത് നോക്കിയാൽ അപ്പോഴേക്കും അത്തരം കൂട്ടി ഇടികളെ ഒഴിവാക്കാനുള്ള സാങ്കേതിക വളർച്ചയിലേക്ക് മനുഷ്യൻ എത്തും എന്നത് ഉറപ്പാണ്. എന്നാലും പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല. നൂറു കോടി കൊല്ലം കഴിയുമ്പോൾ സൂര്യൻ അതിന്റെ വാർധ്യക്യ കാല ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ഇന്നത്തെ അതിന്റെ വലുപ്പത്തിന്റെ ഒരു 10% കൂടി അത് വികസിക്കും. ഭൂമിയിലെ സമുന്ദ്രങ്ങൾ എല്ലാം വറ്റി വരളും, ഭൂമിയുടെ ചൂട് ഒരു 700  ഡിഗ്രി ഫാരൻഹീറ്റ്‌ ആയി ഉയരും. അപ്പോൾ മനുഷ്യന് ഒന്നുകിൽ ഭൂമിയിൽ നിന്നും രക്ഷപ്പെടുക അല്ലെങ്കിൽ നശിക്കുക എന്ന രണ്ടു വഴികളിൽ ഒന്ന് തെരെഞ്ഞെടുക്കേണ്ടിവരും.

ചൊവ്വാ ഗൃഹത്തിലേക്ക് രക്ഷപെടാം നമുക്ക്. അവിടെ ഒരു നാൽപ്പതു അടി താഴ്ചയിൽ ഐസിന്റെ രൂപത്തിൽ ധാരാളം വെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. അങ്ങനെ കുറച്ചുനാൾ കഴിയാം. പക്ഷെ 450  കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിലുള്ള ഹൈഡ്രജൻ എല്ലാം ഹീലിയം ആയി മാറും, സൂര്യൻ ഒരു ചുവന്ന നക്ഷത്രം ആയി മാറും , ഇന്നത്തെ സൂര്യന്റെ 250  മടങ്ങു വലുപ്പമുള്ള ഒരു ചവുവന്ന ഭീമൻ. സൗരയൂഥത്തിലെ ബുധൻ, ശുക്രൻ , ഭൂമി എല്ലാം സൂര്യൻ വിഴുങ്ങും ചൊവ്വ തിളച്ചുമറിയുന്ന ഒരു ഒരു ശവപ്പറമ്പ് ആയി മാറും. 

പക്ഷെ നമുക്ക് ഇനിയും വഴികൾ ഉണ്ട്, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ  ഇടം ഉണ്ട്.

പക്ഷെ ഒരു 1300  കോടി കൊല്ലങ്ങൾകൂടി കഴിയുമ്പോൾ സൂര്യൻ തന്റെ പുറം പാളികൾ പുറത്തേക്കു വലിച്ചെറിഞ്ഞു കത്തിയണഞ്ഞു ഒരു 'വെള്ളക്കുള്ളൻ' ആയി പ്രകാശം നശിച്ചു അങ്ങനെ അലയാൻ തുടങ്ങും. അപ്പോൾ നമ്മുടെ ടൈറ്റൻ വെറും ഒരു ഐസ് കട്ടയായി മാറും. പിന്നീട് നമുക്കുള്ള ഏക പോംവഴി ഏതാണ്ട് നാല് പ്രകാശവർഷം അകലെയുള്ള പ്രോക്സിമ സെഞ്ചുറി എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഒരു  ഗ്രഹം കണ്ടെത്തുക മാത്രമാണ്.

കഷ്ടകാലം അവിടെകൊണ്ടു അവസാനിക്കും എന്ന് കരുതേണ്ടാ. പ്രപഞ്ചോല്പത്തിയുടെ ഇന്നത്തെ നമ്മുടെ ധാരണ അനുസരിച്ചു, ഒന്നുകിൽ ഈ പ്രപഞ്ചം വികസിച്ചു വികസിച്ചു അനന്തതയിൽ വിലയം പ്രാപിക്കും, അല്ലെങ്കിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിൽ അവസാനിക്കും. ഇതിൽ എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാൻ, പക്ഷെ, നമുക്ക് 10^18  വര്ഷം കാത്തിരിക്കേണ്ടിവരും എന്ന് മാത്രം.
എന്തായാലും ഇവിടെനിന്നും രക്ഷപെട്ടേ പറ്റൂ.

നമ്മളോടാ കളി, ബിഗ് ബാങ്ങിന്റെ ആദ്യ നിമിഷാർത്ഥങ്ങളിൽ (10^-30  സെക്കൻഡ്) ഉണ്ടായ ചില സ്പേസ്-ടൈം മറ്റു പ്രപഞ്ചങ്ങളായി വികസിച്ചിട്ടുണ്ടാവണം. അതിൽ ഏതെങ്കിലും ഒരു പ്രപഞ്ചം കണ്ടുപിടിക്കണം. പക്ഷെ അതിലുമുണ്ട് പ്രശ്നങ്ങൾ. ആ പ്രപഞ്ചങ്ങളിൽ നമ്മുടെ ഭൗതിശാസ്തത്തിൽ നിന്നും വളരെ വ്യത്യസ്തമായ നിയമങ്ങൾ ആണ് നിലനിൽക്കുന്നതെങ്കിലോ? ഉദ്ദാഹരണത്തിനു കാലം തിരിച്ചാണ് സഞ്ചരിക്കുന്നതെങ്കിലോ? അതായത് ഭാവിയിൽനിന്നും ഭൂതകാലത്തിലേക്ക് !!

Thursday, 1 November 2018

ശിഖണ്ഡി



ഇനി ഒരു കഥ ആവട്ടെ. കഥപറയാൻ നമ്മുടെ നാട്ടുകാരെ വെല്ലാൻ ലോകത്തിൽ ആരും ഉണ്ടായിട്ടില്ല. കഥയുടെ ആശാന്മാർ എന്ന് പറയപ്പെടുന്ന ഗ്രീക്കുകാർ പോലും. കഥ പറയുമ്പോൾ ആണിന്റെയും പെണ്ണിന്റെയും കഥയാണല്ലോ എല്ലായിപ്പോഴും. ഇവിടെ ഇതാ ആണും പെണ്ണുമല്ല എന്ന് തെറ്റിദ്ധരിച്ച ഒരു കഥാപാത്രം. ഒരേസമയം ആണും പെണ്ണും ആയിരുന്ന ഒരു ദുരന്ത കഥാപാത്രം. വ്യാസ ബുദ്ധിയിൽ നിന്നും ജനിച്ച ഒരു ദുരന്ത കഥാപാത്രം.

'ശിഖണ്ഡി' എന്ന പേര് 'ആണും പെണ്ണുമല്ലാത്ത' എന്ന അർഥത്തിലാണ് നാം സാധാരണ ഉപയോഗിക്കുന്നത്. മഹാഭാരതത്തിൽ പാഞ്ചാലിയുടെയും ധൃഷ്ടധുമന്റെയും മൂത്ത ആളായിരുന്നു അയാൾ.  എന്നാൽ ശിഖണ്ഡി ഒരിക്കിലും അങ്ങനെ ആയിരുന്നില്ല. പെണ്ണായി ജനിച്ചു, കുറേനാളുകൾക്കുശേഷം ആണായി മാറി, അങ്ങനെതന്നെ മരിച്ചു.

മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഉപപർവമാണ് അംബോപാഖ്യാന പർവ്വം. ഇതിലാണ് അബയുടെ കഥ വിശദമായി പറയുന്നത്. ഭീഷ്മർ തന്റെ അനുജനുവേണ്ടി (വിചിത്രവീരൻ)  കാശിരാജാവിന്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്ന കന്യകമാരെ ബലമായി പിടിച്ചുകൊണ്ടുവരുന്നതും, അംബയുടെ അപേക്ഷപ്രകാരം അവളെ വിട്ടയക്കുന്നതും. കാമുകനാൽ  തിരസ്കൃതയായ അംബ തിരിച്ചു ഭീഷ്മരുടെ അടുത്തെത്തുന്നതും, തുടർന്ന് ഭീഷ്മ-പരശുരാമ യുദ്ധവുമെല്ലാം നാം കേട്ടിട്ടുള്ള കഥകളാണ്. പിന്നീടുള്ള ചിലതു അത്രയൊന്നും കേൾക്കാത്ത കഥയാണ്. അവിടെയാണ് ശിഖണ്ഡിയുടെ കഥ വരുന്നത്.
 
നിരാശയായി അംബ, ശിവനെ തപസ്സുചെയ്തു ദേഹ ത്യാഗത്തിനൊരുങ്ങുന്നു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട്, എന്ത് വരം വേണമെന്ന് അംബയോടു ചോദിക്കുന്നു. ഭീഷ്മരെ കൊല്ലാനുള്ള വരമാണ് വേണ്ടതെന്നു അംബ പറഞ്ഞു. 'അങ്ങനെ തന്നെ സംഭവിക്കും' എന്ന് ശിവൻ അനുഗ്രഹിക്കുന്നു. അപ്പോൾ അംബ ശിവനോട്  വീണ്ടും ചോദിച്ചു 'ഭഗവാനെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ഭീഷ്മരെ വധിക്കും?' ശിവൻ പറഞ്ഞു 'ദേഹാന്തരം സംഭവിച്ചുകഴിഞ്ഞാൽ നിനക്ക് പുരുഷത്വം ലഭിക്കും, ദ്രുപദകുലത്തിൽ നീ മഹാരഥിയായി വളരും'. സംതൃപ്തയായ അംബ, അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു.  

ആയിടക്ക് പുത്രന്മാർ ഒന്നും ഉണ്ടാവാത്ത ദ്രുപദ രാജാവും ഭാര്യയും ശിവനെ തപസ്സുചെയ്യ്തു പ്രത്യക്ഷപ്പെടുത്തി. തപസ്സിന്റെ ലക്‌ഷ്യം അറിഞ്ഞ ശിവൻ 'കന്യകയായ ഒരു പുത്രൻ' ഉണ്ടാവുമെന്ന് അനുഗ്രഹിച്ചു മറഞ്ഞു. വരം എന്താണെന്ന് കൃത്യമായി മനസ്സിലാവാത്ത രാജാവ് ' തങ്ങളെ  പുത്ര സവ്ഭാഗ്യത്തിന് ശിവൻ അനുഗ്രഹിച്ചു' എന്ന് രാജ്യം മുഴുവൻ വിളംബരം ചെയ്തു അറിയിച്ചു. പത്തുമാസം കഴിഞ്ഞപ്പോൾ രാഞ്ജി ഒരു പുത്രിയെ പ്രസവിച്ചു. നിരാശരായ രാജാവും രാഞ്ജിയും വിവരം പുറത്തു അറിയിച്ചില്ല. വളരെ വിശ്വസ്തയായ ഒരു തോഴിയുടെ സഹായത്താൽ കുഞ്ഞിനെ ആണ്കുട്ടിയായി വളർത്തി, ശിഖണ്ഡി എന്ന് പേരും നൽകി. ആണ്കുട്ടിയായി വളർന്ന ശിഖണ്ഡിരാജകുമാരി അസ്ത്ര ശാസ്ത്രാഭ്യാസങ്ങളിൽ വളരെ മികവ് പുലർത്തി. ക്രമേണ ദ്രോണരുടെ കീഴിൽ സകല അസ്ത്രവിദ്യയും പഠിച്ചു ഒരു മഹാരഥിയായി മാറി. 

യൗവനത്തിൽ എത്തിയ ശിഖണ്ഡിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. വിഷമഘട്ടത്തിലായ പാഞ്ചാലൻ ഒടുവിൽ വീര-ശൂര പരാക്രമിയായ ദാശാർണ്ണ രാജാവായ  ഹിരണ്ണ്യവർമ്മന്റെ പുത്രിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. വിവാഹശേഷം ദമ്പതിമാർ കാമ്പല്യപുരിയിൽ എത്തി. അന്ന് രാത്രി, താൻ ഒരു സ്ത്രീ ആണെന്നുള്ള സത്യം ശിഖണ്ഡി, തന്റെ ഭാര്യയെ അറിയിച്ചു. ദുഖിതയായ രാജകുമാരി തന്റെ അച്ഛനെ ഉടൻ വിവരം അറിയിച്ചു. ചതിയിൽപ്പെട്ടത് മനസ്സിലായ ഹിരണ്ണ്യവർമ്മൻ പാഞ്ചാലനോട് യുദ്ധത്തിന് തയാറായിക്കുള്ളുവാൻ അറിയിച്ചു ആളയച്ചു. നാണക്കേടും പേടിയും കൊണ്ട് മൃതപ്രായനായ പാഞ്ചാലൻ നിരവധി ഒത്തുതീർപ്പു വ്യവസ്ഥകൾ മുന്നോട്ടു വച്ച് നോക്കി. എന്നാൽ ഹിരണ്ണ്യവർമ്മൻ യുദ്ധത്തിൽ തന്നെ ഉറച്ചു നിന്ന്. 

താൻ മൂലം തന്റെ അച്ഛനും രാജ്യവും ചെന്നുപെട്ട അപകടത്തിൽ മനംനൊന്തു ശിഖണ്ഡി, പ്രാണത്യാഗത്തിനായി കാട്ടിലേക്ക് ഓടിപ്പോയി. ശിഖണ്ഡി ചെന്നുപെട്ടത്, സ്ഥൂലാകർണ്ണൻ എന്ന യക്ഷന്റെ മുൻപിലാണ്. കഥ മുഴുവൻ കേട്ട യക്ഷന് ശിഖണ്ഠിയോടു അതിരറ്റ അനുകമ്പ തോന്നി. കുറേക്കാലം കഴിഞ്ഞു തിരിച്ചുനൽകണം എന്ന വ്യവസ്ഥയിൽ, യക്ഷൻ, തന്റെ പുരുഷത്വം ശിഖണ്ഡിയുടെ സ്ത്രീത്വവുമായി വച്ച് മാറി. ശിഖണ്ഡി തിരിച്ചു നാട്ടിൽ എത്തി. അമ്മായിഅച്ഛന്റെ മുൻപിൽ തന്റെ പുരുഷത്വം തെളിയിച്ചു ഭാര്യയുമായി സുഖമായി കുറച്ചുകാലം കഴിഞ്ഞു.

ആയിടക്ക് യക്ഷരാജാവായ കുബേരൻ, സ്ഥൂലാകർണന്റെ വീട്ടിൽ എത്തി. നാണക്കേടുകൊണ്ടു യക്ഷൻ, കുബേരനെ സ്വീകരിക്കുവാൻ മടിച്ചു മറഞ്ഞുനിന്നു. മറ്റു യക്ഷന്മാരിൽനിന്നും കാര്യം ഗ്രഹിച്ച കുബേരൻ, 'ഈ പാപിക്ക് സ്ത്രീത്വം നിലനിൽക്കട്ടെ' എന്ന് ശപിച്ചു. മനസ്തപിച്ചു, പാപമോക്ഷത്തിനായി കേണ സ്ഥൂലാകർണ്ണനു, ശിഖണ്ഡിയുടെ മരണശേഷം മാത്രം പുരുഷത്വം തിരുച്ചു കിട്ടും എന്ന് ശാപമോക്ഷം നൽകി കുബേരൻ മറഞ്ഞു. പിന്നീട്, കുരുക്ഷേത്ര യുദ്ധത്തിനുശേഷം, അശ്വദ്ധാമാവിനാൽ കൊല്ലപ്പെടുന്നതുവരെ ശിഖണ്ഡി പുരുഷനായി തന്നെ ജീവിച്ചു.

'ആണും പെണ്ണുമല്ലാത്തവരോട് ഞാൻ യുദ്ധം ചെയ്യില്ല' എന്ന് ഭീഷ്മർ പറഞ്ഞു എന്നാണു നാം പലപ്പോഴും കേൾക്കുന്നത്. അതും വാസ്തവ വിരുദ്ധമാണ്. 'ഞാൻ സ്ത്രീകളോടും, സ്ത്രീയായി ജനിച്ചവരോടും യുദ്ധം ചെയ്യില്ല' എന്നാണു ഭീഷ്മർ പറഞ്ഞത്. പത്താം നാൾ തന്നെ വന്നു കണ്ട യുധിഷ്ടരനോട് ഭീഷ്മർ പറയുന്നത് ഇങ്ങനെയാണ്. "നിന്റെ സൈന്യത്തിൽ ദ്രുപദപുത്രനായ ഒരു മഹാരാധനില്ലേ? സമരാമർഷിയും, ശൂരനും പോരിൽ വിജയിയുമായ ഒരുത്തൻ. അവന്റെ വിവരങ്ങൾ ഒക്കെ നിങ്ങള്ക്ക് അറിവുള്ളതാണ്. മുൻപേ പെണ്ണായി പിറന്നവനും പിന്നീട് ആണായിത്തീർന്നവരുമാണ് അവൻ. ആ ശിഖണ്ടിയെ മുന്നിൽ നിറുത്തി അർജ്ജുനൻ എന്നെ എതിർക്കട്ടെ"  

വ്യാസ മഹാഭാരതത്തിൽ കഥ ഇങ്ങനെയാണ്.